Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ട് ഓഫർ: ഫോൺ നഷ്ടപ്പെട്ടാൽ പണം തിരിച്ചുകിട്ടും, എങ്ങനെ?

flipkart

അതിശക്തമായ മത്സരം നടക്കുന്ന ഇടങ്ങളിലൊന്നാണ് ഇ–കൊമേഴ്സ് മേഖല. ഉപയോക്താക്കളെ ആകർഷിക്കാനായി വൻ പദ്ധതികളൊരുക്കിയാണ് മേഖലയിലെ അതികായൻമാര്‍ പരസ്പരമുള്ള പോരിനു മൂർച്ഛ കൂട്ടുക. സ്മാർട് ഫോൺ വാങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് ഒരുക്കിയാണ് വാള്‍മാർട്ടിന്‍റെ പിന്തുണയുള്ള ഇ–കൊമേഴ്സ് വ്യാപാര ശൃംഖലയായ ഫ്ലിപ്കാർട്ട് ഉപയോക്താക്കളെ ആകർഷിക്കാൻ തയാറെടുക്കുന്നത്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയിൽ നിന്നും ഇതിനാവശ്യമായ ലൈസൻസ് ഫ്ലിപ്കാർട് സ്വന്തമാക്കി കഴിഞ്ഞു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ദീപാവലി തൊട്ട് നടപ്പിലാക്കാനാണ് തീരുമാനം.

ഫോൺ കേടാകുകയോ നഷ്ടമാകുകയോ ചെയ്താൽ ഇൻഷുറൻസിന്‍റെ ഭാഗമായി പണം നൽകുകയോ ഫോൺ ഉപയോക്താവില്‍ നിന്നും നേരിട്ട് സ്വീകരിച്ച് സൗജന്യമായി അറ്റകുറ്റപണികൾക്കു ശേഷം തിരികെ നൽകുന്ന സംവിധാനമോ ആണ് നടപ്പിലാകുക. വിൽപനനാന്തര സേവനത്തിലെ വലിയ കാൽവയ്പ്പായാണ് ഫ്ലിപ്കാർട്ട് ഇതിനെ കാണുന്നത്. ഫ്ലിപ്കാർട്ടിന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്നും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമായിരിക്കുമെന്നും ഫ്ലിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്‍റ് രവി ഗരികിപതി പറഞ്ഞു.

ഒരു വർഷത്തേക്ക് 99 രൂപ എന്ന ചുരുങ്ങിയ നിരക്കിൽ വരെ ഇൻഷുറൻസ് ലഭ്യമാകും. ഫോൺ വാങ്ങി അന്നു മുതൽ പദ്ധതി നിലവിൽ വരും. ക്ലെയിം വരുമ്പോൾ ഫ്ലിപ്കാർട് ആപ്പ്, ഇ–മെയിൽ, ഫോൺ എന്നിവ വഴി ഉപയോക്താവിന് മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാനാകും.

ഫ്ലിപ്കാർട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ വിപണനം നടക്കുന്ന ഉൽപന്നങ്ങളിലൊന്നാണ് സ്മാർട് ഫോൺ. ഇൻഷുറൻസ് പദ്ധതി സ്മാർട് ഫോണിലൂടെ തുടങ്ങാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതും ഈ ഘടകം തന്നെയാണ്. ഉയർന്ന വിലയുള്ള ഉൽപന്നങ്ങൾ ഉൾപ്പെടെ മറ്റുള്ളവയ്ക്കും ഘട്ടംഘട്ടമായി ഇൻഷുറൻസ് നടപ്പിലാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

related stories