Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിൽ ഇനി കൈപൊള്ളും, ഷിപ്പിങ് നിരക്ക് കുത്തനെ കൂട്ടി

amazon

ഇ–കൊമേഴ്സ് രംഗത്തെ അതികായരായ ആമസോൺ ഉപയോഗിക്കുന്ന ഷിപ്പിങ് സേവനത്തിനുള്ള ഫീസിൽ ഒമ്പതു മുതൽ 12 ശതമാനം വരെ വർധനക്കൊരുങ്ങി യുഎസ് പോസ്റ്റൽ സർവീസ്. ആമസോണിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതായി പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആരോപിച്ച് മാസങ്ങൾക്കകമാണ് സേവന ഫീസ് വർധിപ്പിക്കാൻ പോസ്റ്റൽ വിഭാഗം ഒരുങ്ങുന്നത്. പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സും ഈ പാഴ്സൽ സേവനമാണ് ഉപയോഗിക്കുന്നത്. ആമസോണിലൂടെ ഉപയോക്താവ് ഓർഡർ ചെയ്യുന്ന വസ്തുക്കൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിൽ പാഴ്സൽ സർവീസ് സുപ്രധാന ചുമതലയാണ് വഹിക്കുന്നത്. 

ഒരു പൗണ്ടിനു മുകളിൽ തുക്കം വരുന്ന പാഴ്സലുകളുടെ സേവന ഫീസ് 9.3 ശതമാനവും ചെറിയ പാക്കേജുകളുടെ സേവന ഫീസ് 12.3 ശതമാനവും വർധിപ്പിക്കണമെന്നാണ് പോസ്റ്റൽ വകുപ്പ് ശിപാർശ ചെയ്തിട്ടുള്ളത്. പോസ്റ്റല്‍ സംവിധാനത്തെ തങ്ങളുടെ ഡെലിവറി ബോയ് ആയാണ് ആമസോൺ ഉപയോഗിക്കുന്നതെന്ന് ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക് ആമസോൺ നികുതിയൊന്നും നൽകുന്നില്ലെന്നായിരുന്നു പ്രസിഡന്‍റിന്‍റെ വിമർശനം. 

അതേസമയം നിരക്കു വർധനവിനുള്ള ശിപാർശക്കു പിന്നിൽ ട്രംപിന്‍റെ ആരോപണങ്ങളല്ലെന്ന് പോസ്റ്റൽ വിഭാഗം അറിയിച്ചു. റെഗുലേറ്റർമാരുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ 2019, ജനുവരി 27 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.