ലോകത്തെ വലിയ മൊബൈൽ എക്സ്പീരിയൻസ് സെന്റർ ഒരുക്കി സാംസങ്

ലോകത്തെ ഏറ്റവും വലിയ മൊബൈൽ എക്സ്പീരിയൻസ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഒാപ്പറ ഹൗസാണ് മൊബൈൽ                     എക്സ്പീരിയൻസ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്സ്റ്റൈൽ എന്നിവയുടെ സമ്മിശ്ര അനുഭവമായിരിക്കും സാംസങ് ഒാപ്പറ ഹൗസ് പ്രദാനം ചെയ്യുക.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു മൊബൈൽ എക്സ്പീരിയൻസ് സെന്റർ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഉൽപന്നങ്ങൾ ഒാപ്പറ ഇവിടെ അവതരിപ്പിക്കുന്നു. #നാളത്തേത് ഇന്ന് തന്നെ കണ്ടെത്തുക എന്ന സാംസങിന്റെ കാഴ്ചപാടിന്റെ ഭാഗമാണ് സാംസങ് ഒാപ്പറ ഹൗസ്. വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഒാഫ് തിംഗ്സ് എന്നിവ ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്.

സാങ്കേതികവിദ്യകൾ അറിയാനും ആസ്വദിക്കാനും ആഗ്രഹമുള്ളവർക്ക് ബെംഗളൂരുവിലെ സാംസങ് ഒാപ്പറ ഹൗസ് പോയി കാണാം. ഒരാൾ വെർച്വൽ റിയാൽറ്റിയുടെ ‘ഭാഗമായ 4ഡി സ്വെയ് ചെയറോ, വിപ്ലാഷ് പൾസർ 4ഡി ചെയറോ ആസ്വദിക്കുമ്പോൾ മറ്റൊരാൾക്ക് ഫൈറ്റർ പൈലറ്റ് ആയി യുദ്ധം ചെയ്യുകയോ ബഹിരാകാശ ആക്രമണം നടത്തുകയോ ഇതുമല്ലെങ്കിൽ റോളർ കോസ്റ്റർ റൈഡിൽ ഏർപ്പെടുകയോ ചെയ്യാം.

കയാക്കിംഗോ, റോയിംഗോ ഇഷ്ടപ്പെടുന്നവർക്കായി വെർച്വൽ റിയാൽറ്റി ഇവിടെ കാത്തിരിക്കുന്നു. ഫിറ്റ്നസ് പ്രേമികൾക്ക് യൂറോപ്പിലെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് സൈക്കിളിങ് നടത്താം. ഒാപ്പറ ഹൗസിലെ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളും മറ്റ് പ്രദർശനങ്ങളും കുടുംബസമേതം കാണാൻ നേരത്തെ തന്നെ ബുക്ക് ചെയ്യാം.

ഇന്നൊവേഷൻ, ലൈഫ് സ്റ്റൈൽ, എന്റർടെയിൻമെന്റ്, സാംസ്കാരിക ഹബ് എന്നിവയുടെ കേന്ദ്രമായി മാറാനാണ് സാംസങ് ഒാപ്പറ ഹൗസ് ലക്ഷ്യമിടുന്നത്. ഫിറ്റ്നസ്, ഫൊട്ടോഗ്രഫി, ഗെയിമുകൾ, സംഗീതം, സിനിമകൾ, ‘ഭക്ഷണം, സ്റ്റാന്റ് അപ്പ് കോമഡി, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും ഇവിടെ നടക്കും.

ബെംഗളൂരു നിവാസികളുടെ ഇടയിൽ സാംസങ് നടത്തിയ സർവെയിൽ 81 ശതമാനം പേരും ഇന്ത്യയിലെ ജോലി അല്ലെങ്കിൽ വിനോദങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങൾ തങ്ങൾക്കുണ്ടായിരുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ ഇവരിൽ മൂന്നിൽ ഒന്നിനും അതിനു പറ്റിയ സ്ഥലമോ, സമാന മനസ്കരമുമായി എങ്ങനെ നെറ്റ്‌വർക്ക് സ്ഥാപിക്കാമെന്നോ, മെന്റർമാരെ കുറിച്ചോ അറിവുണ്ടായിരുന്നില്ല.

‘ഇന്നത്തെ ഉപഭോക്താക്കൾ വേറിട്ട അനുഭവമാണ് തേടുന്നത്. ബ്രാന്റുകളെ നേരിട്ട് അറിയുന്നതിനാണ് അവർക്ക് താൽപര്യം. ഇതിനുള്ള ഒന്നാണ് സാംസങ് ഒാപ്പറ ഹൗസ്.  മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്നതാണ് ഇത്. ശിൽപശാലകൾ, മറ്റ് പരിപാടികൾ എന്നിവ ഇവിടെ സംഘടിപ്പിക്കും. ഇൗ സ്ഥലം മാറ്റങ്ങൾ വരുത്തി നവീനമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്,' സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡണ്ടും സിഇഒയുമായ എച്ച്സി ഹോങ് പറഞ്ഞു.