Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 കോടി കുടിശിക, അനിൽ അംബാനിക്കെതിരെ എറിക്സൺ

anil-mukesh-ambani-

കുടിശികയായ 500 കോടി രൂപ നിശ്ചിത സമയപരിധിക്കുള്ളിൽ അടയ്ക്കാത്തിനെ തുടർന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ കോടതിയലക്ഷ്യ കേസുമായി സ്വീഡിഷ് കമ്പനിയായ എറിക്സൺ. സെപ്റ്റംബർ മുപ്പതിനായിരുന്നു കുടിശിക അടയ്ക്കാനുള്ള സമയപരിധി അവസാനിച്ചത്. അറുപതു ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതെയാണ് സ്വീഡിഷ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. പാപ്പരായി പ്രഖ്യാപിക്കുന്നതിലേക്കുള്ള നടപടികളിലേക്ക് നയിക്കുമെന്നതിനാൽ റിലയൻസ് ജിയോയ്ക്ക് സ്പെക്ട്രം വിൽക്കാനുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസിന്‍റെ നീക്കത്തെ വരെ ഇതു സാരമായി ബാധിച്ചേക്കും. 

കുടിശിക സംബന്ധിച്ച തർക്കത്തിൽ ഇരുപാർട്ടികളോടും ഒരു സമവായത്തിലെത്താൻ നിർദേശിച്ച ദേശീയ കമ്പനി നിയമ അപ്പീൽ ട്രൈബ്യൂണൽ, 550 കോടി കുടിശിക സെപ്റ്റംബർ അവസാനത്തോടെ കൊടുത്തു തീർക്കാൻ റിലയൻസ് കമ്മ്യൂണിക്കേഷൻസിനോട് ആവശ്യപ്പെട്ടിരുന്നു. എറിക്സണ് റിലയൻസ് നൽകാനുള്ള കുടിശികയുടെ പകുതി മാത്രമാണിത്. കേസ് ഇന്ന് വീണ്ടും ട്രൈബ്യൂണലിന്‍റെ പരിഗണനക്ക് വരും. കുടിശിക തീര്‍ക്കാൻ റിലയൻസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പാപ്പർ നടപടികൾ വീണ്ടും ആരംഭിക്കുമെന്നും കമ്പനിയുടെ സ്വത്തുക്കളുടെ വിൽപന നടന്നിട്ടുണ്ടെങ്കിൽ മരവിപ്പിക്കുമെന്നുമുള്ള വ്യവസ്ഥയോടെയായിരുന്നു ട്രൈബ്യൂണലിന്‍റെ മുൻ വിധി. ഇതിനാൽ തന്നെ ജിയോയ്ക്കുള്ള സ്പെക്ട്രം വിൽപന ഉൾപ്പെടയുള്ള നടപടികളെ ഇതു സാരമായി ബാധിക്കാനാണ് സാധ്യത. എറിക്സൺ നൽകിയിട്ടുള്ള കോടതിയലക്ഷ്യ ഹർജി വ്യാഴാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക.

ഒപ്റ്റിക്കൽ ഫൈബറും സ്വിച്ചിങ് നോഡുകളും 5,000 കോടി രൂപക്ക് ഇതിനോടകം തന്നെ ജിയോയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ സ്പെക്ട്രം ഉപയോഗിച്ചതിനുള്ള ചാർജായി 2,000 കോടി നൽകണമെന്ന ടെലികോം മന്ത്രാലയത്തിന്‍റെ നിലപാടിനെതിരെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അപ്പീൽ നൽകിയിട്ടുള്ളതിനാൽ സ്പെക്ട്രം വിൽപന ഇതുവരെയായും നടന്നിട്ടില്ല. ബാങ്ക് ഗാരന്‍റി അടച്ചിട്ടില്ലെന്നത് സ്പെക്ട്രം വിൽപനക്ക് തടസമാകരുതെന്ന് ടെലികോം തർക്ക പരിഹാര അപ്പീൽ ട്രൈബ്യൂണൽ വിധിച്ചിരുന്നു.

related stories