സാറ്റ്‌ലൈറ്റ് വഴി അതിവേഗ ജിയോ 4ജി; ഇന്ത്യയിൽ ആദ്യ സംഭവം

ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് 4G LTE-കേന്ദ്രമാക്കി വോയിസ് കോളുകളും ഡേറ്റയും എത്തിക്കാന്‍ സാറ്റ്‌ലൈറ്റുകളുടെ സഹായം തേടാനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. മുന്‍പില്ലാതിരുന്ന സാറ്റ്‌ലൈറ്റ് ബാക്‌ഹോള്‍-കേന്ദ്രമാക്കിയ നെറ്റ്‌വര്‍ക്ക് (satellite backhaul-based network) സംവിധാനത്തിലൂടെയാണ് ജിയോ പുതിയ മാറ്റത്തിനു തുടക്കമിടുന്നത്. ഇതിനായി ഐഎസ്ആര്‍ഒയുടെയും ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിന്റെയും (HCIL) സേവനമാണ് ജിയോ തേടുന്നത്.

4G ടെലികോം ഭൂതല ബാക്‌ഹോളിന് (terrestrial backhaul) എത്താനാകാത്ത 400 LTE കേന്ദ്രങ്ങളിലേക്ക് എത്താനാണ് ജിയോ സാറ്റലൈറ്റ്-കേന്ദ്രീകൃത സിസ്റ്റത്തിലൂടെ ശ്രമിക്കുന്നത്. ഈ നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള ദൗത്യം നടപ്പിലാക്കല്‍ പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുയാണിപ്പോള്‍. ഇതിനായി 10 മില്യന്‍ ഡോളറിനുള്ള കരാര്‍ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിനു നല്‍കിക്കഴിഞ്ഞു.

ഇന്ത്യയില്‍ ജിയോ അടക്കമുള്ള ടെലികോം നെറ്റ്‌വര്‍ക്കുകള്‍ മുഖ്യമായും സൂക്ഷ്മതരംഗം ഉപയോഗിച്ചാണ് ടവറുകളില്‍ കണക്‌ഷന്‍ എത്തിക്കുന്നത്. എന്നാല്‍ ഉള്‍നാടന്‍ ഗ്രാമങ്ങലിലേക്ക് സൂക്ഷ്മതരംഗങ്ങളിലൂടെയും സിഗ്നലെത്തിക്കല്‍ എളുപ്പമല്ല. തങ്ങള്‍ ഹ്യൂസിന്റെ ജ്യൂപ്പിറ്റര്‍ സിസ്റ്റം ഉപയോഗിച്ചാണ് ഗ്രാമങ്ങളിലെ ടവറുകളില്‍ സിഗ്നല്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ജിയോ ഗ്രൂപ്പിന്റെ പ്രസിഡന്റ് ജ്യോതീന്ദ്ര താക്കര്‍ പറഞ്ഞത്. ഗ്രാമീണ ടവറുകളില്‍ സാറ്റ്‌ലൈറ്റുകളിലൂടെ കണക്‌ഷന്‍ എത്തിക്കുന്നതാണ് മികച്ച രീതിയെന്ന് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിന്റെ ഇന്ത്യന്‍ മേധാവി പാര്‍ത്തോ ബാനര്‍ജിയും പറഞ്ഞു.

ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ സാറ്റ്‌ലൈറ്റ് ബാക്‌ഹോളിങ്ങിലൂടെ ചില സ്ഥലങ്ങളില്‍ സിഗ്നല്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇവ 2ജി, അല്ലെങ്കില്‍ 3ജി ആണ്. 4ജി സിഗ്നലുകള്‍ എത്തിക്കുന്ന കാര്യത്തില്‍ ജിയോ പുതിയ തുടക്കമാണിടുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.