Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിമാനം കൂപ്പുകുത്തിയത് മരണച്ചുഴിയിലേക്ക്; ഞെട്ടിപ്പിച്ച് ഡോക്യുമെന്ററി

mh370

വിമാനം മാത്രമല്ല, ഒരുപാടു ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് നാലു വര്‍ഷം മുൻപ് ഒരു മാർച്ച് എട്ടിന് ആകാശത്തു നിന്ന് അപ്രത്യക്ഷമായത്. മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370 എവിടെപ്പോയെന്ന അന്വേഷണത്തിന് ഒടുവിൽ ലഭിച്ച ഉത്തരവും കൗതുകരമായിരുന്നു– ‘എവിടെയാണെന്നറിയില്ല’ എന്നതായിരുന്നു അത്.  വിമാനം ആകാശത്തുവച്ചു തകർന്നോ അതോ കടലിലേക്കു വീണോ എന്ന അനുമാനത്തിലെത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. കടലിന്നടിയിൽ നിന്നു വർഷങ്ങൾക്കു മുൻപേ കാണാതായ കപ്പലുകൾ പൊക്കിയെടുക്കുന്ന കമ്പനികൾ വരെ കിണഞ്ഞു പരിശ്രമിച്ചു. അത്യാധുനിക ഉപകരണങ്ങൾ വന്നു. പക്ഷേ കടലിന്റെ ആഴങ്ങൾ അതിനെയെല്ലാം നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ടേയിരുന്നു. മലേഷ്യൻ സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലും വിമാനത്തെപ്പറ്റി യാതൊന്നുമുണ്ടായിരുന്നില്ല. വിമാനത്തിന് എന്തു സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും അനുമാനങ്ങളും ഉയർന്നുവന്നു. 2018 ജൂലൈയിലാണ് അന്വേഷണം അവസാനിപ്പിച്ചതായി മലേഷ്യൻ സർക്കാർ അറിയിച്ചത്. 

എന്നാലിപ്പോൾ നാഷനൽ ജ്യോഗ്രഫിക് ചാനലാണ് തങ്ങളുടെ കണ്ടെത്തലുമായി ഡോക്യുമെന്ററി പുറത്തുവിട്ടത്. കടലിലെ ഒരു ‘മരണച്ചുഴി’യിലേക്ക് കൂപ്പുകുത്തിയതാണ് എംഎച്ച് 370 എന്നാണ് ഡോക്യുമെന്ററിയിലെ കണ്ടെത്തൽ. വിമാനത്തിലെ ഒരാളെപ്പോലും ജീവനോടെ ബാക്കിവയ്ക്കാത്ത വിധം മാരകമായ വീഴ്ചയാണ് ചുഴിയിലേക്കുണ്ടായതെന്നും ഡോക്യുമെന്ററി പറയുന്നു. വിമാനത്തിന് ഇപ്പോഴും കാര്യമായ തകരാർ സംഭവിച്ചിട്ടില്ല. കടലിന്റെ അടിത്തട്ടിൽ എവിടെയോ ഇപ്പോഴും അതുണ്ട്. വിമാനം തകർന്നു വീണു എന്നു കരുതുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ചില ഭാഗങ്ങളിൽ വെള്ളം ഇല്ലായിരുന്നെങ്കിൽ അടിത്തട്ട് എങ്ങനെയായിരിക്കും എന്നതുൾപ്പെടെയുള്ള കാഴ്ചകൾ പ്രേക്ഷകനു മുന്നിലെത്തിച്ചാണ് ചാനൽ തെളിവുകൾ നിരത്തുന്നത്. 

ക്വാലലംപുരിൽ നിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് ബോയിങ് 777 മോഡൽ വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായികരുന്നു. യാത്രാവഴിയിൽ നിന്നു വ്യതിചലിച്ച വിമാനം തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ഒടുവിൽ വിമാനത്തിലെ ഇന്ധനം അവസാനിച്ചു. പിന്നെയും 140 മൈൽ ദൂരം പറന്നതിനു ശേഷമാണു വിമാനം തകർന്നതെന്നാണു വിഗദ്ധരുടെ നിഗമനം. എന്നാൽ അതിനും മുൻേപ തന്നെ വിമാനം ചുഴിയിലേക്കു പതിച്ചതായാണ് ഡോക്യുമെന്ററിയിലെ അവകാശവാദം. 

ഓട്ടോപൈലറ്റ് മോഡിലായിരുന്നു വിമാനം പറന്നിരുന്നത്. അതായത് പൈലറ്റിന്റെ നിയന്ത്രണമില്ലാതെ വിമാനം ‘സ്വയം’ പറക്കുന്ന അവസ്ഥ. ടേക്ക് ഓഫിനും ലാൻഡിങ്ങിനുമിടയ്ക്കുള്ള യാത്ര ഓട്ടോപൈലറ്റ് വഴി സാധ്യമാണ്. ഇതിനായുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിമാനത്തിലുണ്ട്. സ്പീഡ്, ഓൾട്ടിറ്റ്യൂഡ്, ടർബുലൻസ് തുടങ്ങിയ കാര്യങ്ങൾ പിടിച്ചെടുക്കാൻ വിമാനത്തിനു ചുറ്റിലുമുള്ള സെൻസറുകളുടെ സഹായത്താലാണ് ഓട്ടോപൈലറ്റിന്റെ പ്രവർത്തനം. ഇത്തരത്തിലുള്ള യാത്രയ്ക്കിടെ ആദ്യം വലതുവശത്തെ എൻജിന്റെ പ്രവർത്തനം നിലച്ചു.  പിന്നാലെ ഇടതുവശത്തെ എൻജിനും. രണ്ട് എൻജിനും നിലച്ച് ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വിമാനം ഇടത്തോട്ട് വളഞ്ഞു. പിന്നെ കുത്തന്നെ താഴേക്കു കുതിക്കുകയായിരുന്നു. 

ഏകദേശം 45 ഡിഗ്രിയിലായിരുന്നു ഈ കൂപ്പുകുത്തൽ. ഇടതുവശം തിരിഞ്ഞ് മരണക്കുഴിയിലേക്കുണ്ടായ ഈ വീഴ്ചയിൽ ഒരാളു പോലും ജീവനോടെ രക്ഷപ്പെടില്ലെന്നത് ഉറപ്പാണ്. നാഷനൽ ജ്യോഗ്രഫിക് സംപ്രേക്ഷണം ചെയ്ത ‘ഡ്രെയിൻ ദി ഓഷ്യൻസ്: മലേഷ്യ എയർലൈൻസ് 370’ എന്ന ഡോക്യുമെന്ററിയിലെ ഈ കണ്ടെത്തലുകളും പക്ഷേ അന്തിമമാണെന്നു പറയാനാകില്ല. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പല തീരങ്ങളിലായി നേരത്തേ എംഎച്ച് 370യുടെ അവശിഷ്ടങ്ങളടിഞ്ഞിട്ടുണ്ട്. മോറിഷ്യസ്, റീയൂണിയൻ ഐലൻഡ്, ടാൻസാനിയൻ തീരം, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്നെല്ലാം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങൾ എംഎച്ച് 370യുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പക്ഷേ ഇന്നേവരെ കണ്ടെത്താനായിട്ടില്ല. അവയിലാണ് നിർണായക വിവരം ഉണ്ടാവുക. 

related stories