Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെസോസ് പിശുക്കനല്ല, സ്വന്തം നാട്ടുകാരെ സഹായിച്ച് ലോക കോടീശ്വരൻ

Bezos

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് തീരുമാനിച്ചു. ദരിദ്രര്‍ക്ക് വീടുവെക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ ചിലവാക്കുമെന്നാണ് ബെസോസിന്റെ പ്രഖ്യാപനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പിശുക്കു കാണിക്കുന്നുവെന്ന വലിയ തോതിലുള്ള വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ജെഫ് ബെസോസിന്റെ തീരുമാനം.

ആമസോണിന്റെ ആസ്ഥാന നഗരമായ സിയാറ്റിലില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ സഹായങ്ങള്‍ക്കോ സ്ഥാപനം തയ്യാറാകുന്നില്ലെന്ന് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ആമസോണിന്റെ വിപണിമൂല്യം ഒരു ട്രില്യൻ ഡോളര്‍ കടന്നിരുന്നു. ഇതോടെ ആപ്പിളിനു താഴെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആമസോണ്‍ മാറി. എന്നിട്ടും മറ്റുള്ളവരെ സഹായിക്കുന്നതില്‍ ആമസോണിനും ജെഫ് ബെസോസിനുമുള്ള വിമുഖതയാണ് വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയത്. 

ആദ്യഘട്ടമായാണ് സിയാറ്റിലിലെ വീടില്ലാത്ത ദരിദ്രര്‍ക്ക് വീടു വെക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് പഠിക്കുന്നതിനുമായി രണ്ട് ബില്യൻ ഡോളര്‍ നല്‍കുന്നതെന്നാണ് ജെഫ് ബെസോസ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒകളുമായി ചേര്‍ന്നായിരിക്കും ആമസോണ്‍ പദ്ധതികള്‍ നടപ്പിലാക്കുക. കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനൊപ്പം മോണ്ടിസോറി പ്രീ സ്‌കൂളുകള്‍ ആരംഭിക്കാനും ആമസോണിന് പദ്ധതിയുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേയും ഫെയ്സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും അപേക്ഷിച്ച് ഇപ്പോഴും ആമസോണിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ്. വര്‍ഷങ്ങളായി ബില്‍ഗേറ്റ്‌സ് ദശലക്ഷക്കണക്കിന് ഡോളറുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക് ഓഹരിയുടെ 99 ശതമാനവും ഇത്തരം പ്രവര്‍ത്തികള്‍ക്കായി മാറ്റിവെക്കുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപനം വന്നിരുന്നു. 

ആമസോണിലെ ഓഹരി പങ്കാളിത്തവും ഉടമസ്ഥാവകാശവുമാണ് ബെസോസിനെ ലോകത്തെ പ്രധാന ധനികരിലൊരാളാക്കുന്നത്. ആമസോണിന് പുറമേ ബ്ലൂ ഒറിജിന്‍ എന്ന പേരില്‍ ജെഫ് ബെസോസിന് ബഹിരാകാശ കമ്പനിയുമുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ഈ കോടീശ്വരന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വന്തം നഗരമായ വാഷിങ്ടണിലെ സിയാറ്റിലില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന വിമര്‍ശനം അവസാനിപ്പിക്കാനാണ് ബോസോസ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. പ്രന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ അര്‍ബുദ ഗവേഷണ കേന്ദ്രത്തിനും പണം നല്‍കുന്നുണ്ടെന്ന് ജെഫ് ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്.