Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചൈനീസ് ഗൂഗിൾ സേര്‍ച്ച്’ ൽ ഭയന്ന് ലോകം; രഹസ്യ പദ്ധതി വൻ ദുരന്തമാകും

china-cafe

ഗൂഗിള്‍ സേര്‍ച്ച് 2010ല്‍ ചൈന വിട്ടതാണ്. സർക്കാരുമായി പ്രശ്‌നമുണ്ടായതിനു ശേഷം, ഗൂഗിളിന്റെ ട്രാന്‍സ്‌ലേറ്റ് പോലെയുള്ള പ്രാധാന്യമില്ലാത്ത സേവനങ്ങള്‍ മാത്രമെ കമ്പനിക്ക് ചൈനയിലുള്ളു. സേര്‍ച്ചില്‍ ചൈനയ്ക്ക് സ്വന്തം വെബ്‌സൈറ്റായ ബായിഡുവാണ് പ്രധാന സേവനം നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് ചൈനയില്‍  തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ വാര്‍ത്ത കേട്ടതുമുതല്‍ ഗൂഗിളിനകത്തും ടെക് ലോകത്തും അമ്പരപ്പും നിരാശയും പടരുകയാണ്. ഗൂഗിളിന്റെ 1,400 ജോലിക്കാര്‍ രഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നു പറഞ്ഞ് ഒപ്പിട്ടു കത്തു നല്‍കിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ചാണ് ഗൂഗിള്‍ മാനേജ്‌മെന്റ് ചൈനയ്ക്കായുള്ള സേര്‍ച്ച് നിര്‍മിച്ചു വരുന്നത്.

സേര്‍ച്ച് എൻജിനെക്കുറിച്ച് അറിയുന്തോറും ടെക് ലോകം ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഒരു ആന്‍ഡ്രോയിഡ് ആപ്പ് ആയിട്ടായിരിക്കും സേര്‍ച്ച് വീണ്ടും രംഗപ്രവേശനം ചെയ്യുക. 'ഡ്രാഗണ്‍ഫ്‌ളൈ' എന്നായിരിക്കാം ഇതിന്റെ പേര്. ഈ ആപ്പ് ഉപയോക്താവിന്റെ ഫോണ്‍ നമ്പറുമായി ബന്ധപ്പെടുത്തും. ഉപയോക്താവ് നടത്തുന്നു ഏതു സേര്‍ച്ചും സർക്കാരിന് ഇഷ്ടമുള്ളപ്പോള്‍ പരിശോധിക്കാന്‍ വേണ്ടിയാണിത്. ഗൂഗിള്‍ ഇപ്പോള്‍ ചൈനയ്ക്കു വഴങ്ങിയാല്‍ ഭാവിയില്‍ മറ്റു രാജ്യങ്ങള്‍ക്കും വഴങ്ങേണ്ടിവരില്ലേ എന്നാണ് ടെക് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്. 

മൊബൈല്‍ നമ്പറിലൂടെ സേര്‍ച്ച് ചെയ്തവനെ സർക്കാര‌ിനു കാണിച്ചു കൊടുക്കുന്നതു കൂടാതെ, സർക്കാരിന് ഇഷ്ടമില്ലാത്ത ഒരുപാടു പദങ്ങളും പുതിയ സേര്‍ച്ച് എൻജിന്‍ സ്വീകരിക്കില്ലത്രെ. ബ്ലാക്‌ലിസ്റ്റ് ചെയ്തിരിക്കുന്ന വാക്കുകളുടെ ഏതാനും ഉദാഹരണം- മനുഷ്യാവകാശം (human rights), വിദ്യാര്‍ഥി പ്രക്ഷോഭം (student protest), നോബല്‍ സമ്മാനം (Nobel Prize). ചൈനയിലെ ആക്ടിവിസ്റ്റുകളെക്കുറിച്ചും പുറം ലോകത്തെക്കുറിച്ചുമുള്ള നിരവധി കാര്യങ്ങൾ സേര്‍ച്ചിൽ അനുവദിക്കില്ല. ഡ്രാഗണ്‍ഫ്‌ളൈ, നിശിതമായ കോഡിങ്ങിലൂടെ (''hardcoded), കാലാവസ്ഥയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചുമുള്ള സേര്‍ച്ചുകള്‍ പോലും സർക്കാർ അനുകൂല വെബ്‌സൈറ്റുകള്‍ തയാറാക്കി വച്ചിരിക്കുന്ന വ്യാജ ഡേറ്റാ കൂനയിലേക്കു സേര്‍ച്ചു ചെയ്യുന്നയാളെ കൊണ്ടുചെല്ലും. ചുരുക്കിപ്പറഞ്ഞാല്‍ ചൈനീസ് സർക്കാരിന് ഇഷ്ടമില്ലാത്ത ഒരു സേര്‍ച്ചും ഗൂഗിളിന്റെ പുതിയ സേര്‍ച്ച് എൻജിന്‍ നടത്തില്ല. ഇനി ഇതൊന്നും പോരെങ്കില്‍ സർക്കാരിനിഷ്ടമില്ലാത്ത പദങ്ങള്‍ സേര്‍ച്ചു ചെയ്ത ഉപയോക്താവിനെ ഒറ്റിക്കൊടുക്കുകയും ചെയ്യും. പോരെ പുകില്!

എന്നാല്‍, തങ്ങള്‍ ഡ്രാഗണ്‍ഫ്‌ളൈയുടെ നിര്‍മാണത്തിലാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ പണി ഏല്‍പ്പിച്ചവരില്‍ ചിലര്‍ ലീക്കു ചെയ്ത വിശദാംശങ്ങളാണ് കമ്പനിക്കുള്ളിൽ പോലും പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. തങ്ങള്‍ അത്തരമൊരു സാധ്യത പരിശോധിക്കുന്നുണ്ട്, അതു ലോഞ്ച് ചെയ്യാറായിട്ടില്ല, തുടങ്ങിയ ഒഴുക്കന്‍ പ്രതികരണങ്ങള്‍ മാത്രമാണ് ഗൂഗിള്‍ ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാല്‍, ഡ്രാഗണ്‍ഫ്‌ളൈയുടെ പേരില്‍ ഏതാനും ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ ജോലി ഇട്ടെറിഞ്ഞിട്ടു പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൂഗിളിന്റെ റിസേര്‍ച്ച് സയന്റിസ്റ്റ് ജാക്ക് പോള്‍സണ്‍ (Jack Poulson) ആണ് അവരില്‍ ഒരാള്‍. അദ്ദേഹം പറയുന്നത് ഇതുവരെ അഞ്ചു പേര്‍ ഡ്രാഗണ്‍ഫ്‌ളൈയുടെ കാര്യത്തില്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചുവെന്നാണ്. ഒരു ചൈനീസ് കമ്പനിയുമായി ചേര്‍ന്നാണ് പുതിയ സേര്‍ച്ച് എൻജിന് ഗൂഗിള്‍ സൃഷ്ടിക്കുന്നതെന്ന വാര്‍ത്ത വന്നതോടെ 1,400 ഉദ്യോഗസ്ഥര്‍ സംയുക്തമായി ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നു പറഞ്ഞ് ഒപ്പിട്ടു കത്തു നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇത്ര പാടുപെട്ട് ഗൂഗിളിനെപ്പോലെയൊരു കമ്പനി എന്തിനാണ് ഇങ്ങനെ ഒരു സേര്‍ച്ച് എൻജിന്‍ ഉണ്ടാക്കുന്നത്? ഉത്തരം എളുപ്പമാണ്. ഗൂഗിള്‍ ഒരു ബിസിനസ് സ്ഥാപനമാണ്. കൂടുതല്‍ വരുമാനം മാത്രമാണ് അവരുടെ ലക്ഷ്യം. പുതിയ സേര്‍ച്ച് എൻജിന്‍ മനുഷ്യാവകാശ ധ്വംസനവുമാണ്. 

അതേസമയം, സെന്‍സര്‍ ചെയ്യുന്ന സേര്‍ച്ച് എൻജിന്റെ പണിപ്പുരിയാലാണ് ഗൂഗിള്‍ എന്ന വാര്‍ത്ത കഴിഞ്ഞ മാസം പുറത്തു വന്നതിനു ശേഷം അമേരിക്കയിലെ നിയമജ്ഞരും, നിയമനിര്‍മ്മാതാക്കളുമെല്ലാം ഈ രഹസ്യ പ്രോഗ്രാമിനെ വിമര്‍ശിക്കുകയാണ്. അമേരിക്കന്‍ സെനറ്റര്‍മാരുടെ ഒരു ഗ്രൂപ്പ് പുതിയ സേര്‍ച്ചിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു തരണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്ക് കത്തയച്ചു. അദ്ദേഹം നല്‍കിയ മറുപടി അപര്യാപ്തമാണെന്നു പറഞ്ഞ് അവര്‍ അരിശപ്പെടുകയും ചെയ്തു. (അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഗൂഗിളിനെതിരെ സംസാരിച്ചിരുന്നു. തന്റെ പാര്‍ട്ടിക്കെതിരെ പക്ഷപാതപരമായി ഗൂഗിള്‍ പെരുമാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.)

ആദ്യ കത്തിനു മറുപടി കിട്ടാത്തതിനാല്‍ അമേരിക്കന്‍ സെനറ്റര്‍മാര്‍ വീണ്ടും ഡ്രാഗണ്‍ഫ്‌ളൈയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തരണമെന്നു പറഞ്ഞ് ഗൂഗിളിനു കത്തയച്ചു. നയരൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്ന നിലയില്‍ ഒരു അമേരിക്കന്‍ കമ്പനി മറ്റൊരു രാജ്യത്തു പോയി മനുഷ്യാവകാശ ധ്വംസനം നടത്തുന്നില്ല എന്നുറപ്പാക്കേണ്ട കടമ തങ്ങള്‍ക്കുണ്ടെന്നാണ് സെനറ്റര്‍മാരുടെ കത്തിൽ പറയുന്നത്. എന്തെല്ലാം നിയന്ത്രണങ്ങളാണ് നിങ്ങള്‍ സേര്‍ച്ച് എൻജിനില്‍ വരുത്താന്‍ പോകുന്നതെന്ന് വ്യക്താമാക്കണം. 2010ല്‍ ചൈന വിട്ട നിങ്ങള്‍ ഇപ്പോള്‍ എന്തിനാണ് അങ്ങോട്ടു പോകാന്‍ തിടുക്കപ്പെടുന്നത്, തുടങ്ങിയ ചോദ്യങ്ങളും പുതിയ കത്തിലുണ്ട്. 

എന്നാല്‍, ഈ കത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. തങ്ങള്‍ ചൈനയിലെ ഉപയോക്താക്കള്‍ക്കായി ധാരാളം മുതല്‍മുടക്കു നടത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്, ഫയല്‍സ് ഗോ തുടങ്ങി സേവനങ്ങള്‍ നല്‍കുന്നുണ്ട്. പുതിയ സേര്‍ച്ച് എൻജിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത് ലോഞ്ചു ചെയ്യാറായിട്ടില്ല, എന്നാണ് ആദ്യ കത്തിനു മറുപടിയായി ഗൂഗിള്‍ പറഞ്ഞത്.

എന്നാല്‍, ഈ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ടെക്‌നോളജി പ്രേമികളിലും മനുഷ്യാവകാശ പ്രവര്‍ത്തകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നാളെ ഓരോ രാജ്യവും പറയുന്നതു പോലെ പ്രവര്‍ത്തിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് ദൂരവ്യാപകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അവര്‍ ഗൂഗിളിനു നല്‍കുന്ന മുന്നറിയിപ്പ്.