Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട്ടിൽ തെര്‍മോഗ്രാഫിക് ക്യാമറ നിരീക്ഷണവും; ലക്ഷ്യമെന്ത്?

thermographic-camera

രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിക്കാന്‍ പോകുകയാണ്. കുവൈത്തിലെ രാജ്യാന്തര വിമാനത്താവളത്തിൽ നേരത്തെ തന്നെ തെർമോഗ്രാഫിക് ക്യാമറ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. മറ്റു രാജ്യങ്ങളില്‍ പോയി മടങ്ങുന്നവരില്‍ രോഗബാധിതരുണ്ടോ എന്നറിയാനാണ് ഈ ക്യാമറ ശ്രമിക്കുക. ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ അവരുടെ രാജ്യത്ത് എത്താതിരിക്കാനാണ് ശ്രമിക്കുന്നത്. ശരീര താപം തിട്ടപ്പെടുത്തിയാണ് ക്യാമറ രോഗബാധിതരെ കണ്ടെത്തുന്നത്. അങ്ങനെ കണ്ടെത്തുന്നവരെ മാറ്റി നിറുത്തി ചികിത്സ നല്‍കാനാണ് കുവൈത്തിന്റെ തീരുമാനം.

സമാനമായ തെര്‍മല്‍ ക്യാമറ സൗദി അറേബ്യയും പിടിപ്പിച്ചു കഴിഞ്ഞു. സിംഗപ്പൂരാകട്ടെ നിരത്തിലും മറ്റും നിയമം ലംഘിച്ചു പുക വലിക്കുന്നവരെ കണ്ടുപിടിക്കാനാണ് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. സർക്കാർ ഉദ്ദേശിക്കുന്നത് 300 എച്ച്ഡി ക്യാമറകള്‍ സ്ഥാപിക്കാനാണ്. പൊതു സ്ഥലത്തു പുകവലിച്ചു പിടിക്കപ്പെട്ടാല്‍ 740 ഡോളറാണ് സിംഗപ്പൂര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. പുകവലി നിരോധിത മേഖലയില്‍ ഒരാള്‍ സിഗരറ്റു കത്തിച്ചു പിടിച്ചാല്‍ അപ്പോള്‍ തന്നെ അറിയാനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. 1970കള്‍ മുതല്‍ ഇത്തരം നിയമങ്ങള്‍ നിലവിലുണ്ട്. (രസകരമായ മറ്റൊരു കാര്യം ഇത്തരം പല ചെറിയ കുറ്റങ്ങള്‍ക്കും വന്‍ പിഴയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ്. വന്‍ പിഴയൊടുക്കേണ്ട മറ്റൊരു കുറ്റ കൃത്യം പബ്‌ളിക് ടോയ്‌ലറ്റുകള്‍ ഉപയോഗിച്ച ശേഷം വെള്ളം ഫ്‌ളഷു ചെയ്യാതെ പോകുന്നതാണ്.)

എന്താണു തെര്‍മല്‍ ക്യാമറകള്‍?

തെര്‍മോഗ്രാഫിക് ക്യാമറ, തെര്‍മല്‍ ഇമെജിങ് ക്യാമറ, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇമെജിങ് സാങ്കേതികവിദ്യകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അവയ്ക്ക് പല സമാനതകളുമുണ്ട്. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചാണ് ഇവ ചിത്രങ്ങളെടുക്കുന്നത്. സാധാരണ ക്യാമറ കണ്ണിനു കാണാവുന്ന (400–700 നാനോ മീറ്റര്‍ റെയ്ഞ്ചിലുള്ള) പ്രകാശമാണ് ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ തെര്‍മല്‍ ക്യാമറകള്‍ 14,000 നാനോമീറ്റര്‍ വരെയുള്ള വേവ്‌ലങ്തുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഫ‌ൊട്ടോഗ്രഫിയെ തെര്‍മോഗ്രാഫി എന്നു വിളിക്കുന്നു.

ആദ്യ തെര്‍മോഗ്രാഫിക് ക്യാമറ 1929ലാണു നിര്‍മിച്ചത്. എന്നാല്‍ സ്മാര്‍ട് സെന്‍സറുകളുടെ കണ്ടുപിടിത്തത്തോടെ സെക്യൂരിറ്റി ക്യാമറകളിലേക്ക് തെര്‍മല്‍ ക്യാമറകള്‍ കയറുകയായിരുന്നു. രാത്രിയിലും ഇവയുടെ പ്രവര്‍ത്തനം സാധ്യമാണെന്നതാണ് സാധാരണ ക്യാമറകളെ അപേക്ഷിച്ച് ഇവയുടെ പ്രവര്‍ത്തനത്തിലുള്ള മറ്റൊരു മാറ്റം. 1990കളിലാണ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍ പൊതു സ്ഥലങ്ങളിലും മറ്റും സ്ഥാപിക്കാന്‍ തുടങ്ങുന്നത്. ഇലക്ട്രോമാഗ്നെറ്റിക് സ്‌പെക്ട്രത്തിന്റെ ഒരു ഭാഗമാണ് ഇന്‍ഫ്രാറെഡ് ഊര്‍ജ്ജവും.

ഇത്തരം ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കൂടുതലും ഏകവര്‍ണ്ണത്തിലുള്ളതായിരിക്കും (monochromatic). സാധാരണ ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറിന് കൂടുതല്‍ സങ്കീര്‍ണ്ണമായ സെന്‍സറുകളാണ് വേണ്ടത്. അതിന് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. എന്നാല്‍, ചലിപ്പോഴെല്ലാം, തെര്‍മല്‍ ക്യാമറകളെടുക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നീട് കളര്‍ നല്‍കുന്ന രീതിയുമുണ്ട്. പ്രധാനമായും രണ്ടു തരം തെര്‍മോഗ്രാഫിക് ക്യാമറകളാണുള്ളത്. ഇന്‍ഫ്രാറെഡ് ഇമേജ് ഡിറ്റക്ടറുകളും അണ്‍കൂള്‍ഡ് ഡിറ്റക്ടറുകളും അടങ്ങുന്നവ. 

കൊറിയന്‍ യുദ്ധ സമയത്ത് സൈന്യമാണ് തെര്‍മോഗ്രാഫിക് ക്യാമറകള്‍ ആദ്യമായി ഉപയോഗിച്ചതെന്നു പറയുന്നു. പിന്നീട് അത് രോഗനിര്‍ണ്ണയത്തിനും പുരാവസ്തു ഗവേഷണത്തിനുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. ആധുനിക സെന്‍സര്‍ ടെക്‌നോളജിയും സോഫ്റ്റ്‌വെയറും തെര്‍മല്‍ ചിത്രമെടുപ്പിന് പുതിയ സാധ്യതകള്‍ കണ്ടെത്തി പുതു ജീവന്‍ പകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.