Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളെ മുതൽ ഇന്ത്യയും ചൈനയെ പോലെയാകും; വരുന്നത് ഹൈടെക് സുരക്ഷ

national-security

ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും വർഷത്തിൽ ഒന്നിൽ കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ചൈന എന്നും സുരക്ഷിതമാണ്. സൈനിക–ആയുധ ബലത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും ഭീകരർ നുഴഞ്ഞുകയറി ആക്രമണം നടത്തുമ്പോൾ ചൈനയിൽ മാത്രം അതത്ര എളുപ്പമല്ലെന്നതാണ് വസ്തുത. ഇതേ തന്ത്രം ഇന്ത്യയിലും പരീക്ഷിക്കാൻ പോകുകയാണ് കേന്ദ്ര സർക്കാരും സുരക്ഷാ ഏജൻസികളും.

സാങ്കേതിക സഹായങ്ങളുടെ സഹായത്തോടെയാണ് ഒട്ടുമിക്ക ഭീകരരും നുഴഞ്ഞുകയറി ലക്ഷ്യ സ്ഥാനത്തെത്തുന്നത്. എന്നാൽ അത്തരം സാങ്കേതിക സംവിധാനങ്ങളെല്ലാം ചൈനയിൽ റദ്ദു ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറുന്നവരെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള സിസിടിവിയും ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനങ്ങളുമുണ്ട്. ഇത്തരം പരീക്ഷണങ്ങളെല്ലാം ഇന്ത്യയിലും നടന്നുവരികയാണ്.

രാജ്യത്തെ ക്രിമിനലുകളെ കണ്ടെത്താനും ഭീകരരുടെ നീക്കങ്ങൾ മനസ്സിലാക്കി അതിവേഗം നടപടി സ്വീകരിക്കാനും വേണ്ട ഹൈടെക് സംവിധാനങ്ങളും രഹസ്യ ടെക് ആയുധങ്ങളും ഇവിടെയും വ്യാപകമായി പരീക്ഷിക്കാൻ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്ത്യയിൽ നടത്തിയ ഒട്ടുമിക്ക ഭീകരാക്രമണങ്ങളും ജിപിഎസിന്റെയും ഗൂഗിൾ മാപ്പിന്റെയും സാറ്റ‌്‌ലൈറ്റ് ഫോണുകളുടെയും സഹായത്തോടെയായിരുന്നു. എന്നാൽ ഈ സേവനങ്ങളൊന്നും ചൈനയിൽ അനുവദിക്കില്ല. ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യയും ഒരുങ്ങുകയാണെന്നാണ് സൂചന.

ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് രാജ്യത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഇക്കാര്യം പെട്ടെന്ന് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. വൻകിട കമ്പനികളുടെ ഡേറ്റ ചോർത്തലും മറ്റു ഓൺലൈൻ തട്ടിപ്പുകളും ഒരു പരിധി വരെ നേരിടാൻ തന്നെയാണ് സർക്കാർ നീക്കം. ഗൂഗിൾ, ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ എന്നീ കമ്പനികൾക്ക് വേണ്ട മുന്നറിയിപ്പുകൾ സർക്കാർ നൽകി കഴിഞ്ഞു. ഇന്ത്യയിൽ തുടരണമെങ്കിൽ സർക്കാർ പറയുന്നത് പോലെ ചെയ്യേണ്ടിവരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡേറ്റാ സെർവറുകൾ ഇന്ത്യയിൽ തന്നെ സ്ഥാപിക്കാനും ഉത്തരവിറക്കി.

ഇന്ത്യയ്ക്ക് മാത്രമായി ജിപിഎസ് സംവിധാനം വരാൻ പോകുകയാണ്. ഇതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി വരുന്നു. ഇതുവഴി രാജ്യസുരക്ഷ വർധിപ്പിക്കാൻ സാധിക്കും.

ലോകത്തെ മുൻനിര ചാരസംഘടനകളെയും ഭീകരരെയും ഏറ്റവും കൂടുതൽ സഹായിക്കുന്നത് സോഷ്യൽമീഡിയകളാണ്. ഇന്ത്യയിലെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളും നടക്കുന്നത് സോഷ്യൽമീഡിയയുടെ കൂടി സഹായത്തോടെയാണ്. ഇന്ത്യയിലെ സോഷ്യൽമീഡിയ നിരീക്ഷണത്തിനായി 40 സർക്കാർ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഗൂഗിൾ പ്ലസ് തുടങ്ങി സോഷ്യൽമീഡിയകളിൽ ജനങ്ങൾ എന്താണ് ചെയ്യുന്നതെന്ന് സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനി വികസിപ്പിച്ചെടുത്ത ടൂളുകൾ ഉപയോഗിച്ചാണ് സോഷ്യൽമീഡിയ നിരീക്ഷണം. സോഷ്യൽമീഡിയകളിലെ കുറ്റവാളികളെ പിടികൂടാൻ സുരക്ഷാ ഏജൻസികള്‍ പുതിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ചൈനയിലെ പോലെ ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽമീഡിയകളൊന്നും ഇന്ത്യയ്ക്ക് നിരോധിക്കാനാകില്ല, നിരന്തരം നിരീക്ഷിക്കുക മാത്രമാണ് പോംവഴി. വിദേശ ടെക് കമ്പനികളുടെ സെർവറുകൾ പരിശോധിക്കാൻ സുരക്ഷാ ഏജൻസികൾക്കും കഴിയണമെന്ന നിർദ്ദേശം കേന്ദ്രം നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. ചൈനയിൽ പുറത്തുനിന്നുള്ള സോഷ്യൽമീഡിയകൾ വിലക്കിയതിനാൽ ഇവിടുത്തെ ജനങ്ങളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കില്ല. മെയിൽ വഴിയുള്ള രേഖകളൊന്നും രാജ്യത്തിനു പുറത്തേക്കു പോകില്ല.

എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഓൺലൈൻ ലോകം എല്ലാം തുറന്നിട്ടിരിക്കുകയാണ്. ആർക്കും എപ്പോഴും എന്തും പങ്കുവയ്ക്കാം. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും രാജ്യത്ത് ലഭ്യമാണ്. ടെലികോം നെറ്റ്‌വർക്കുകളിൽ നിയന്ത്രണമില്ലാത്തതിനാൽ ഭീകരർക്ക് നെറ്റിൽ ലഭ്യമായ എല്ലാ സേവനങ്ങളും ദുരൂപയോഗം ചെയ്യാനുമാകുന്നു. ഇതിനെല്ലാം പരിഹാരം കാണുമെന്നാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സോഷ്യൽമീഡിയ വഴിയുള്ള കുറ്റകൃത്യങ്ങൾക്ക് ഒരു കുറവുമില്ല. പാക് ചാരസംഘടന ഐഎസ്ഐ പലപ്പോഴും രാജ്യത്തെ തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തിയിരുന്നത് ഫെയ്സ്ബുക്, വാട്സാപ്, മൊബൈൽ ഫോൺ വഴിയായിരുന്നു. അനധികൃതമായി സാറ്റ്‌ലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താനും ഇന്ത്യയിൽ വഴിയില്ല.

ഇതിനിടെ സോഷ്യൽമീഡിയകളെ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി രംഗത്തു വന്നിരുന്നു. സോഷ്യൽമീഡിയകളിലെ ഉള്ളടക്കം നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽമീഡിയകളെ നിരീക്ഷിക്കാന്‍ സോഷ്യല്‍മീഡിയ ഹബ് തുടങ്ങാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസാണ് കോടതിയെ സമീപിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കണ്‍സള്‍ടന്റ്സ് ഇന്ത്യ ലിമിറ്റഡ് പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ്‍വെയറിനായി അടുത്തിടെ ടെ‍ന്‍ഡറും ക്ഷണിച്ചിരുന്നു. സോഷ്യൽമീഡിയകളെ മാത്രമല്ല, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകള്‍, ബ്ലോഗുകള്‍ എന്നിവയും നിരീക്ഷിക്കാനുള്ളതായിരുന്നു സര്‍ക്കാരിന്റെ സോഷ്യല്‍മീഡിയ ഹബ്. എന്നാൽ വലിയ വിമര്‍ശനങ്ങളെ തുടർന്ന് സർക്കാർ പദ്ധതി ഉപേക്ഷിച്ചു.

എന്നാൽ രാജ്യത്തെ സോഷ്യല്‍മീഡിയ കുറ്റവാളികളെ കണ്ടെത്താൻ അഡ്വാൻസ്ഡ് ആപ്ലിക്കേഷൻ ഫോർ സോഷ്യൽമീഡിയ അനലിറ്റിക്സ് (AASMA) ടൂൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2013–14 ൽ ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഐടിയാണ് ഈ ടൂൾ വികസിപ്പിച്ചെടുത്തത്. രാജ്യത്തെ 40 സർക്കാർ ഏജൻസികൾ ഈ ടൂൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

കുറ്റവാളികളെ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ

നിയമപാലനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്‌നീഷൻ) സാങ്കേതിക വിദ്യ നടപ്പാക്കാൻ സുരക്ഷാ ഏജൻസികൾ. സിസിടിവി ക്യാമറകളുടെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനാകുമെങ്കിലും ഇവരെ തിരിച്ചറിയുക പ്രയാസമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണു ഫെയ്സ് റെക്കഗ്‌നീഷൻ സംവിധാനം പരിഗണിക്കുന്നത്.

ഇതിന്റെ സോഫ്റ്റ്‌വെയർ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളുടെ വിശദാംശങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സോഷ്യൽ മീഡിയ ഡേറ്റാ മൈനിങ് സംവിധാനവും പരിഗണനയിലുണ്ട്. ഇതേ സാങ്കേതിക സംവിധാനം ചൈനയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാ എയര്‍പോർട്ടുകളിലും റെയിൽവെ, ബസ് സ്റ്റേഷനുകളിലും ഇത്തരം ഫെയ്സ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുമെന്നാണ് അറിയുന്നത്.

സോഷ്യൽമീഡിയ പ്രൊഫൈലുകൾ, രഹസ്യാന്വേഷണ ഏജൻസികളുടെ ഡേറ്റ എല്ലാം മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയുമായി ഒന്നിപ്പിക്കുന്നതോടെ രാജ്യത്ത് എവിടെ നിന്നും കുറ്റവാളികളെ നിമിഷ നേരത്തിനുള്ളിൽ പിടികൂടാൻ സാധിക്കും. ആധാർ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഇതോടെ കുറ്റവാളികളെ പിടികൂടാൻ ചൈനയിലെ പോലെ ഇന്ത്യയിലും ഹൈടെക് സംവിധാനം വരും.

രാജ്യത്തെ കുറ്റവാളികളുടെ എല്ലാം വിവരങ്ങളും എഫ്ഐആറുകളും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. ഇക്കാര്യം ആധാർ ഡേറ്റകളുമായും രാജ്യത്തെ സുരാക്ഷാ ഏജൻസികളുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്. ഇതോടെ രാജ്യത്തെ ഓരോ പൗരന്റെയും കുറ്റകൃത്യ ഡേറ്റകൾ രഹസ്യന്വേഷണ ഏജൻസികൾക്കും പൊലീസിനും എവിടെ നിന്നും പരിശോധിക്കാൻ സാധിക്കും. ഇതോടെ കുറ്റകൃത്യങ്ങൾ കുത്തനെ കുറയുമെന്നാണ് കരുതുന്നത്.

വീടുകളിൽ കേന്ദ്ര സര്‍ക്കാരിന്റെ ചിപ്പ്?

രാജ്യത്തെ ഓരോ പൗരനും എന്തൊക്കെ കാണുന്നു, അവർക്ക് താൽപര്യപ്പെട്ടത് എന്തെല്ലാമാണ്? എല്ലാം നിരീക്ഷിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിങ്ങൾ റൂമിലിരുന്ന് കാണുന്നതും കേൾക്കുന്നതും എന്തെന്ന് സര്‍ക്കാരിനും അറിയണം. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ചിപ്പ് തന്നെ അവതരിപ്പിക്കാൻ പോകുകയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

വിവിധ കമ്പനികളുടെ ടിവി സെറ്റ്ടോപ് ബോക്സുകളിൽ വിവരശേഖരണത്തിന് ഇലക്ട്രോണിക് ചിപ്പുകൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. ഏതൊക്കെ ചാനൽ, എത്രനേരം പ്രേക്ഷകർ എത്രമാത്രം കാണുന്നുവെന്നതിന്റെ ആധികാരിക വിവരം ശേഖരിക്കാനാണു ചിപ്പ് വയ്ക്കുന്നതെന്നാണു കേന്ദ്ര വാ‍ർത്താവിനിമയ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഫലത്തിൽ ഇതു സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം.

പ്രേക്ഷകർ കാണുന്ന ചാനലുകൾ, കാണുന്ന സമയം എന്നിവ കണക്കിലെടുത്താണ് പരസ്യദാതാക്കൾ പണം ചെലവഴിക്കുക. നിലവിൽ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ആണ് ഇക്കാര്യം നിർണയിക്കുന്നത്. ബാർക്കിന്റെ കണക്കുകൾ ആധികാരികമല്ലെന്നാണു സർക്കാർ നിലപാട്.

കൂടുതൽ ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണു ചിപ്പുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ പറയുന്നു. പുതിയതായി നൽകുന്ന ഡിടിഎച്ച് കണക‌്ഷനുകൾക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാനാണ് നിർദേശം. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി (ട്രായി) നൽകിയ ശുപാർശയാണിത്.