Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈലറ്റ് ഹീറോ, സാഹസിക ലാൻഡിങ്, 370 പേരെ രക്ഷിച്ചത് എങ്ങനെ?

air-india-

‘ഞങ്ങൾ വല്ലാത്തൊരു വിഷമ വൃത്തത്തിലാണ്, സത്യത്തിൽ കുടുങ്ങിയ അവസ്ഥ, ഇന്ധനമാണെങ്കിൽ കഴിയാറുമായി’– എയർ ഇന്ത്യയുടെ ബോയിങ് 777–300 വിമാനത്തിൽ നിന്നും ന്യൂയോർക്കിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് എത്തിയ സന്ദേശം ഇതായിരുന്നു. 370 യാത്രക്കാരുമായി ന്യൂഡൽഹിയിൽ നിന്നും 15 മണിക്കൂറിലേറെ നിർത്താതെ പറന്നെത്തിയ എഐ –101 വിമാനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നില്ല. 

സെപ്റ്റംബർ 11 ആയിരുന്നു സംഭവം. പൈലറ്റിനും യാത്രക്കാര്‍ക്കും ഒരുപോലെ ആശങ്കയുടെ നിമിഷങ്ങൾ സമ്മാനിച്ച ഈ സംഭവത്തിന്റെ വാർത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള സർവീസുകളിലൊന്നാണിത്. 

വിമാന യാത്രയുടെ ഏറ്റവും നിർണായക നിമിഷങ്ങളിലൊന്നായ ലാൻഡിങ് സമയത്ത് പൈലറ്റ് അനുഭവിച്ച ഏറ്റവും വലിയ അഗ്നിപരീക്ഷകളിലൊന്നായിരുന്നു അത്. ‘ഒരു അൾട്ടിമീറ്റർ മാത്രമാണ് സാങ്കേതികമായി പ്രവർത്തിക്കുന്നത്. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന സംവിധാനവും തകരാറിലാണ്. ഓട്ടോ ലാൻഡ് പ്രവര്‍ത്തനക്ഷമമല്ല, വിൻഡ്ഷിയർ സംവിധാനം, ഓട്ടോ സ്പീഡ് ബ്രേക്ക് ഓക്സിലറി പവർ യൂണിറ്റ് എന്നിവയും പ്രവർത്തിക്കുന്നില്ല’ – എയർ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് ന്യൂയോർക്കിലെ എയർ ട്രാഫിസ് കൺട്രോളിനെ അറിയിച്ചിരുന്നു. 

രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും റൺവേയുമായി സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റിനെ സഹായിക്കുന്ന മൂന്നു ഇൻസ്ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനവും പ്രവർത്തിക്കുന്നില്ലെന്ന വിവരവും പൈലറ്റ് കൈമാറുന്നുണ്ട്. 

രണ്ടു വശത്തുമുള്ള ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനവും തകരാറിലാണല്ലേ എന്ന് എയർ‌ ട്രാഫിക് കണ്‍ട്രോളിന്‍റെ ചോദ്യത്തിന് പൈലറ്റ് അതേ എന്ന ഉത്തരം നൽകുന്നുണ്ട്. രണ്ടു വശത്തുമുള്ള റേ‍ഡിയോ അൾട്ടിമീറ്ററുകൾ പ്രവർത്തനരഹിതമാണല്ലോ എന്ന എടിസിയുടെ ചോദ്യത്തിന് അതെ, ഒരു റേഡിയോ അൾട്ടിമീറ്റർ മാത്രമാണ് നിലവിൽ പ്രവർത്തനസജ്ജമെന്നാണ് പൈലറ്റ് നൽകുന്ന മറുപടി. ചുരുക്കത്തിൽ അവശ്യഘട്ടങ്ങളിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളൊന്നും കൂടാതെ, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി വിമാനം നിലത്തിറക്കുക എന്ന സാഹസികമായ ദൗത്യം പൈലറ്റ് നിർവഹിക്കണം. 

വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്നും എത്ര ഇന്ധനം ശേഷിക്കുന്നുണ്ടെന്നുമുള്ള എടിഎസിന്‍റെ ചോദ്യത്തിന് 370 പേരാളുള്ളതെന്നും 7200 കെജി ഇന്ധനും ബാക്കിയുണ്ടെന്നും പൈലറ്റുമാരിൽ ഒരാൾ മറുപടി നൽകുന്നുണ്ട്. ഒടുവിൽ നേവാർക്ക് വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. പ്രവർത്തനക്ഷമമായ ചുരുക്കം ഗതിനിയന്ത്രണ ഉപാധികൾ ഉപയോഗിച്ച് ലാൻഡ് ചെയ്യാനായിരുന്നു പൈലറ്റുമാരുടെ തീരുമാനം. കുറുകെയും കുത്തനെയുമുളള ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സമീപന രീതി അനുകരിക്കുക എന്ന മാർഗമാണ് പൈലറ്റുമാർ വിജയകരമായി നടപ്പിലാക്കിയത്. എയർ ഇന്ത്യ വൈമാനികരെ പഠിപ്പിക്കാത്ത ഒരു രീതിയാണിതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർഇന്ത്യ വിമാനം വളരെയധികം താഴ്ന്നു പറക്കുന്നതായി നേവാർക്ക് വിമാനത്താവള അധികൃതർ മുന്നറിയിപ്പു നൽകി 90 സെക്കൻഡുകൾക്കകം വിമാനം നിലം തൊട്ടു. 

pilots പൈലറ്റുമാർ

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ എയർ ഇന്ത്യ വിസമ്മതിച്ചു. liveatc.net. ആണ് പൈലറ്റുമാരും എയർ ട്രാഫിക് കണ്‍ട്രോളുമായി നടന്ന സംഭാഷണത്തിന്‍റെ ഓഡിയോ പുറത്തുവിട്ടത്.