Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ സ്വകാര്യത ഇല്ല, എല്ലാം ക്യാമറയിൽ, പാവം ജനങ്ങൾ; ഗൂഗിൾ കൂട്ടുനിൽക്കുമോ?

china-girl-using-phone

ചൈനയിലെ വേട്ടയാടപ്പെടുന്ന വംശീയ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക്, പ്രാദേശിക അധികാരികള്‍ അടുത്തകാലത്ത് സംസാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ രാജ്യത്തേക്ക് പുതിയ സേര്‍ച് എൻജിനുമായി എത്തുന്ന ഗൂഗിള്‍ ഈ വിലക്കിനെ വരെ ഊട്ടിയുറപ്പിക്കുക പോലും ചെയ്ത് ചൈന സര്‍ക്കാരിനു സാഹായമാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള സിന്‍ജിയാങ് ( Xinjiang) പ്രവിശ്യയാണ് മത തീവ്രവാദം തടയാനാണെന്നു പറഞ്ഞ് പ്രസംഗങ്ങളടക്കം വിലക്കിയത്.

ഏകദേശം 1.1 കോടി ജനങ്ങളാണ് ഈ പ്രവിശ്യയിലുള്ളത്. ഉയിഗുറുകള്‍ (Uighurs) എന്നുവിളിക്കുന്ന ഇവരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. ലോകത്ത് ഏറ്റവും നിരീക്ഷണ വിധേയമായ ജീവിതം നയിക്കേണ്ടിവരുന്നവരുടെ കൂട്ടത്തിലാണ് ഇവരെ കാണുന്നത്. ഇവരുടെ ചലനങ്ങള്‍ നോക്കിക്കാണാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ (മുഖം തിരിച്ചറിയല്‍) ശേഷിയുള്ള 40,000 ക്യാമറകളാണ് എപ്പോഴും കണ്ണുതുറന്നിരിക്കുന്നത്. കൂടാതെ, അവരുടെ ഡിഎന്‍എയും രക്ത സാംപിളുകളും എടുത്തു വച്ചിട്ടുമുണ്ട്.

ടെക് കമ്പനികള്‍ നിരീക്ഷണത്തിലും, നിയമപാലനത്തിലും, ഉയിഗുറുകളെ നിശബ്ദരാക്കുന്നതിനും സർക്കാരിനെ സഹായിക്കണമെന്നാണ് പുതിയതായി അവതരിപ്പിച്ച നിയമം ആവശ്യപ്പെടുന്നത്. ഭീകര വാദത്തിനെതിരെയുള്ള നീക്കമാണിതെന്നാണ് ബെയ്ജിങ് പറയുന്നത്. എന്നാല്‍, ആ വാദം ശരിയാണോ എന്നു പരിശോധിക്കാന്‍, ഈ പ്രദേശത്തേക്ക് ഐക്യരാഷ്ട സംഘടനയുടെ നിരീക്ഷകരെ പ്രവേശിപ്പിക്കുകയുമില്ല. ഗൂഗിളിന്റെ പ്രൊജക്ട് ഡ്രാഗണ്‍ഫ്‌ളൈ യാഥാര്‍ഥ്യമായാല്‍, ഫലത്തില്‍ അവരും സർക്കാരിനെ സഹായിക്കുകയാകും ചെയ്യുക.

china-google

പുതിയ നിയമത്തിലെ 28-ാം വകുപ്പു പ്രകാരം ടെലി-കമ്യൂണിക്കേഷന്‍സ് ഓപ്പറേറ്റര്‍മാരും മറ്റും, ഈ പ്രദേശത്തെ ആളുകള്‍ക്കു മേല്‍ നിരീക്ഷണവലയം തീര്‍ക്കണമെന്നാണ്. കൂടാതെ, ശബ്ദത്തിലൂടെയോ സന്ദേശത്തിലൂടെയോ ഭീകരവാദത്തിന്റെ സന്ദേശങ്ങള്‍ പടരുന്നത് ഇല്ലാതാക്കുകയും വേണം. എന്നാല്‍, ഭീകരവാദം എന്നതിന്റെ അതിര്‍വരമ്പുകള്‍ കൃത്യമായി നിര്‍ണയിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കാണാം. ഈ നിയമങ്ങളിലെ പദാവലികള്‍ മനസിലാക്കാന്‍ എളുപ്പമല്ലെന്നും പറയുന്നു. ഉയിഗുറുകളെ മുൻപ് വളരെ വിചിത്രമായ കാരണങ്ങള്‍ പറഞ്ഞും അറസ്റ്റു ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ബെയ്ജിങ് സമയത്തെക്കാള്‍ രണ്ടു മണിക്കൂര്‍ മുൻപെ അവരുടെ വാച്ചിലെ സമയം ക്രമീകരിച്ചുവച്ചതിനും താടി വളര്‍ത്തിയതിനുമൊക്കെ അവരെ ജയിലിലടച്ചിട്ടുണ്ട്.

ചൈനീസ് സർക്കാരിന് അനുകൂലമല്ലാത്ത ഉള്ളടക്കം പ്രത്യക്ഷപ്പെട്ടാല്‍ അവയുടെ പ്രചാരണം തടയണമെന്നും ഉള്ളടക്കം ഡിലീറ്റു ചെയ്യണമെന്നും എന്നാല്‍ തെളിവു സൂക്ഷിക്കണമെന്നും എത്രയും പെട്ടെന്ന് ഇത് ചൈനീസ് അധികാരികളെ അറിയിക്കണമെന്നുമാണ് പുതിയ നിയമം ടെലികമ്യൂണിക്കേഷന്‍ കമ്പനികളോടു പറയുന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ നല്‍കുകയും വേണം. ഇതിലൂടെ ചൈനീസ് നിയമപാലകര്‍ക്ക് അവരെ എളുപ്പം കണ്ടെത്താനാകും.

ഗൂഗിള്‍ ചൈനയിൽ എത്തിയാല്‍ ഇതെല്ലാം സമ്മതിച്ചേ മതിയാകൂ

ഗൂഗിള്‍ ചൈനയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സേര്‍ച്ച് എൻജിനില്‍ നിരവധി വെബ്‌സൈറ്റുകള്‍ ബ്ലോക് ചെയ്തിരിക്കും. നിരവധി പദങ്ങളും സേര്‍ച്ച് എൻജിന്‍ ബ്ലോക് ചെയ്തിരിക്കും. ഉദാഹരണം- ജനാധിപത്യം, മനുഷ്യാവകാശം, മതം. ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വച്ച് അവര്‍ നടത്തുന്ന സേര്‍ച്ചുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കും. അവരുടെ മുഴുവന്‍ ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കപ്പെടും. എന്തെങ്കിലും തെറ്റു കണ്ടെത്തി ഗൂഗിള്‍ ആ വിവരം സർക്കാരിനെ അറിയിച്ചാല്‍ ഉടന്‍ അറസ്റ്റു വരെ ഉണ്ടാകാം. ചൈനയിലെ ടെക് ഭീമന്‍മാര്‍ ഉപയോക്താവിന്റെ ഡേറ്റ സർക്കാരിനു കൈമാറിയ ചരിത്രമുണ്ട്. നിയമപാലകര്‍ക്ക് വിചാറ്റിലെ മെസേജുകള്‍ വരെ കൈക്കലാക്കിയ ശേഷം ഒരാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം.

ഗൂഗിള്‍ ചൈനയിലേക്കു പോയേക്കുമെന്ന വാര്‍ത്ത വന്നതോടെ, 14 മനുഷ്യാവകാശ സംഘടനകള്‍ കമ്പനിയുടെ മേധാവിക്ക് അവിടേക്കു പോകരുതെന്നു പറഞ്ഞ് കത്തു നല്‍കിയിരുന്നു. ഗൂഗിള്‍ ഡ്രാഗണ്‍ഫ്‌ളൈ ആപ്പിന്റെ നിര്‍മാണം ഉടനടി നിറുത്തണമെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് (Mike Pence) കമ്പനിയോട് ആവശ്യപ്പെട്ടത്.

google-china

തന്റെ സ്വകാര്യ വീചാറ്റ് മെസേജുകള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ അധികാരികള്‍ പരിശോധിച്ചുവെന്ന് ഈ വര്‍ഷമാദ്യം ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ടെക്‌നോളജി കറസ്‌പോണ്‍ഡന്റ് യുവാന്‍ യാങ് ആരോപിച്ചിരുന്നു. ഒരു സ്വകാര്യ ചാറ്റില്‍ താനയച്ച മെസേജുകള്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ യഥേഷ്ടം ഉദ്ധരിച്ചുവെന്നാണ് അവര്‍ പറയുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇഷ്ടംപോലെ സർക്കാർ പരിശോധിക്കുന്നുവെന്ന് അവകാശപ്പെട്ട പലരുമുണ്ട് ചൈനയില്‍.

അടുത്തകാലത്ത് അധികാരികള്‍ ഉയിഗുറുകളോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ ആപ്പിന് ഫോണില്‍ സൂക്ഷിക്കുന്ന ഫോട്ടോകളും വിഡിയോകളും ഓഡിയോ ഫയലുകളും ഈ ബുക്കുകളും മറ്റു ഡോക്യുമെന്റുകളും പരിശോധിക്കാന്‍ സാധിക്കും. വെബിനെ ശുദ്ധി ചെയ്യുന്നെന്ന് അര്‍ഥം വരുന്ന ജിങ്‌വാങ് (Jingwang) എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ഫോണ്‍ നമ്പറുകള്‍, ഫോണിന്റെ മോഡല്‍, തുടങ്ങിയവയും പരിശോധിക്കും. എപ്പോഴും ഉപയോക്താവിന്റെ ഫയലുകളില്‍ ഒരു കണ്ണുവയ്ക്കുയും ചെയ്യും.

ഇഷ്ടപ്പെടാത്ത ഉള്ളടക്കം കണ്ടാല്‍ അതു ഡിലീറ്റു ചെയ്യാന്‍ ആവശ്യപ്പെടാന്‍ വരെ ബുദ്ധിയുള്ളതാണ് ഈ ആപ്പ്. പത്തു ലക്ഷത്തോളം ഉയിഗിറുകളെ സർക്കാർ പിടിച്ചുവച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. അവരെ കസേരകളില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നും തല്ലിച്ചതയ്ക്കാറുണ്ടെന്നും ഭക്ഷണം വേണമെങ്കില്‍ ദേശഭക്തിഗാനങ്ങള്‍ പാടണമെന്ന നിബന്ധനയുണ്ടെന്നുമാണ് ആരോപണം. ഇത്തരം ക്യാമ്പുകളൊന്നുമില്ല എന്ന് ചൈന മുൻപ് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അവയെ നിയമവിധേയമാക്കി എന്നു പറഞ്ഞ് ഉത്തരവ് ഇറക്കിയിരിക്കുന്നുവെന്നും കേള്‍ക്കുന്നു. ചൈനയ്ക്കു പുറത്തുള്ള ഉയിഗുറുകളുടെ മേല്‍പോലും രാജ്യം ഒരു കണ്ണുവച്ചിരിക്കുകയാണത്രെ. മറ്റു പല രാജ്യങ്ങളിലുള്ള പല ഉയിഗുറുകളും തങ്ങള്‍ക്കു നേരിട്ടോ, ചൈനയിലുള്ള തങ്ങളുടെ ബന്ധുക്കള്‍ക്കോ ഭീഷണികള്‍ ലഭിക്കാറുണ്ടെന്നു പറയുന്നു. ഇത്തരം ഭീഷണികള്‍ വരുന്നത് തങ്ങളുടെ വണ്ടിയുടെ ലൈസന്‍സ് പ്ലേറ്റ് നമ്പറുകള്‍, ബാങ്ക് വിശദാംശങ്ങള്‍ തുടങ്ങിയവ നല്‍കിയില്ലെങ്കിലാണെന്നാണ് അവര്‍ വിശദീകിരിക്കുന്നത്.

muslim-girls

ഗൂഗിള്‍ ചൈനയില്‍ ഒരു താവളം തുടങ്ങിയാല്‍, അവര്‍ ഉയിഗുറുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കു മാത്രമല്ല സഹായം നല്‍കാന്‍ പോകുന്നത്. ചൈനയുടെ ചരിത്രം പരിശോധിച്ചാല്‍, സർക്കാരിനെ വിമര്‍ശിക്കുന്നവരെ അപ്രത്യക്ഷമാക്കുക, നിഷ്‌കളങ്കരായ കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കുക, വീടുകളുടെ മതിലു തകര്‍ത്ത് കടന്നുവരിക, ഫോണ്‍കോളുകള്‍ ഒളിഞ്ഞു കേള്‍ക്കുക തുടങ്ങിയ കലാപരിപാടികളിലും അവര്‍ക്ക് പങ്കെടുത്ത് സായൂജ്യമടയാമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.