ഇന്ത്യയിൽ വരാനിരിക്കുന്നത് വൻ മുന്നേറ്റം; ഇന്റർനെറ്റിന് 200 സാറ്റ്‌ലൈറ്റുകള്‍

റിലയന്‍സ് ജിയോയാണ് ഇന്റർനെറ്റ് ഡേറ്റാ സേവനത്തിന്റെ അന്തിമ വാക്കെന്നു കരുതിയെങ്കില്‍ തെറ്റി. ഇനിയും ആശ്ചര്യപ്പെടുത്തലുകളും മാറ്റങ്ങളും വരാമെന്നാണ് പുതിയ നീക്കം വെളിപ്പെടുത്തുന്നത്. ഒപ്പം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യ എന്ന ആ മനോഹര സ്വപ്‌നത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധിക്കാം.

രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും 50 Mbps സ്പീഡില്‍ ഇന്റര്‍നെറ്റ് സർവീസ് നല്‍കാനായി 200 സാറ്റ്‌ലൈറ്റുകളുടെ സേവനം ലഭ്യമാക്കാൻ ഒരുങ്ങുകായാണ് പുതിയ സ്റ്റാര്‍ട്ട്-അപ് കമ്പനി. യാത്ര ചെയ്യുന്നവരാണെങ്കില്‍ അറിയാം ചില സ്ഥലങ്ങളില്‍ സേര്‍ച് എൻജിൻ പേജ് പോലും തുറക്കാന്‍ വയ്യാത്ത സ്ഥലങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ടെന്ന്. ചില നഗരങ്ങളില്‍ പോലും അത്തരം സ്ഥലങ്ങളുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് അസ്‌ട്രോമെ (Astrome ) എന്ന പേരില്‍ പുതിയ സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങാന്‍ നേഹാ സടക്കിന്റെയും പ്രസാദ് ഭട്ടിന്റെയും നേതൃത്വത്തില്‍ 18 പേര്‍ മുന്നോട്ടു വന്നിരിക്കുന്നത്. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (Indian Institute of Science (IISc)) ബന്ധമുള്ളവരാണ് ഇവര്‍. തങ്ങളുടെ ലക്ഷ്യം നേടാനായി 200 മൈക്രോ സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ലോകത്തു തന്നെ ഇത്തരം അധികം സംരംഭങ്ങളില്ല എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഇന്റര്‍നെറ്റ് 'വേഗമുള്ളതും, വിശ്വസിക്കാവുന്നതും, എല്ലായിടത്തും ലഭ്യമാകുന്നതും, ജീവിതം മാറ്റിമറിക്കുന്നതും' ആക്കാനാണ് ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു.

ലക്ഷ്യത്തിലെത്താന്‍ മൂന്നു രീതിയിലാണ് ശ്രമിക്കുന്നത്: 

1. സാറ്റ്‌ലൈറ്റുകള്‍ക്ക് നിലവിലുള്ള മൊബൈല്‍ ഫോണ്‍ ടവറുകളെ ചാര്‍ജു ചെയ്യാന്‍ സാധിക്കും. 

2. വ്യക്തികള്‍ക്ക് സെറ്റ്-ടോപ് ബോക്‌സ് വാങ്ങി, ആന്റിനയും പിടിപ്പിച്ച് വീടുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇവ കൊണ്ടു നടക്കാന്‍ സാധിക്കില്ല. വീടുകള്‍ക്കും ഒഫീസുകള്‍ക്കും അനുയോജ്യം.

3. ഒരാള്‍ക്ക് ഇത്തരം സെറ്റ്-ടോപ് ബോക്‌സ് വാങ്ങിയ ശേഷം അടുത്തുള്ള വീടുകളിലൊക്കെ ഇന്റര്‍നെറ്റ് നല്‍കാം. 

ഈ കമ്പനി അടുത്ത വര്‍ഷം തന്നെ അവരുടെ ആദ്യ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കും. മറ്റുള്ളവ 2021നുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ശ്രമിക്കുന്നത്.

ഇതുപോലൊരു ശ്രമം നടത്തി സാക്ഷാല്‍ ഫെയ്‌സ്ബുക് പരാജയപ്പെട്ടതാണ്. അപ്പോള്‍ എങ്ങനെയാണ് ഒരു ചെറിയ കൂട്ടായ്മയ്ക്ക് വിജയം കൊയ്യാനാകുക? ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് പെയ്യിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്. അമേരിക്കയിലെ വയസാറ്റ് (ViaSAt) ഇപ്പോള്‍ അവരുടെ രാജ്യത്ത് ചില സ്ഥലങ്ങളില്‍ 100 എംബിപിഎസ് സ്പീഡ് ഇന്റർനെറ്റ് ഈ ടെക്‌നോളജിയിലൂടെ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ പ്രൊജക്ട് ലൂണ്‍ (Project Loon), ബോയിങ്, സ്‌പെയ്‌സ് X തുടങ്ങിയ കമ്പനികളും സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റുമായി എത്താനുള്ള ശ്രമത്തിലാണ്. ഫെയ്‌സ്ബുക് പരാജയപ്പെട്ടു പിന്മാറുകയായിരുന്നു. അവര്‍ ഡ്രോണുകളില്‍ നിന്നാണ് ഇന്റര്‍നെറ്റ് പെയ്യിക്കാന്‍ ശ്രമിച്ചത്. 

അവരുടെ പേരില്‍ പേറ്റന്റ് എടുത്ത എംഎം വേവ് (MM-wave) ടെക്‌നോളജി ഉപയോഗിച്ച് 100Gbps ഡേറ്റ ഒരു സാറ്റ്‌ലൈറ്റിലേക്ക് അയയ്ക്കാനാണ് പരിപാടി. ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാരെക്കാള്‍ അഞ്ചു മുതല്‍ പത്തു തവണ വരെ കൂടിയ ശക്തിയായിരിക്കും ഇതിന്. തുടക്കത്തില്‍ വ്യക്തികള്‍ക്ക് 50 എംബിപിഎസ് സ്പീഡും, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 400 എംബിപിഎസ് സ്പീഡും നല്‍കാനാണ് ശ്രമിക്കുക. അവര്‍ക്ക് ഇതിനായി പല ഗ്രാന്റുകള്‍ ലഭിച്ചു കഴിഞ്ഞു. അവരുടെ ഉദ്യമത്തിന് പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ദേശീയ ടെക്‌നോളജി ദിവസത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് അവാര്‍ഡ് നല്‍കിയ മൂന്നു കമ്പനികളില്‍ ഒന്ന് അവരുടെതായിരുന്നു. 

അവരുടെ 'ഒഴുകും റൂട്ടറുകള്‍' (floating router) ഗുണകരമാകുക ഇന്ത്യയ്ക്കു മാത്രമാകില്ല. മറ്റു പല രാജ്യങ്ങള്‍ക്കും ഗുണം കിട്ടും. ആദ്യ 'സാറ്റ്‌ലൈറ്റ് സമൂഹം'' (constellation) ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒഴുകും. സൗത്ഈസ്റ്റ് ഏഷ്യ, വെസ്റ്റ് ഏഷ്യ, സൗത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് ഇതു ഗുണകരമാകും.

ഇത്തരം സേവനങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് വികസ്വര രാജ്യങ്ങളാണെന്ന് തങ്ങള്‍ക്കറിയാമെന്ന് ഭട്ട് പറഞ്ഞു. ഇന്ത്യയിലെ കണക്കും രസകരമാണ്- 63 ശതമാനം ഇന്ത്യക്കാരും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ 6 ശതമാസം സ്ഥലത്താണ് ഒപ്റ്റിക് ഫൈബര്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നാണ് ഭട്ടിന്റെ കമ്പനി പറയുന്നത്. എന്നുപറഞ്ഞാല്‍, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യ എന്നത് ഒരു വിദൂര സ്വപ്‌നം മാത്രമാണെന്നാണ് അവര്‍ പറയുന്നത്. ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ 2017 റിപ്പോര്‍ട്ടും അതു തന്നെയാണ് പറയുന്നത്. ഗ്രാമീണ ഇന്ത്യയില്‍ കേവലം 20.26 ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് എത്തിയിരിക്കുന്നത്. എന്നാല്‍, 64.84 ശതമാനമാണ് നഗരങ്ങളിലെ കണക്കെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ആവശ്യക്കാരുടെ എണ്ണം 30-40 ശതമാനമാണ് പ്രതിവര്‍ഷം വര്‍ധിക്കുന്നത്. ഇതു സാധിച്ചു കൊടുത്തില്ലെങ്കില്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുമെന്ന് ഭട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇന്റര്‍നെറ്റ് ലഭിക്കാത്തവരും തമ്മിലുള്ള സാമൂഹ്യവിഭജനം ഇല്ലാതാക്കണം. അത് വിഷമം പിടിച്ച കാര്യമാണ്. അവരുടെ ഒരു സാറ്റ്‌ലൈറ്റിന് ഏകദേശം ഒരു ലക്ഷം പേര്‍ക്കേ സേവനമെത്തിക്കാന്‍ സാധിക്കൂ. മുഴുവന്‍ ഇന്ത്യയ്ക്കും സേവനമെത്തിക്കണമെങ്കില്‍ 10,000 സാറ്റ്‌ലൈറ്റുകളെങ്കിലും വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. 2021ല്‍ തങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യയും കവര്‍ ചെയ്യാന്‍ സാധിച്ചേക്കും. പക്ഷേ, എല്ലാവര്‍ക്കും ഒരേ സ്പീഡില്‍ ഇന്റര്‍നെറ്റ് എത്തിക്കണമെങ്കില്‍ വീണ്ടും കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.