Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബര്‍ 'മര്യാദ പഠിപ്പിക്കും'; റേറ്റിങ് നോക്കി യാത്രക്കാർക്ക് വിലക്കും

ഊബറിന്റ കടന്നുവരവ് പല നഗരങ്ങളിലെയും യാത്രക്കാര്‍ക്ക് ഉണര്‍വു പകര്‍ന്നിട്ടുണ്ട്. ടാക്‌സി വിളിക്കുന്ന രീതി പുനര്‍നിര്‍വ്വചിക്കുകയായിരുന്നു അവര്‍ ചെയ്തതെന്നു വേണമെങ്കിൽ പറയാം. ആരോ ചോദിക്കാനും പറയാനും ഉണ്ടെന്നത് പല യാത്രക്കാര്‍ക്കും ധൈര്യം പകര്‍ന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, വണ്ടി വിളിക്കുന്ന രീതിയും എല്ലാം ടെക്‌നോളജി ഇഷ്ടപ്പെടുന്നവര്‍ക്കും മറ്റും ഇഷ്ടപ്പെട്ടു. 

പക്ഷേ, ഇനി ഊബറില്‍ യാത്ര തുടരണമെങ്കില്‍ ഫൈവ്-സ്റ്റാര്‍ റേറ്റിങ് ഉറപ്പാക്കുന്നതായിരിക്കും ഉചിതം. റേറ്റിങ് നാലില്‍ താഴ്ന്നാല്‍ നിങ്ങള്‍ക്ക് ഊബര്‍ ആപ്പ് തുറക്കാനെ സാധിക്കാത്ത രീതിയില്‍ ബ്ലോക്ക് ആക്കിയേക്കാം. അതായത്, പിന്നെ ഊബര്‍ വിളിക്കാന്‍ സാധ്യമായേക്കില്ല. ഇനി ഇന്‍സ്റ്റഗ്രാമിന്റെ റാങ്കിങ് പോലെ, ട്വിറ്ററിലെ നീല ടിക് മാര്‍ക്ക് പോലെ ഊബറിന്റെ ഫൈവ്-സ്റ്റാര്‍ റേറ്റിങും നിങ്ങളെ അളക്കാന്‍ ഉപയോഗിച്ചേക്കാം. 

കമ്പനി കൊണ്ടുവരുന്ന പുതിയ വിലയിരുത്തല്‍ സംവിധാനത്തിലാണ് ഈ മാറ്റങ്ങള്‍. അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. എന്നാല്‍‌ ബ്രിട്ടനിലോ മറ്റു രാജ്യങ്ങളിലോ എത്തിയിട്ടില്ല. ഊബറിന്റെ പുതിയ അപ്‌ഡേറ്റഡ് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഇരു രാജ്യങ്ങളിലും ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. ഈ മാറ്റങ്ങളെല്ലാം തങ്ങളുടെ ഡ്രൈവര്‍മാര്‍ നല്‍കിയ പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവായാണെന്നാണ് ഊബര്‍ പറയുന്നത്.

ഒരു യാത്രക്കാരന്റെ റേറ്റിങ് നിരന്തരം താഴ്ന്നു നിന്നാല്‍ അയാൾക്ക് ഊബർ സേവനം പിന്നെ കിട്ടാതായേക്കാമെന്ന് അവര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കുന്നുണ്ട്.

എന്തിനാണ് റേറ്റിങ്?

റേറ്റിങ് സമ്പ്രദായത്തിലൂടെ ഡ്രൈവര്‍മാരുടെയും ഒപ്പം യാത്രക്കാരന്റെയും പെരുമാറ്റം മെച്ചപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. യാത്രക്കാരന്റെ റേറ്റിങ് നാലോ അതില്‍ താഴെയോ ആയാല്‍ ബ്ലോക്കു ചെയ്യാനാണ് കമ്പനിയുടെ ഉദ്ദേശം. 

റേറ്റിങ് താഴാതിരിക്കാന്‍ യാത്രക്കാരന്‍ എന്തു ചെയ്യണം?

എവിടെ വന്നു പിക്-അപ് ചെയ്യണമെന്നതിനുള്ള പിന്‍ ഡ്രോപ് കൃത്യത വേണം. അതായത് ലൊക്കേഷന്‍ കൃത്യമായിരിക്കണം. വാഹനത്തിനകം വൃത്തികേടാക്കരുത്. വണ്ടിയിലിരുന്നു കഴിക്കാന്‍ ഭക്ഷണവും പാനീയങ്ങളുമായി വരരുത്. വണ്ടിയുടെ വാതില്‍ വലിച്ചടയ്ക്കരുത്. ഒരു ഡ്രൈവറുടെ കാറിനെ അയാളുടെ ഓഫിസായി കാണുക. ഓഫിസില്‍ നല്ല പെരുമാറ്റം നടത്താനാണ് തങ്ങള്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നതെന്നാണ് ഊബര്‍ പറയുന്നത്.

വണ്ടിക്കു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കുക. ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വീഴ്ത്തുക, ശര്‍ദ്ദിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടന്നാല്‍ നിങ്ങളുടെ റേറ്റിങ് താഴുമെന്നാണ് ഊബര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതു കൂടാതെ, വണ്ടി വൃത്തിയാക്കാനുള്ള പൈസയും യാത്രക്കാരനില്‍ നിന്നു ഈടാക്കാനും ഊബര്‍ ഉദ്ദേശിക്കുന്നുണ്ട്.

സൗഹാര്‍ദ്ദപരമായിരിക്കുക

സൗഹാര്‍ദ്ദപരമായ പെരുമാറ്റത്തിനും മാര്‍ക്കു വീഴാം. ഉദാഹരണത്തിന് മര്യാദയോടെ ഡ്രൈവറോട് വണ്ടിയില്‍ പാട്ടുവയ്ക്കാന്‍ പറയുന്നതും അല്ലെങ്കില്‍ ചില്ലു താഴ്ത്താന്‍ പറയുന്നതും, ആജ്ഞാപിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടാകാം. 

സമയത്തിനെത്തുക

ഊബര്‍ വിളിക്കുമ്പോള്‍ത്തന്നെ കൃത്യം എത്ര മിനിറ്റിനുള്ളില്‍ നിങ്ങളുടെ വാഹനം എത്തുമെന്നറിയാം. അതുകൊണ്ട് താമസിച്ചെത്തുന്ന രീതി വച്ചുപൊറുപ്പിക്കില്ല.

നിയമലംഘനം നടത്താതിരിക്കുക

ഒരു വാഹനത്തില്‍ അഞ്ചു പേര്‍ക്കുള്ള ഇടമേയുള്ളുവെങ്കില്‍ ഏഴു പേരെ കയറ്റണമെന്നു പറഞ്ഞ് ഡ്രൈവറോട് വഴക്കിടരുത്. അത് അപകടകരമാണെന്നതു കൂടാതെ നിയമ ലംഘനവുമാണ്. സീറ്റ് ബെല്‍റ്റ് ധിരിക്കുക തുടങ്ങിയ സുരക്ഷാമാര്‍ഗ്ഗങ്ങളും യാത്രക്കാരന്‍ സ്വീകരിക്കണം. ഇന്ത്യയില്‍ ഈ നിയമങ്ങള്‍ എത്തുന്നത് എന്നെണെന്ന് അറിവായിട്ടില്ല.