Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ കട്ടലോക്കൽ വിവരങ്ങളുമായി ഗൂഗിൾ ടൂറിങ് ബേഡ്

tour-google

വിനോദസഞ്ചാരത്തിനൊരുങ്ങുന്നവർക്ക് ഗൂഗിളിന്റെ ടൂറിങ് ബേഡ് നല്ലൊരു വഴികാട്ടിയാവും. പ്രധാന സ്ഥലങ്ങളിലെ മുഖ്യ ആകർഷണങ്ങളും വിനോദപരിപാടികളും നിയമങ്ങളും എല്ലാം ഒറ്റയിടത്ത് കൊണ്ടുവരികയാണ് ഈ മൊബൈൽ വെബ്സൈറ്റിലൂടെ. ഏതാനും നഗരങ്ങൾ മാത്രമേ ഗൂഗിൾ ടൂറിങ് ബേഡിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20 നഗരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൽ ഇന്ത്യയിൽ നിന്ന് ഡൽഹിയും ഇടംനേടി. യാത്രയ്ക്കു മുൻപ് തന്നെ നഗരത്തെ അടിമുടി അറിയാനും ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം, ഏതൊക്കെ വിട്ടുകളയണം എന്നൊക്കെ തീരുമാനിക്കാൻ ടൂറിങ് ബേഡ് സഹായിക്കും. ഓരോ സ്ഥലത്തെയും ടിക്കറ്റ് നിരക്കും അവയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. ഡൽഹിയുടെ കാര്യത്തിലാണെങ്കിൽ ചെങ്കോട്ടയും ഇന്ത്യാ ഗേറ്റും സന്ദർശിക്കാൻ 5 ഡോളർ, താജ്മഹൽ 9 ഡോളർ എന്നിങ്ങനെ. യാത്രയ്ക്കൊരുങ്ങുന്നവർക്ക് ഈ വിവരങ്ങൾ ഏറെ സഹായകമാണ്.

ടൂർസ് ആൻഡ് ആക്ടിവിറ്റീസ് എന്ന വിഭാഗത്തിലും ഓരോ നഗരത്തിലെയും വിവിധ ടൂർ പാക്കേജുകളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നിരക്കും നൽകിയിരിക്കുന്നു. ലോക്കൽ ട്രിപ്സ് വഭാഗത്തിൽ പ്രാദേശിക കാഴ്ചകളും അനുഭവങ്ങളും പരിചയപ്പെടുത്തുന്നു. പലതും അതാത് നഗരങ്ങളിൽ വർഷങ്ങളായി താമസിക്കുന്നവർക്കു പോലും അപരിചിതമായവ. ഫ്രീ ടൂർ വിഭാഗത്തിൽ സൗജന്യയാത്രകൾ പരിചയപ്പെടുത്തുന്നു.

ഇതിനു പുറമേ ഓരോ സഞ്ചാരിയുടെയും താൽപര്യങ്ങൾ അനുസരിച്ചും വിവിധ സ്ഥലങ്ങളും കാഴ്ചകളും ക്രമീകരിച്ചു നൽകിയിരിക്കുന്നു. ഡൽഹിയുടെ കാര്യത്തിലാണെങ്കിൽ ആദ്യമായി സന്ദർശിക്കുന്നവർക്കുള്ള സ്ഥലങ്ങൾ ഐകോണിക് ന്യൂഡൽഹി എന്ന വിഭാഗത്തിലുണ്ട്. ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നതിൽ കമ്പമുള്ളവർക്കായി അതിനു പറ്റിയ സ്ഥലങ്ങൾ വേറെ.

നഗരത്തിനു പുറത്തുള്ള സ്ഥലങ്ങൾ, ആത്മീയയാത്രയ്ക്കുള്ള ഇടങ്ങൾ, ഭക്ഷണവും രുചിയും അറിയുന്നതിനുള്ള സഥലങ്ങൾ എന്നിവയ്ക്കു പുറമേ ആരും കാണാൻ വഴിയില്ലാത്ത കട്ടലോക്കൽ സ്ഥലങ്ങളും അനുഭവങ്ങളും വിസ്മയങ്ങളും പരിചയപ്പെടുത്തു. 

ആംസ്റ്റർഡാം, ബാർസലോന, ബർലിൻ, ബോസ്റ്റൻ, ഷിക്കാഗോ, ലാസ് വേഗസ്, മാഡ്രിഡ്, മിയാമി, ന്യൂയോർക്ക്, ഒർലാൻഡോ, പാരിസ്, പ്രാഗ്, റോം, സാൻ ഡീഗോ, സാൻ ഫ്രാൻസിസ്കോ, ടൊറന്റോ, വാഷിങ്ടൺ ഡിസി എന്നിവയാണ് ടൂറിങ് ബേഡ് പരിചയപ്പെടുത്തുന്ന മറ്റു സ്ഥലങ്ങൾ. വിലാസം: touringbird.com

നെയ്ബർലി കൂടുതൽ നഗരങ്ങളിലേക്ക് 

നാലു മാസം മുൻപ് ഗൂഗിൾ മുംബൈ നഗരത്തിൽ അവതരിപ്പിച്ച നെയ്ബർലി സോഷ്യൽ നെറ്റ്‍വർക്കിങ് സേവനം കൂടുതൽ നഗരങ്ങളിലേക്ക്. പ്രാദേശികമായ നുറുങ്ങുകളും വിവരങ്ങളും സഹായങ്ങളും പങ്കുവയ്ക്കാനും ജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പുതിയ ആപ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് മേയിൽ മുംബൈയിൽ അവതരിപ്പിച്ചത്. നാലു മാസത്തെ പരീക്ഷണത്തിനു ശേഷം ഇപ്പോൾ കൂടുതൽ നഗരത്തിലേക്കു കൂടി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. ജയ്പൂർ, അഹമ്മദാബാദ്, കോയമ്പത്തൂർ, കോട്ട, മൈസൂർ വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് നെയ്ബർലി പുതുതായി എത്തിയിരിക്കുന്നത്. 

ഗൂഗിൾ മാപ്സ് സേവനത്തിലെ ലോക്കൽ ഗൈഡ്സിനു സമാനമായ രീതിയിൽ വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ മറ്റുള്ളവർക്കു പങ്കുവയ്ക്കുകയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി അവശ്യസമയത്തു വേണ്ട സഹായം നൽകുകയുമാണ് അംഗങ്ങളുടെ ദൗത്യം. അർഥശൂന്യമായ ചർച്ചകൾ നടത്തി അടികൂടുന്ന സമൂഹമാധ്യമശൈലിക്കു പകരം പുതിയൊരു ആശയം എന്ന നിലയ്ക്കാണ് നെയ്ബർലി ആപ്പ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.