‘തിരഞ്ഞെടുപ്പിൽ ഗൂഗിളിനെ കണ്ടുപോകരുത്’– റഷ്യൻ മുന്നറിയിപ്പ്

പല രാജ്യങ്ങളും അമേരിക്കന്‍ വ്യവസായ ഭീമന്മാര്‍ എത്രമാത്രം അവരുടെ രാജ്യങ്ങളില്‍ വേരാഴ്ത്തിയെന്ന് അറിഞ്ഞു വരുന്നതെയുള്ളു. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും സുപ്രധാന കാര്യമായ തിരഞ്ഞെടുപ്പു പോലും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവരാണ് പല ഇന്റര്‍നെറ്റ് ഭീമന്മാരും. അവര്‍ക്ക് നേരിട്ടു താൽപര്യമില്ലെങ്കില്‍ അതാതു രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സേവനം തേടാമെന്നാതാണ് സ്ഥിതി. അമേരിക്കന്‍ തിരഞ്ഞെടുപ്പ്, ബ്രെക്‌സിറ്റ് തുടങ്ങി രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പോലും ടെക് ഭീമൻമാർ ഇടപെടല്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട്, ഇതില്‍ നിന്നെല്ലാം മാറിനിൽക്കാൻ സാധിച്ച ലോകത്തെ ഏക രാജ്യം ചൈനയാണ്.

എന്നാൽ പുതിയാതായി വെളിപാടു ലഭിച്ച രാജ്യം റഷ്യയാണ്. രാജ്യത്ത് അടുത്തു നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് അവര്‍ ഗൂഗിളിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. റഷ്യയുടെ കാര്യത്തില്‍, അത് ജനാധിപപത്യ പ്രക്രിയ നേരാംവണ്ണം നടക്കാനാണോ, അതോ മറ്റെന്തെങ്കിലും കാര്യമുണ്ടോ എന്നത് സംശയാസ്പദമാണെന്നു വേണമെങ്കില്‍ പറയാം. കാരണം അവര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത് പ്രതിപക്ഷ നേതാവായ അലക്‌സെയ് നവല്‍നിയുടെ വിഡിയോ യുട്യൂബില്‍ ഹോസ്റ്റു ചെയ്യരുതെന്നാണ്. അലക്‌സെയ് ആവശ്യപ്പെടുന്നത് വ്യാപകമായി പ്രതിഷേധസമരം അഴിച്ചു വിടാനുമാണ്.

റഷ്യയുടെ ഇലക്ടോറല്‍ കമ്മിഷനും, പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഒഫീസും, ഇന്റര്‍നെറ്റ് വാച്‌ഡോഗും ഒരു മീറ്റിങ്ങില്‍ ആരോപിച്ചത് ഗൂഗിളിന്റെ സര്‍വീസുകളിലൂടെ അലക്‌സെയ് നിയമപരമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ്. ഇതു നിർത്തിയില്ലെങ്കില്‍ കമ്പനിയെ ചിലപ്പോള്‍ പ്രോസിക്യൂട്ടു ചെയ്‌തേക്കുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗൂഗിളിന്റെ വക്താവ് ഇതിനോട് കൃത്യമായി പ്രതികരിക്കാന്‍ വിസമ്മതിച്ചു. സർക്കാരിന്റെ ഗൗരവമുള്ള എല്ലാ അപേക്ഷകളും പരിഗണിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്.

കേന്ദ്ര ഇലക്‌ഷന്‍ കമ്മിഷന്‍ അംഗം അലക്‌സാണ്ടര്‍ ക്ലിയുകിന്‍ പറഞ്ഞത് താന്‍ ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക കത്ത് ഗൂഗിളിന്റെ ഉടമയായ ആല്‍ഫബെറ്റിന്റെ സിഇഒ ലാറി പേജിനു നല്‍കിക്കഴിഞ്ഞു എന്നാണ്. നവല്‍നിയുടെ യുട്യൂബിലൂടെയുള്ള പ്രചാരണമാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ വിമര്‍ശകനായ നവല്‍നി ഇലക്‌ഷന്‍ ദിവസം പ്രതിഷേധിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. നവല്‍നി ഇപ്പോള്‍ 30 ദിവസത്തെ തടവിലാണ്.

നവല്‍നി ഗൂഗിളിന്റെ പരസ്യ ടൂളുകള്‍ വാങ്ങി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്കു തോന്നുന്ന വിവരങ്ങള്‍ യുട്യൂബില്‍ പ്രസിദ്ധീകരിക്കുന്നു. ഇത് ഇല‌ക്‌ഷന്‍ ദിവസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ടാണ് തങ്ങള്‍ ഗൂഗിളിനു കത്തെഴുതിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. 

ഒരു വിദേശ കമ്പനി ഞങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നത് അനുവദനീയമല്ലെന്നും അവര്‍ പറയുന്നു. ഗൂഗിള്‍ ഒരു വൻകിട അമേരിക്കന്‍ കമ്പനിയാണെന്നും അതിനെ അമേരിക്ക അവരുടെ തിരഞ്ഞെടുപ്പില്‍ ഇടപെടാനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അതേസമയം, അമേരിക്കയില്‍ അടുത്തു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് അമേരിക്കയും മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.