Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മാപ്പിലെ കൊടും കാട്ടിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമോ?

MH370-google-map

കഴിഞ്ഞ നാലു വർഷമായി ലോകം ഒന്നടങ്കം തരിച്ചിൽ നടത്തി പരാജയപ്പെട്ട, കാണാതായ മലേഷ്യൻ വിമാനം ഒരു സംഘം ഗവേഷകർ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. അവർക്ക് മുന്നിലുള്ള ഗൂഗിൾ മാപ്പും സാറ്റ്‌ലൈറ്റ് ഇമേജുകളും സൂക്ഷ്മമായി നിരീക്ഷിച്ചു എവിടെയെങ്കിലും എംഎച്ച് 370 വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ഥലങ്ങളിൽ അജ്ഞാത വിമാനം കണ്ടെത്തിയെന്ന വാദവുമായി ഗൂഗിൾ മാപ്പ് നിരീക്ഷകർ രംഗത്തെത്തി.

ലിവർപൂളിൽ നിന്നുള്ള ജോൺ ബൻസലിയുടെ കണ്ടെത്തൽ പ്രകാരം വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടിൽ വിമാനം കണ്ടെത്തിയെന്നാണ്. സാറ്റ്‌ലൈറ്റ് ചിത്രം സഹിതമാണ് ജോൺ തന്റെ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്‌ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്നത് മലേഷ്യൻ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്‌ലൈറ്റ് ചിത്രം പകർത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വിലയിരുത്തുന്നവർ പറയുന്നത്.

ഇതിനിടെ കംബോഡിയൻ കൊടും കാട്ടിൽ കണ്ടെത്തിയ ചിത്രവും കാണാതായ മലേഷ്യൻ വിമാനത്തിന്റേതാണെന്ന വാദമുണ്ട്. ബ്രിട്ടിഷ് വിഡിയോ നിർമാതാവ് ഇയാൻ വിൽസനാണ് ഗൂഗിൾ മാപ്പിൽ മണിക്കൂറുകളോളം ചെലവിട്ട് വിമാനത്തിന്റെ ചിത്രം കണ്ടെത്തിയിരിക്കുന്നത്. 2014 മെയിൽ ചിത്രീകരിച്ച സാറ്റ്‌ലൈറ്റ് ചിത്രത്തിലാണ് വിമാനം കണ്ടെത്തിയിരിക്കുന്നത്. 2014 മാർച്ച് 8 നാണ് മലേഷ്യൻ വിമാനം കാണാതാകുന്നത്.

എന്തായാലും സംഭവ സ്ഥലം നേരിട്ട് സന്ദർശിക്കുമെന്ന് ഇയാൻ വിൽസൺ പറഞ്ഞു. തെക്കൻ കംബോഡിയയുടെ വിദൂര ഭാഗത്തായാണ് വിമാനത്തിന്റേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയിരിക്കുന്നത്.

mh370-malasian-airlines

2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് എംഎച്ച് 370 വിമാനം യാത്ര ആരംഭിക്കുന്നത്. ജീവനക്കാരടക്കം 239 പേരുണ്ടായിരുന്ന വിമാനം വഴിമധ്യേ അപ്രത്യക്ഷമായിരുന്നു. വിമാന അപകടങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാകലായി മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം ഇന്നും അവശേഷിക്കുന്നു.

വിമാനം കാണാതായി വൈകാതെ 26 രാജ്യങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.12 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് അമേരിക്കന്‍ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ തിരച്ചില്‍ നടന്നു. 200 ദശലക്ഷം ഡോളര്‍ ചിലവില്‍ 1.20 ലക്ഷം കിലോമീറ്റര്‍ സമുദ്ര ഭാഗത്ത് തിരച്ചില്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷമാണ് ഈ തിരച്ചിലും ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിമാനത്തിന്റെ ചിറകിന്റെ മൂന്ന് ഭാഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ ലഭിച്ചത്. 

Malaysia_MH370

പലതരത്തിലുള്ള സംശയങ്ങളും സാധ്യതകളുമാണ് മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് പ്രചരിച്ചത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓക്‌സിജന്റെ കുറവ് സംഭവിച്ച് വിമാനത്തിലുള്ളവര്‍ ബോധരഹിതരായതാകാം എന്നത്. ഓക്‌സിജന്‍ വിതരണം ബോധപൂര്‍വ്വമോ അല്ലാതെയോ തടസപ്പെടുത്തിയാല്‍ അതിന് സാധ്യതയുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹാരിയ അഹ്മദ് ഷായും യാത്രക്കാരുമെല്ലാം ബോധരഹിതരായതാകാമെന്ന സാധ്യതയെ പുതിയ റിപ്പോര്‍ട്ടും തള്ളിക്കളയുന്നില്ല.

related stories