Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് പണിമുടക്ക് 3.6 കോടി ജനങ്ങളെ ബാധിക്കും; നിങ്ങൾ ചെയ്യേണ്ടതെന്ത്?

internet-map

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിൽ ഇന്റർനെറ്റ് പണിമുടക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ മാധ്യമങ്ങളുടെ മുന്നറിയിപ്പ്. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ഡൊമെയിൻ സെർവറുകളെല്ലാം പണിമുടക്കും. എന്നാൽ ഏതാനും സമയം മാത്രമായിരിക്കും ഇന്റർനെറ്റ് തടസ്സം നേരിടുക.

ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലായിരിക്കും ഇന്റർനെറ്റ് പണിമുടക്കുക. ടെലികോം കമ്പനികളും മറ്റു നെറ്റ്‌വർക്ക് കമ്പനികളും രാജ്യാന്തര ഡൊമെയ്നുകളിലെ മാറ്റം അപ്ഡേറ്റ് ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. ഡിഎൻഎസ് അപ്ഡേറ്റ് ചെയ്യാനുള്ള കാലതാമസത്തിനിടെയാണ് ഇന്റർനെറ്റ് ലഭ്യമാവാതിരിക്കുക.

എന്നാൽ ലോകത്തെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക. മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒരു ശതമാനം മാത്രമാണിത്. ഡൊമെയ്നുകളിലെ ക്രിപ്റ്റോഗ്രഫിക് കീ ആണ് മാറ്റുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബര്‍ ആക്രമണം കൂടിയിട്ടുണ്ട്. ഇതിൽ നിന്ന് സുരക്ഷയൊരുക്കാനാണ് ഡിഎൻഎസ് അറ്റകുറ്റപ്പണി നടത്തുന്നത്.

ഇന്റർനെറ്റിന്റെ അഡ്രസ് പുസ്തകമാണ് ഡിഎൻഎസ്. ബ്രൗസറിൽ ഡൊമെയ്ൻ ടൈപ്പ് ചെയ്യുമ്പോൾ ഐപി അഡ്രസ്സിലേക്ക് നിങ്ങളെ എത്തിക്കുന്നത് ഡിഎൻഎസ് തന്നെയാണ്. ഇന്റർനെറ്റ് കോർപ്പറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആൻഡ് നമ്പേര്‍സ് ആണ് ഡിഎൻഎസിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത്.

48 മണിക്കൂർ നേരത്തെ ഇന്റർനെറ്റ് പണിമുടക്ക് ഇന്ത്യയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. രാജ്യത്തെ ടെലികോം സേവനദാതാക്കളും നെറ്റ്‌വർക്ക് കമ്പനികളും ഡിഎൻഎസിലെ മാറ്റങ്ങൾ സമയത്തിന് അപ്ഡേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ഇന്ത്യയിൽ ഇന്റർനെറ്റ് പണിമുടക്ക് കാര്യമായി ബാധിക്കില്ല.

എന്നാൽ ചില രാജ്യങ്ങളിൽ പ്രശ്നം സംഭവിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാം തിരിച്ചുവരുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഇന്റർനെറ്റ് പണിമുടക്ക് നേരിട്ടാൽ ഉപയോക്താക്കൾ ആദ്യം ചെയ്യേണ്ടത് ബ്രൗസറുകള്‍ ക്ലോസ് ചെയ്ത് ഓപ്പൺ ചെയ്യുകയാണ്. ബ്രൗസറിലെ കുക്കീസ്, ബ്രൗസിങ് ഹിസ്റ്ററി എല്ലാം നീക്കം ചെയ്യുക. ഇന്റർനെറ്റ് മോഡം, റൗട്ടറുകൾ, മറ്റു ഇന്റർനെറ്റ് ഡിവൈസുകൾ റീബൂട്ട് ചെയ്യുക. കൂടുതൽ സമയം ഇന്റർനെറ്റ് ലഭിക്കാതെ വന്നാൽ ടെലികോം സേവനദാതാക്കളെ വിളിച്ച് അറിയിക്കുക.

related stories