ലോകം കീഴടക്കിയ ഗൂഗിൾ ക്രോമിന് പത്താം പിറന്നാൾ

ഗൂഗിൾ ക്രോം ബ്രൗസറിനു 10 വയസ്. വെബ് ബ്രൗസിങ്ങിൽ പുതിയ അധ്യായത്തിനു തുടക്കമിട്ടുകൊണ്ട് 2008 സെപ്റ്റംബർ രണ്ടിനാണ് ഗൂഗിൾ ക്രോം ബ്രൗസർ പുറത്തിറക്കിയത്. വിൻഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള ബീറ്റ വേർഷനായി പുറത്തിറങ്ങിയ ക്രോം ഡിസംബറിൽ സ്റ്റേബിളായി. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ആകെ  ഒരു ശതമാനം ഉപയോക്താക്കളെ നേടി ജൈത്രയാത്ര തുടങ്ങി. 2009 ജൂണിൽ ആപ്പിൾ മാക് കംപ്യൂട്ടറുകൾക്കുള്ള പതിപ്പും പിന്നാലെ ലിനക്സ് പതിപ്പും പുറത്തിറങ്ങി. തുടർച്ചയായ അപ്ഡേറ്റുകൾ ക്രോമിനെ മികവുറ്റതാക്കിയതോടെ ഉപയോക്താക്കളുടെ എണ്ണം വർധിച്ചു. 

മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ സാങ്കേതികമായി ദയനീയദശയിൽ നിൽക്കുമ്പോൾ എത്തിയ ക്രോം വളരെ വേഗം ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ കത്തിക്കയറി. സ്വതന്ത്ര സോഫ്റ്റ്‍വെയറായ മോസില ഫയർഫോക്സ് അപ്പോൾ പ്രചാരം നേടി വരുന്നതേയുള്ളൂ. മറ്റു ബ്രൗസറുകളുടെ സവിശേഷതകൾ അതിവേഗം സ്വീകരിച്ച് മികവു കൈവരിച്ച ക്രോം എച്ച്ടിഎംഎൽ5 സാങ്കേതികവിദ്യയിലൂന്നിയ പതിപ്പുകളിലേക്കു കടന്നതോടെ വെബ് ബ്രൗസറുകളുടെ രാജാവായി മാറുകയായിരുന്നു.

ഇന്ന് ക്രോമിനോടൊപ്പം നിൽക്കുന്ന തരത്തിൽ മെച്ചപ്പെടുത്തിയ മറ്റു ബ്രൗസറുകളെല്ലാം കടുത്ത മൽസരവുമായി ഒപ്പമുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ, ഫയർഫോക്സ്, ഒപേറ ബ്രൗസറുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ക്രോമിനോട് മൽസരിക്കുന്നെങ്കിലും അറുപത് ശതമാനത്തിലേറെ ഉപയോക്താക്കൾ ക്രോമിനോടൊപ്പമാണ്. പത്താം പിറന്നാളിനോടനുബന്ധിച്ച് പാസ്‍വേഡ് മാനേജ്മെന്റിലും സേർച്ച് ബോക്സിലും ഒട്ടേറെ പുതുമകളുമായി അപ്ഡേറ്റും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ക്രോം വേർഷൻ 69 ആണ് പുതുമകളോടെ വിവിധ പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റിന് എത്തിയിരിക്കുന്നത്.