Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–ലോകം രണ്ടായി പിളരും, പകുതി ചൈനയ്ക്ക് കീഴില്‍; ഇന്ത്യയിൽ സംഭവിച്ചത് മറ്റൊന്ന്!

internet-map

ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം പ്രാണവായുവിനും, കുടിവെള്ളത്തിനും, ഭക്ഷണത്തിനുമൊപ്പമാണെന്നു പോലും വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടു തന്നെ ഇന്റർനെറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചകളും പലപ്പോഴും സാധാരണക്കാര്‍ക്കു പോലും താത്പര്യജനകവുമാകും.

ഗൂഗിളിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എറിക് സ്മിഡ്റ്റ് പറയുന്നത് പത്തു വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് രണ്ടായി വിഭജിക്കപ്പടുമെന്നാണ്. ഇതില്‍ ഒന്നിനെ ചൈനയും രണ്ടാമത്തെത് അമേരിക്കയും നയിക്കുമെന്നും അദ്ദേഹം പറയുന്നു. ചൈനയില്‍ ഏറിവരുന്ന സെന്‍സര്‍ഷിപ്പാണ് സ്മിഡ്റ്റിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ഓണ്‍ലൈനില്‍ അവരുടെ പൗരന്മാര്‍ എന്തു കാണണം, എന്തു കാണരുത് എന്നൊക്കെ ചൈന തീരുമാനിക്കാന്‍ തുടങ്ങുമ്പോള്‍ അത്തരമൊരു ഇന്റര്‍നെറ്റ് പാശ്ചാത്യ ലോകത്തിന് അംഗീകരിക്കാന്‍ സാധ്യമല്ലാതാകുമെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് 2028ലെങ്കിലും പരസ്പരം ബന്ധപ്പെടാത്ത രണ്ട് ഇന്റര്‍നെറ്റ് ലോകത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇത് തുടങ്ങിക്കഴിഞ്ഞു. ചൈനയുടെ ഫയര്‍വോള്‍ വന്‍മതില്‍ ഫെയ്‌സ്ബുക്കും യൂട്യൂബുമടക്കമുള്ള വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതു തടയുകയാണ്. ചൈനയുടെ സ്വന്തം ബായിഡുവാണ് ബാന്‍ ചെയ്യപ്പെട്ട സര്‍വീസുകള്‍ക്കു പകരമുള്ളത് നല്‍കുന്നത്. ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ സ്മിഡ്റ്റ് (14 ബില്യന്‍ ഡോളറാണ് ആസ്തി) സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് തന്റെ വാദം അവതരിപ്പിച്ചത്. 

ലോകത്ത് രണ്ടു വ്യത്യസ്ത മുഖങ്ങളുമായായിരിക്കും ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റ് പല കഷണങ്ങളായി ചിതറാൻ വഴിയുണ്ടെങ്കിലും അതിനെക്കാളേറെ രണ്ടു ഗ്രൂപ്പുകളാകളാകാനാണു കൂടുതല്‍ സാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വരുമാനത്തെപ്പറ്റിയും സ്മിഡ്റ്റ് വാചാലനായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ അതെല്ലാം പടിഞ്ഞാറന്‍ കമ്പനികള്‍ക്കാണു പോകുന്നതെന്നോര്‍ക്കുക. ഇന്റർനെറ്റിൽ നിന്ന് വരുമാനമുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മുന്നേറ്റം പ്രകടമാണ്. എന്നാൽ ലഭിക്കുന്ന വരുമാനമെല്ലാം ലോകോത്തര കുത്തക കമ്പനികൾ കൊണ്ടുപോകുകയാണ്. എന്നാൽ ചൈനയിൽ കാര്യങ്ങൾ വേറെ വഴിക്കാണ് പോകുന്നത്. ചൈനയില്‍ ഉണ്ടായിരിക്കുന്ന കമ്പനികള്‍ അത്ര ഗംഭീരമാണ്. അവയുണ്ടാക്കുന്ന പൈസയും അത്രമാത്രമാണ്, എന്നാണ് സ്മിഡ്റ്റ് പറഞ്ഞത്. താന്‍ അടുത്തകാലത്ത് അവിടെ പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഇന്റര്‍നെറ്റ് ചൈനയുടെ ജിഡിപിയെക്കാള്‍ കൂടുതല്‍ ശതമാനം മൂല്യമുള്ളതാണ്. അതൊരു വലിയ സംഖ്യയാണ്. അമേരിക്കയിലെതിനെക്കാള്‍ കൂടുതലാണിത്. അമേരിക്കയിലേതും വന്‍ സംഖ്യയാണെന്ന് അദ്ദേഹം തുടര്‍ന്നു.

ഓണ്‍ലൈനായി എത്തിച്ചു കൊടുക്കുന്ന സാധനങ്ങളുടെ കച്ചവടം ഇനിയും കൂടും. എന്നാല്‍, ബെയ്ജിങ്ങിന്റെ ഉരുക്കുമുഷ്ടി ഭരണം ഇന്റര്‍നെറ്റിനെ ചൊല്‍പ്പടിക്കു നിറുത്താനെ ശ്രമിക്കൂവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവര്‍ ചൈനയുടെ സ്വന്തം ഇന്റര്‍നെറ്റ് എന്ന ആശയത്തോടു യോജിക്കാനാണു സാധ്യത.

ചൈന മുന്‍കൈ എടുത്തു നിര്‍മിക്കുന്ന പ്രൊഡക്ടുകളുടെയും സേവനങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രപഞ്ചം ലോകം കാണാന്‍ പോകുകയാണ്. എന്നാല്‍, പേടിപ്പിക്കുന്നത് അവിടുത്തെ സർക്കാരിന്റെ ഇടപെടലാണെന്നും അദ്ദേഹം പറയുന്നു.

തുടര്‍ച്ചയായി 17 വര്‍ഷം ഗൂഗിളിന്റെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ ഇരുന്നയാളാണ് സ്മിഡ്റ്റ്. സാങ്കേതികവിദ്യയുടെ ഭാവിയെപ്പറ്റി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്കായി ലോകം കാതോര്‍ക്കാറുണ്ട്. കാരണം അവ പലപ്പോഴും ശരിയാകും.

ചൈനയും റഷ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കുന്ന കാര്യത്തില്‍ എടുത്തിരിക്കുന്ന പ്രത്യേക താൽപര്യം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളുമിത് വാണിജ്യാവശ്യങ്ങള്‍ക്കും സൈനികാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിലൂടെ അവര്‍ ലോകത്ത് മേല്‍ക്കോയ്മ നേടാനുള്ള സാധ്യതയും അദ്ദേഹം കാണുന്നുണ്ട്. ചൈനയുടെയും റഷ്യയുടെയും അധികാരികള്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതില്‍ താന്‍ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹം ബിബിസിക്കു നല്‍കിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

google-china

യൂറോപ്പിലും അമേരിക്കയിലും നിര്‍മാണത്തിലിരിക്കുന്ന അവിശ്വസനീയമായ ശേഷികളുള്ള യന്ത്രങ്ങളുടെ നിര്‍മാണത്തിന് പൈസ എത്തേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രങ്ങളുടെ നിര്‍മാണത്തില്‍, ഗവേഷണത്തോടൊപ്പം നൈതികമായ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതായുണ്ടെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. 

അമേരിക്കയിലും, യൂറോപ്പിലും ഇപ്പോള്‍ നടക്കുന്ന റോബോട്ടിക് ഗവേഷണങ്ങളില്‍ വേണ്ട പുരോഗതി കൈവരിക്കാനായില്ലെങ്കില്‍ ചൈനയും റഷ്യയും തങ്ങളുടെ മേധവിത്വം ഉറപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീതി.