രണ്ടാം ജന്മദിനത്തിന് ജിയോ ‘ഫ്രീ സൂനാമി’; 16 ജിബി ഡേറ്റ സൗജന്യം

രണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ 16 ജിബി അധിക ഡേറ്റ നല്‍കുന്നു. 'ടെലികോം ടോക്' വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 8 ജിബി അധിക ഡേറ്റാ ഈ മാസവും 8 ജിബി അടുത്ത മാസവുമായിരിക്കും ലഭിക്കുക. ജിയോ സെലിബ്രേഷന്‍ പാക് എന്നു പേരിട്ടിരിക്കുന്ന ഓഫറിന് നാലു ദിവസമായിക്കും കാലാവധി എന്നും കേള്‍ക്കുന്നു. ചിലപ്പോള്‍ ഒരോ ഉപയോക്താവിനും വ്യത്യസ്ത വാലിഡിറ്റി ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ഓഫർ എല്ലാ ഉപയോക്താക്കള്‍ക്കും ഉണ്ടോ എന്ന് ഉറപ്പില്ല. ജിയോയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മൈജിയോ ആപ്പില്‍, മൈ പ്ലാന്‍സ്' സെക്‌ഷനിലായിരിക്കും ഇതു കാണാനാകുക. ആക്ടീവ് പ്ലാന്‍സിലും  പരിശോധിച്ചു നോക്കുക. ചില ഒഫീസുകളില്‍ (ജിയോ സർവീസ് ഉപയോഗിക്കുന്ന ഒഫീസുകൾ) ഒരു നമ്പറിനു മാത്രമാണ് ലഭിച്ചിരിക്കുന്നത്. ദിവസ അധിക ഡേറ്റയുടെ ദിവസ പരിധി 2ജിബിയാണ്.

സെപ്റ്റംബര്‍ 5, 2016ന് ആണ് ജിയോ അവതരിപ്പിച്ചത്. ഡേറ്റയുടെ വിലയിടിച്ചതും പരിധിയില്ലാത്ത കോളുകള്‍ നല്‍കിയതും രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിലൂടെ വളരെ വേഗം ജിയോ ഉപയോക്താക്കളെ ആകര്‍ഷിച്ചു. ഏകദേശം 20 കോടി ഉപയോക്താക്കളാണ് ജിയോയ്ക്ക് ഇപ്പോഴുള്ളതെന്നാണ് കേള്‍ക്കുന്നത്.

ഈ ആഴ്ച ജിയോ അവതരിപ്പിച്ച മറ്റൊരു ഓഫറായിരുന്നു 'കാഡ്ബറീസ് ഡയറി മില്‍ക്' ഓഫര്‍. ഡയറി മില്‍ക് ചോക്ലെറ്റിന്റെ റാപ്പറിന്റെ ബാര്‍കോഡ് മൈജിയോ ആപ്പിലൂടെ സ്‌കാന്‍ ചെയ്യുന്നവര്‍ക്കായിരുന്നു 1 ജിബി അധിക ഡേറ്റ നല്‍കുന്നത്. ഈ ഓഫറിന്റെ പരിധിയില്‍ വരുമോ എന്നറിയാന്‍ മൈജിയോ ആപ് പരിശോധിക്കുക. ഓഫര്‍ ഉണ്ടെങ്കില്‍ സ്‌കാന്‍ ചെയ്തു കഴിഞ്ഞ് എട്ടു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അധിക ഡേറ്റ അക്കൗണ്ടിലെത്തും.