Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃസഹോദരൻ പീഡിപ്പിച്ചു കൊന്നതാണോ, അതോ ഇന്റർനെറ്റിലെ ഇരുണ്ട ശക്തികളോ?

searchin-movie

‘എനിക്കെന്റെ മകളെപ്പറ്റി ഒന്നുമറിയില്ല... ഒന്നും...’

ഒരു ഘട്ടത്തിൽ ഡേവിഡ് കിം ആ ഡിറ്റക്ടീവിനു മുന്നിൽ മനസ്സു തുറന്നത് അങ്ങനെയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഡേവിഡിന്റെ മകൾ മാർഗോയെ കാണാതായത്. കോളജിൽ പഠിക്കുകയാണവൾ. അമ്മ പമേലയുടെ മരണശേഷം അച്ഛനും മകളും തമ്മിൽ അത്ര അടുപ്പമൊന്നുമില്ല. പക്ഷേ ഡേവിഡിന് ഇപ്പോഴും മാർഗോ കൊച്ചുകുട്ടിയാണ്. അവളുടെ പഴയ സ്കൂൾ വിഡിയോകളും അമ്മയ്ക്കൊപ്പമുള്ള ടൂർ ഫോട്ടോകളുമൊക്കെ കാണുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷം. എന്നാൽ ആ രാത്രി മാർഗോ ഗ്രൂപ്പ് സ്റ്റ‍‍ഡിക്കെന്നു പറഞ്ഞാണു പാതിവഴിയിൽ വിഡിയോ കോൾ നിർത്തി പോയത്. പതിനൊന്നോടെ ഡേവിഡ് ഉറങ്ങി. അതുകഴിഞ്ഞ് രാത്രിയിൽ മൂന്നു തവണ മാർഗോ അയാളെ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം അതറിഞ്ഞത് രാവിലെ മാത്രം. 

മാർഗോയെ ഫോൺ വിളിച്ച് കിട്ടുന്നില്ല. മെസേജുകൾക്കും മറുപടിയില്ല. അന്വേഷിച്ചു ചെല്ലുമ്പോൾ മുറിയിൽ അവളുടെ ലാപ്ടോപ് മാത്രമുണ്ട്. പിയാനോ ക്ലാസിനു പോയതാകുമെന്നാണു കരുതിയത്. പക്ഷേ ആറു മാസം മുൻപേ അവൾ പിയാനോ ക്ലാസ് നിർത്തിയത്രേ! മാത്രവുമല്ല കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അവൾ ഗ്രൂപ്പ് സ്റ്റഡിക്കും വന്നിട്ടില്ല. ഡേവിഡ് നൽകിയ 2500 ഡോളർ ഒരു മൊബൈൽ ആപ് വഴി കൈമാറ്റം ചെയ്തതായി മാത്രം വിവരം ലഭിച്ചു. അതിനിടെ ഡേവിഡിന്റെ സഹോദരൻ പീറ്ററാണു പറഞ്ഞത്–അവൾ എവിടെയെങ്കിലും കറങ്ങാൻ പോയതായിരിക്കുമെന്ന്...

പക്ഷേ ആ പിതാവ് അപകടം മണത്തു. പൊലീസിൽ വിവരമറിയിച്ചു. ഡിറ്റക്ടീവ് റോസ്മേരി വിക്കിനായിരുന്നു അന്വേഷണച്ചുമതല. മാർഗോയെപ്പറ്റി പരമാവധി കാര്യങ്ങൾ അറിയിക്കാനായിരുന്നു റോസ്മേരിയുടെ നിർദേശം. അങ്ങനെയാണ് മാർഗോയുടെ ഫെയ്സ്ബുക് അക്കൗണ്ടിലേക്ക് ഡേവിഡ് നുഴഞ്ഞു കയറുന്നത്. ഫ്രണ്ട്സ് ലിസ്റ്റിലെ ആരെയും വിടാതെ ചാറ്റു ചെയ്തു. പക്ഷേ അന്വേഷണമെത്തിയത് മാർഗോയ്ക്ക് അടുത്ത സുഹൃത്തുക്കളാരുമില്ല എന്ന സത്യത്തിലേക്കായിരുന്നു. മാത്രവുമല്ല ഡേവിഡിനോട് അവൾ പറഞ്ഞതിലേറെയും നുണകളായിരുന്നു. റോസ്മേരിയും ഒരു കാര്യം കണ്ടെത്തി– ഫെയ്സ്ബുക്കിൽ ഒരു ഫെയ്ക്ക് ഐഡിയിലൂടെയായിരുന്നു മാർഗോയുടെ പ്രവർത്തനങ്ങളെല്ലാം. ഡേവിഡിന്റെ പണവും തട്ടി അവൾ സ്ഥലംവിട്ടതാണെന്നായിരുന്നു റോസ്മേരിയുടെ കണ്ടെത്തൽ. ആ നിമിഷമാണ് അയാൾ പറഞ്ഞത്, തനിക്കു മകളെപ്പറ്റി യാതൊന്നും അറിയില്ലെന്ന്...

പക്ഷേ ആ കണ്ണീരിനിടയിലും അദ്ദേഹം ഒന്നുറപ്പിച്ചു. എവിടെ പോയതാണെങ്കിലും മകളെ കണ്ടെത്തണം. അതിന് അദ്ദേഹത്തിനു സഹായവുമായി ആകെക്കൂടിയുണ്ടായിരുന്നത് മാര്‍ഗോയുടെ ലാപ്ടോപ്പും പിന്നെ സ്വന്തം ഫോണുമായിരുന്നു. അതുവഴിയുള്ള അന്വേഷണം അദ്ദേഹത്തെ എത്തിച്ചതാകട്ടെ ഇന്റർനെറ്റിന്റെ ഇരുണ്ട ലോകത്തും. ‘ഒരു തെളിവുപോലും ബാക്കി വയ്ക്കാതെ ആരും അപ്രത്യക്ഷരാകില്ല’ എന്ന സിനിമയുടെ ടാഗ്‌ലൈൻ പോലെത്തന്നെയായിരുന്നു ഇന്റർനെറ്റ് ഡേവിഡിനു മുന്നിൽ തെളിവുകൾ നിരത്തിയിട്ടത്. ഹൈദരാബാദ് സ്വദേശിയായ അനീഷ് ചാഗൻടിയുടെ ആദ്യചിത്രമായ ‘സേർച്ചിങ്ങിന്റെ’ കഥ യഥാർഥത്തിൽ തുടങ്ങുന്നത് ഇവിടെ നിന്നാണ്. 26 വയസ്സേയുള്ളൂ അനീഷിന്. ഓഗസ്റ്റ് 24നു പുറത്തിറങ്ങിയ ഈ ഹോളിവുഡ് ചിത്രം 2018ലെ ഏറ്റവും മികച്ച സൈബർ ത്രില്ലറാണെന്നാണു വിദേശമാധ്യമങ്ങളുടെ വിലയിരുത്തൽ. ‘സൈബർ കാലത്തെ ഹിച്ച്കോക്ക്’ എന്നാണിപ്പോൾ അനീഷിനുള്ള വിശേഷണം. 

എന്നാൽ വെറും എട്ടുമിനിറ്റുള്ള ഷോട്ട് ഫിലിമാക്കാന്‍ താൻ പദ്ധതിയിട്ട ചിത്രമാണ് ഇപ്പോൾ സൂപ്പർഹിറ്റായി മുന്നിൽ നിൽക്കുന്നതെന്ന് അനീഷ് പറയുന്നു. ഗൂഗിളിൽ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട് അനീഷ്. അവിടെ നിന്നാണ് മുഴുവൻ സമയ സിനിമയിലേക്കു തിരിഞ്ഞത്. അതിനാൽത്തന്നെ ടെക്നോളജിയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയാണു സിനിമയുടെ നിർമാണം. പശ്ചാത്തലസംഗീതം പോലും പലപ്പോഴും വരുന്നത് യൂട്യൂബ് വിഡിയോകളിൽ നിന്നാണ്. ചിത്രം ആരംഭിക്കുന്നതു തന്നെ ഒരു പഴയ വിഡിയോ ക്യാമറയിൽ നിന്നുള്ള വിഷ്വലുകളിൽ നിന്നാണ്. ഒരു ഡസനിലേറെ ക്യാമറ ഉപയോഗിച്ചായിരുന്നു ‘സേർച്ചിങ്ങിന്റെ’ ചിത്രീകരണമെന്നും പറയുന്നു അനീഷ്. പക്ഷേ അവയിലേറെയും ഫിലിം ക്യാമറകളായിരുന്നില്ല. ഐഫോൺ, ഡ്രോൺ, ഹാൻഡിക്യാം, ഗോ പ്രോ, കംപ്യൂട്ടർ സ്ക്രീൻ റെക്കോർഡിങ്, ലാപ്ടോപ്, സിസിടിവി, വിവിധ സ്മാർട് ഫോണ്‍ ക്യാമറകളായിരുന്നു അനീഷ് ഉപയോഗിച്ചത്. ഇവയിൽ നിന്നുള്ള വിഡിയോകളെല്ലാം ഉയർന്ന ക്വാളിറ്റിയോടെ അപ്പപ്പോൾ വിവിധ ആപ്ലിക്കേഷനുകളിലേക്കും സോഫ്റ്റ്‌വെയറുകളിലേക്കും മാറ്റി സൂക്ഷിച്ചു. ഓരോ ക്യാമറയ്ക്കും ഓരോ വർക് ഫ്ലോ ആയിരുന്നു. ലൈറ്റിങ്ങിലും അഭിനയത്തിലുമെല്ലാം വന്നു മാറ്റം. എട്ടിഞ്ച് അകലത്തിലുള്ള ചുമരിൽ പതിപ്പിച്ച ബട്ടൻക്യാമറയിൽ നോക്കി അഭിനയിച്ച വിശേഷവും പറയുന്നു ഡേവിഡ് ആയെത്തിയ കൊറിയൻ നായകൻ ജോൺ ചോ.

 കംപ്യൂട്ടർ ഗ്രാഫിക്സിനു പകരം പ്രേക്ഷകനു ലഭിക്കുന്നത് യഥാർഥ കംപ്യൂട്ടർ–സ്മാർട്ഫോൺലോകത്തെ കാഴ്ചകളാണ്. സ്മാർട്ഫോണിലും കംപ്യൂട്ടർ സ്ക്രീനിലുമാണ് ഒന്നേമുക്കാൽ മണിക്കൂറുള്ള ചിത്രത്തിലെ ഏറിയ രംഗങ്ങളും. A-Z എന്നു ലേബൽ ചെയ്ത 26 ഗൂഗിൾ ഡോക്യുമെന്റ്സിലൂടെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഓരോന്നിലും സിനിമയ്ക്കു വേണ്ട ചിത്രങ്ങൾ, ഇ–മെയിൽ, ന്യൂസ് ആർട്ടിക്കിളുകൾ, ടെക്സ്റ്റ് മെസേജുകൾ, ചാറ്റുകൾ ഇവയെല്ലാം തയാറായിരുന്നു. എല്ലാം കൂട്ടിച്ചേർത്താണ് അവസാനം സിനിമ ഒരുക്കിയിറക്കിയത്. ടെക്നോളജിയുടെ അതിപ്രസരമില്ലാതെ, എന്നാൽ അതിൽ ആധാരമാക്കിയെടുത്ത സിനിമയ്ക്ക് അതിനാൽത്തന്നെ പ്രേക്ഷകരും ഏറുകയാണ്. 

searchin-movie-poster

മാർഗോയെ കൊലപ്പെടുത്തിയത് ഡേവിഡിന്റെ സഹോദരൻ തന്നെയാണെന്നായിരുന്നു ആദ്യത്തെ ‘കണ്ടെത്തൽ’. എന്നാൽ അതിനു പിന്നാലെയാണ് ഓൺലൈൻ ‘ശവസംസ്കാരം’ ഉൾപ്പെടെ ചർച്ചയാകുന്ന വിധം അടുത്ത വില്ലനെത്തുന്നത്. സൈബർ ലോകത്തെ ആൾമാറാട്ടത്തിന്റെ അറിയാക്കഥകളും ചിത്രത്തിൽ കാണാം. ആപ്ലിക്കേഷനുകളിലും സോഫ്റ്റ്‌വെയറുകളിലും സ്മാർട്ഫോണിലും കുടുങ്ങിപ്പോകുന്ന തലമുറയുടെ കഥയാണിത്. ഒപ്പം, അതേ സാങ്കേതികവിദ്യയുടെ തന്നെ സഹായത്തോടെ ജീവിതം തിരികെപ്പിടിക്കുന്നവരുടെ കഥയും. സൈബർ ത്രില്ലർ പ്രേമികൾക്ക് വിരുന്നൊരുക്കും ഈ ചിത്രം, കഥ കൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിരിക്കുന്ന സിനിമാറ്റിക് സാങ്കേതികത കൊണ്ടും...