ജിയോയെ നേരിടാൻ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ പോസ്റ്റ് പെയ്ഡ് നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചു. പുതിയ വരിക്കാരെ സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 399 പ്ലാനിൽ ഓരോ മാസവും 20 ജിബി അധിക ഡേറ്റ നൽകുന്നുണ്ട്. 12 മാസത്തേക്കാണ് അധിക 20 ജിബി ഡേറ്റ ലഭിക്കുക.

ഇതോടൊപ്പം 399 പ്ലാനിന് 50 രൂപയുടെ ഇളവും നൽകി. 50 രൂപ വെട്ടിക്കുറച്ചതോടെ 349 രൂപയ്ക്ക് പ്ലാൻ ആക്ടിവേറ്റ് ചെയ്യാം. ആറു മാസത്തേക്കാണ് ഈ ഓഫർ.  ഇതിലൂടെ ആറു മാസത്തേക്ക് 300 രൂപയാണ് എയർടെൽ തിരിച്ചു നൽകുന്നത്.

മൈപ്ലാൻ ഇൻഫിനിറ്റി പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രകാരമാണ് 50 രൂപ ഇളവ്. ആറു മാസത്തേക്കാണ് ഓഫർ. 399 രൂപയ്ക്ക് ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും 349 രൂപ പ്ലാനിലും ലഭിക്കും. 20 ജിബി അധികഡേറ്റ ലഭിക്കും. പരിധിയില്ലാ കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും ലഭ്യമാണ്. എയർടെൽ ടിവി, വിങ്ക് മ്യൂസിക് എന്നിവയമുണ്ട്. എന്നാൽ ആമസോൺ പ്രൈം അംഗത്വം നൽകുന്നില്ല.