Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യതാ സംരക്ഷണം: ജനങ്ങൾക്ക് വിശ്വാസം ആപ്പിളിനെ?

apple-tim-cook

നിര്‍മാണ മികവിലും പ്രകടനത്തിലുമടക്കം എല്ലാ കാര്യങ്ങളിലും ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മാതാക്കള്‍ ആപ്പിളിനൊപ്പമൊ, ചിലപ്പോഴെങ്കിലും മുന്നിലോ ഉണ്ടെന്നു കാണാം. (കഴിഞ്ഞ വര്‍ഷത്തെ വാവെയ് P20 പ്രോയുടെ ക്യാമറയുടെ നിലവാരത്തിനൊത്തുയരാന്‍ ആപ്പിളിന് ഈ വര്‍ഷം പോലുമായിട്ടില്ല എന്നോര്‍ക്കുക.) അപ്പോള്‍, ആപ്പിള്‍ ഉപകരണങ്ങള്‍, അതും വന്‍ വില കൊടുത്തു വാങ്ങുന്നതെന്തിന്? സ്വകാര്യതയ്ക്കു വേണ്ടിയല്ലെങ്കില്‍ ഒന്നിനുമല്ലെന്നു പറയേണ്ടിവരും.

ആപ്പിളിനെ ആളുകള്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ വിശ്വസിക്കുന്നുവെന്നാണ് സര്‍വെമങ്കിയും (SurveyMonkey) റെകോഡും (Recode) ചേര്‍ന്നു നടത്തിയ സ്വകാര്യതാ സര്‍വെയുടെ കണ്ടെത്തല്‍. മറിച്ച് ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും അവരുടെ സ്വകാര്യ ഡേറ്റ ഏല്‍പ്പിക്കുന്ന കാര്യത്തില്‍, ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ചു ബോധമുള്ള ആളുകള്‍ വൈമുഖ്യം കാണിക്കുന്നതു കൂടിക്കൂടി വരുന്നുവെന്നും കാണാം. ആപ്പിളും ഏതാനും കമ്പനികളും ഒഴികെ ടെക് വ്യവസായത്തിലെ മിക്ക കമ്പനികളിലുമുള്ള വിശ്വാസം ആളുകള്‍ക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് സര്‍വെ പറയുന്നത്.

ഏകദേശം 10 ദിവസം മുൻപാണ് ഫെയ്‌സ്ബുക് അവരുടെ അഞ്ചു കോടിയോളം ഉപയോക്താക്കളുടെ ഡേറ്റ പുറത്തായി എന്ന കാര്യം വെളിപ്പെടുത്തിയത്. ഈ സോഷ്യൽമീഡിയ ഭീമന്‍ പ്രശ്‌നം ജനങ്ങളോട് അറിയിക്കാന്‍ വൈകിയില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ ആര്‍ക്കെല്ലാം, ഏതെല്ലാം രീതിയിലായിരിക്കും ഇതിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന കാര്യം ഇപ്പോഴും അറിയില്ല. കേംബ്രിജ് അനലിറ്റിക്ക വിവാദം ഒതുങ്ങുന്നതിനു മുൻപാണ് ഇതു വന്നിരിക്കുന്നതെന്നും ശ്രദ്ധിക്കാം. അതിലും കഷ്ടമാണ് എല്ലാവരും വിശ്വസിക്കുന്ന ഗൂഗിളിന്റെ കാര്യം. ഗൂഗിള്‍പ്ലസ് ഉപയോക്താക്കളുടെ ഡേറ്റ നഷ്ടപ്പെട്ട കാര്യം ഗൂഗിള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അറിഞ്ഞതാണ്. അതവര്‍ ഉപയോക്താക്കളില്‍ നിന്നു മറച്ചു വയ്ക്കുകയായരുന്നുവത്രെ. യൂറോപ്പിലെ ജിഡിപിആര്‍ നിയമം പ്രാബല്യത്തില്‍ വരുന്ന കാലമായിരുന്നു അത്. നിയമപാലകരുടെ ശ്രദ്ധ അവരുടെ മേല്‍ പതിയും. അതുകൊണ്ട് ഇക്കാര്യം പുറത്തറിയരുതെന്നായിരുന്നു ഗൂഗിളിനുള്ളിള്‍ ജോലിക്കാര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശമെന്നും ആരോപണമുണ്ട്. ഗൂഗിളിനു വെളിയിലുള്ള ഡവലപ്പര്‍മാരും ഈ ഡേറ്റ എടുത്തിട്ടുണ്ടാകാം. ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഇപ്പോള്‍ പ്രവചിക്കാനാവില്ലത്രെ. ഇരു കമ്പനികളും അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഡേറ്റാ നിയമ വിദഗ്ധരുടെ പരിശോധന നേരിടുകയാണ്.

വ്യക്തികള്‍ക്ക് അനുയോജ്യമായ പരസ്യം കാണിക്കാനും അതില്‍ നിന്ന് തങ്ങള്‍ക്ക് വരുമാനമുണ്ടാക്കാനുമാണെന്ന വ്യാജേനെയാണ് ആളുകളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ പോലും ചോര്‍ത്തി സൂക്ഷിക്കുന്നത്. ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, ഉപയോഗിക്കുന്ന ആപ്പുകള്‍, സഞ്ചരിക്കുന്ന വഴി എന്നു വേണ്ട ഏതു തരം ഡേറ്റയും നേരിട്ടോ, വളഞ്ഞ വഴിയിലോ ഈ കമ്പനികള്‍ ശേഖരിക്കുന്നുവെന്നാണ് മുഖ്യ ആരോപണം. 

ആദ്യ കാലം മുതല്‍ ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ശേഖരിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ തലവന്‍ ടിം കുക്കും ഇക്കാര്യത്തില്‍ കടുംപിടുത്തക്കാരും, മറ്റു കമ്പനികള്‍ ചെയ്യുന്നതു ശരിയല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുളളവരുമാണ്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കമ്പനി എന്നുതന്നെയാണ് ഉപയോക്താക്കള്‍ അവരെ വിലയിരുത്തുന്നതെന്ന് സര്‍വെയില്‍ കാണാം. കേവലം രണ്ടു ശതമാനം പേരാണ് അവരില്‍ വിശ്വാസമില്ലെന്നു പറഞ്ഞിരിക്കുന്നത്. ആപ്പിളിനെപ്പോളെ ആളുകള്‍ വിശ്വസിക്കുന്ന മറ്റൊരു കമ്പനിയാണ് ആമസോണ്‍. അവരിലും വിശ്വാസമില്ലാത്തവര്‍ രണ്ടു ശതമാനം മാത്രം. പക്ഷേ, ഈ കമ്പനികള്‍ക്കും വേണമെങ്കലും പ്രശ്‌നങ്ങളുണ്ടാകാം എന്നാണ് സമീപകാലത്തുണ്ടായ 'ചൈന സ്‌പൈ ചിപ്' വിവാദം കാണിച്ചുതരുന്നത്. എന്നാല്‍, ഇതു തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ഇരു കമ്പനികളും പറയുന്നത്.

സുരക്ഷാവിഴ്ചകള്‍ ഇനിയും സംഭവിച്ചുകൊണ്ടിരിക്കുമെന്നും അതുകൊണ്ടുതന്നെ ടെക് കമ്പനികളില്‍ ഉപയോക്താക്കള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്നും പറയുന്നു. ആളുകള്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന ഡേറ്റ സൂക്ഷിച്ചില്ലെങ്കില്‍ ആപ്പിളാണെങ്കിലും, ആമസോണാണെങ്കിലും, ഗൂഗിളാണെങ്കിലും, ഫെയ്‌സ്ബുക് ആണെങ്കിലും ഉപയോക്താക്കള്‍ കൈയ്യൊഴിയുന്ന കാലം വന്നേക്കാമെന്ന സൂചനകളും വരുന്നുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലായ്മയായിരുന്നു എല്ലാ കമ്പനികളെയും കണ്ണടച്ചു വിശ്വസിക്കാനുണ്ടായ കാരണം. ഇന്ന് ആളുകള്‍ സാങ്കേതിക വിദ്യയെക്കുറിച്ചും, തങ്ങളുടെ സ്വകാര്യതയെക്കുറിച്ചും, ടെക് കമ്പനികള്‍ നടത്തുന്ന കടന്നു കയറ്റങ്ങളെക്കുറിച്ചും ബോധമുള്ളവരായി തുടങ്ങിയിരിക്കുന്നുവെന്നും കാണാം.