Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു സൂചന, ഇന്ത്യയിൽ ജിയോ മാത്രമാകും? ഞെട്ടിക്കും കണക്കുകൾ പുറത്ത്

Jio-airtel-blockchain

കൃത്യമായി പറഞ്ഞാല്‍ 2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ടു വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാൻ സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു.

എന്നാൽ ട്രായിയുടെ ഏറ്റവും പുതിയ കണക്കുകൾ എയർടെൽ, ഐഡിയ–വോഡഫോൺ കമ്പനികളുടെ ഉറക്കം കെടുത്തുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജിയോ വരിക്കാരുടെ എണ്ണം കുത്തനെയാണ് വർധിച്ചത്. ജൂലൈ മാസത്തിലെ ട്രായി റിപ്പോർട്ട് വന്നപ്പോൾ ടെലികോം മേഖല ഒന്നടങ്കം കണ്ണുതള്ളി. കഴിഞ്ഞ ദിവസം പൊട്ടിമുളച്ച ജിയോ കേവലം 30 ദിവസം കൊണ്ട് ഒരു കോടിയിൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ ഐഡിയ നേടിയോ കേവലം 5000 പേരെ മാത്രം. വർഷങ്ങളോളം വിപണിയിൽ എല്ലാ കളികളും കളിച്ചിട്ടുള്ള ഐഡിയ ഒരു സുപ്രഭാതത്തിൽ താഴോട്ടു പോയിട്ടുണ്ടെങ്കിൽ ജിയോയുടെ വരവ് അവർ ചെറിയ ഭീഷണിയല്ല.

2017 ജൂലൈയിൽ ജിയോ വരിക്കാർ കേവലം 12.9 കോടി ആയിരുന്നു എങ്കില്‍ 2018 ജൂലൈയില്‍ ഇത് 22.7 കോടിയിലെത്തി. 2018 ലെ ആദ്യത്തെ രണ്ടു പാദ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോഴും ടെലികോം വിപണിയിൽ രക്ഷപ്പെട്ടത് ജിയോ മാത്രമാണ്. കോടികളുടെ ഡേറ്റയും കോളുകളും ഫ്രീ നൽകിയിട്ടും ജിയോ അവതരിപ്പിച്ചത് ലാഭങ്ങളുടെ കണക്കാണ്. എന്നാൽ പ്രധാന എതിരാളികളായ എയർടെൽ, ഐഡിയ കമ്പനികൾ നഷടത്തിന്റെയും വൻ കടബാധ്യതകളുടെയും കണക്കാണ് അവതരിപ്പിച്ചത്. ജിയോ വന്നതിന് ശേഷം തുടർച്ചയായി എട്ടു പാദങ്ങളിലാണ് ഐഡിയ സെല്ലുലാർ നഷ്ടം നേരിട്ടത്. കഴിഞ്ഞ നാലു പാദങ്ങളിലും വൻ ലാഭം സ്വന്തമാക്കിയ ജിയോ മറ്റു കമ്പനികളെ ഏകദേശം ഒതുക്കി കഴിഞ്ഞു. അടുത്ത പദ്ധതികൾ കൂടി വരുന്നതോടെ ടെലികോം കമ്പനികൾ വൻ പ്രതിസന്ധിയിലാകും. കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ജിയോ മാത്രമായി ഒതുങ്ങുമെന്നാണ് മിക്ക വിപണി വിദഗ്ധരും പറയുന്നത്. ജിയോയുടെ പുതിയ സർവീസുകളും പ്ലാനുകളും വരാനിരിക്കുകയാണെന്നത് മറ്റൊരു വസ്തുത.

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജിയോ

നെറ്റ്‌വർക്ക് വേഗത്തിന്റെ കാര്യത്തിലും വരിക്കാരുടെ എണ്ണത്തിലും മറ്റു സേവനദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ജിയോ ബഹുദൂരം മുന്നിലാണ്. ‘ഫ്രീ സൂനാമി’യും ജിയോ ഫീച്ചർ ഫോൺ ഓഫറുകളുമാണ് ജിയോയുടെ വളർച്ചാ വേഗം കൂട്ടിയത്. പുതിയ വരിക്കാരുടെ എണ്ണം കൂടാൻ മറ്റൊരു കാരണം മിക്ക സ്മാർട് ഫോൺ ബ്രാൻഡുകളുമായും ജിയോ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു എന്നതാണ്. ഓരോ സ്മാർട് ഫോണിനൊപ്പവും ജിയോ സിമ്മുകളും സൗജന്യമായി നൽകുന്നുണ്ട്.

ഡേറ്റ വിനിയോഗത്തിന്‍റെ കാര്യത്തിൽ എല്ലാ ടെലികോം സേവനദാതാക്കൾക്കും ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ജിയോ തന്നെയാണ് ഇവിടെയും മുന്നിൽ നിൽക്കുന്നത്. ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നത് ജിയോ വരിക്കാർ തന്നെയാണ്.

പുതിയ ടെക്നോളജിയിലേക്ക് മാറാനിരിക്കുന്ന ജിയോയെ ഉപഭോക്താക്കൾ സ്വീകരിക്കുമെന്നതിൽ സംശയമില്ല. ഇത്രയും ഫ്രീ നൽകിയിട്ടും ജിയോ വരിക്കാരനിൽ നിന്നും ലഭിക്കുന്ന ആളോഹരി വരുമാനത്തിനും കാര്യമായി കുറവ് വന്നിട്ടില്ല. അതായത് ജിയോ വരിക്കാർ റീചാർജ് ചെയ്യുന്നുണ്ടെന്ന്. എന്നാൽ മറ്റു കമ്പനികളുടെ വരിക്കാരിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞിട്ടുമുണ്ട്.

related stories