Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിനെ ഒഴിവാക്കാൻ 12 വഴികൾ; എല്ലാം സ്വകാര്യം, സുരക്ഷിതം

Google-

സമാനതകളില്ലാത്തതും സംതൃപ്തി തരുന്നതുമാണ് ഗൂഗിള്‍ നല്‍കുന്ന പല സേവനങ്ങളും. പക്ഷേ, ഇന്ന് ചിലരെങ്കിലും ഗൂഗിള്‍ സാമ്രാജ്യതതിനു വെളിയില്‍ കടക്കാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സ്വകാര്യതയെ വിലമതിക്കുന്നവരാണ്. എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരുടെ സ്വഭാവവും മറ്റും വളരെ പെട്ടെന്നു തന്നെ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മനസിലാക്കാനാകും. പിന്നെ, സ്വകാര്യഡേറ്റ വിറ്റ് കാശുണ്ടാക്കുന്ന കമ്പനിയെന്ന ആരോപണവും ഗൂഗിളിനെതിരെ ആദ്യകാലം മുതല്‍ ഉണ്ടല്ലോ. പക്ഷേ, പലപ്പോഴും അവരുടെ സര്‍വീസുകള്‍ക്കു തുല്യമായി മറ്റൊന്നുമില്ല താനും. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ സാമ്രാജ്യത്തിനു വെളിയില്‍ എന്തു സാധ്യതകളാണ് ഉള്ളത് എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഭാവിയിലേക്കെങ്കിലും ഒരു ബാക്-അപ് പ്ലാന്‍ വേണമെന്നുമുള്ളവര്‍ക്കായി ഒരു കുറിപ്പ്:

1. സേര്‍ച്

ഗൂഗിളിന്റെ ഏറ്റവും മികച്ച സര്‍വീസുകളില്‍ ഒന്നാണ് സേര്‍ച്. ഇതിന് പകരം ഉപയോഗിക്കാവുന്നതാണ് ഡ്ക്ഡക്‌ഗോ (duckduckgo.com). സേര്‍ചുകള്‍ സൂക്ഷിക്കില്ല എന്നാണ് അവര്‍ നല്‍കുന്ന ഉറപ്പ്. വ്യക്തിപരമായ ഡേറ്റ ഉപയോഗിക്കാത്തതിനാല്‍ ആരു സേര്‍ച് ചെയ്താലും ഒരേ റിസള്‍ട്ട് തന്നെയായിരിക്കാം ലഭിക്കുന്നത്. 

2. യുട്യൂബ്

ഗൂഗിളിന്റെ അതിപ്രശസ്ത സേവനങ്ങളിലൊന്നാണ് യുട്യൂബ്. ഇതിനുള്ള കുഴപ്പം ഉപയോക്താവ് ഏതെല്ലാം തരം വിഡിയോയാണ് കാണുന്നതെന്നത് ഓര്‍ത്തു വച്ചേക്കാമെന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ യുട്യൂബ് സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ മുൻപ് ബ്രൗസു ചെയ്ത വിഡിയുമായി ബന്ധപ്പെട്ടവ യുട്യൂബ് സജസ്റ്റു ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ രുചികളെപ്പറ്റി അതിനറിയാം. പകരം വയ്ക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനുകളിലൊന്ന് വിമെയോ: https://vimeo.com/ ആണ്. അതിവേഗം വികസിക്കുന്ന ഒന്നാണ് ഈ പ്ലാറ്റ്‌ഫോം. എന്നാല്‍, യുട്യൂബിന്റെയത്ര വൈവിധ്യം ഇപ്പോള്‍ ലഭ്യമല്ല. വിമെയോയുടെ പ്രധാന ആകര്‍ഷണിയത അതിന്റെ അഡ്വാന്‍സ്ഡ് പ്രൈവസി സെറ്റിങ്‌സ് ആണ്.

3. ജിമെയില്‍

ഗൂഗിളിന്റെ സുപ്രശസ്തമായ ഇമെയിൽ സര്‍വീസ്. ആദ്യകാലത്ത് ഇന്‍വിറ്റേഷനിലൂടെ മാത്രം ലഭിച്ചിരുന്ന ഇത് വളരെ വേഗം ജനശ്രദ്ധ നേടി. ജിമെയില്‍ ഇല്ലാത്തത് ഒരു കുറവായി പോലും ആളുകള്‍ കണ്ടിരുന്നു. എന്നാല്‍, ജിമെയിലിലെ മെയിലുകളെല്ലാം ഗൂഗിള്‍, മെഷീന്‍ ലേണിങ് ഉപയോഗിച്ച് കാണുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ കുറച്ചു പേര്‍ ഈ സേവനം ഉപേക്ഷിച്ചു. അടുത്തകാലത്തായി തേഡ് പാര്‍ട്ടി ആപ്പുകളും (മറ്റു കമ്പനികള്‍ക്കും) ജിമെയിലിലേക്കു കയറാനാകും എന്നറിഞ്ഞതോടെ അതിന്റെ ഖ്യാതി സ്വകാര്യതയെ പരിഗണിക്കുന്നവരില്‍  ഇഷ്ടക്കുറവുണ്ടാക്കി. പകരം വയ്ക്കാന്‍, അല്ലെങ്കില്‍ പുതിയൊരു മെയില്‍ ബോക്‌സ് കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ ഉത്തമമായ സേവനങ്ങളിലൊന്ന് ഫാസ്റ്റ്‌മെയില്‍ https://bit.ly/2CfSxaZ. ഡ്ക്ഡക്‌ഗോയുടെ കാര്യം പറഞ്ഞതു പോലെ അവരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിങ്ങളുടെ മെയ്ല്‍ ബേക്‌സില്‍ നോക്കിക്കൊണ്ടരിക്കില്ല. പക്ഷേ, ഇതിന് മാസവാടക നൽകേണ്ടിവരും. ബിസിനസുകാര്‍ക്കും മെയില്‍ മറ്റുള്ളവര്‍ കാണേണ്ട എന്നുള്ളവരും അത് പരിഗണിക്കണം. ഫ്രീ മെയില്‍ സേവനം മതിയെന്നുള്ളവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഔട്‌ലുക്: http://www.outlook.com/ പരിഗണിക്കാം.

4. ബ്രൗസര്‍

മൈക്രോസോഫ്റ്റുമായി ഏറ്റുമുട്ടാനായി തുടങ്ങിയ ഒന്നായിരുന്ന ഗൂഗിള്‍ ക്രോം ബ്രൗസര്‍. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ഇതാണ്. എന്നാല്‍ സ്വകാര്യതാ ഭീതിയുള്ളവര്‍ ക്രോമിനെ ഉപേക്ഷിക്കുന്നു. പകരം മോസിലയുടെ ഫയര്‍ഫോകസ്: https://www.mozilla.org/en-US/firefox/ ആണ് കംപ്യൂട്ടറിലും, ആന്‍ഡ്രോയിഡിലും ഒക്കെ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റിനെ കുത്തകയാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന, വിശ്വസിക്കാവുന്ന കമ്പനികളിലൊന്നാണ് ഫയര്‍ഫോക്‌സ്. മറ്റു ബ്രൗസറുകളിലെ ബുക്മാര്‍ക്കുകളും മറ്റും ഫയര്‍ഫോക്‌സിലേക്കു നീക്കുകയും ചെയ്യാം. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്ലത് സഫാരിയാണ്. വിന്‍ഡോസിന്റെ എജും (Edge) ഇപ്പോഴത്തെ മികച്ച ബ്രൗസറുകളിലൊന്നാണ്.

5. ഗൂഗിള്‍ ഡോക്‌സ്

ഡോക്യുമെന്റുകള്‍ സേവു ചെയ്യാന്‍ ഗൂഗിള്‍ ഡോക്‌സാണ് പലരും ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ പല സര്‍വീസുകളെയും പോലെ ഇതും വളരെ ജനസമ്മതിയുള്ള സേവനമാണ്. പകരം വയ്ക്കാവുന്ന സര്‍വീസുകളിലൊന്ന് സെയില്‍സ്‌ഫോഴ്‌സിന്റെ ക്വിപ്: https://quip.com ആണ്. മുകളില്‍ പറഞ്ഞ സേവനങ്ങളെപ്പോലെ സ്വകാര്യതാ സംരക്ഷണം ഇതില്‍ നടക്കില്ലെന്നതും മാസവരി നല്‍കണമെന്നതും ന്യൂനതകളാണ്. പകരം വയ്ക്കാവുന്ന മറ്റൊന്ന് മൈക്രോസോഫ്റ്റ് വേഡ് ഓണ്‍ലൈന്‍ ആണ്. മറ്റൊന്നു കൂടെ പരിഗണിക്കണമെങ്കില്‍ സോഹോ ഡോക്‌സും (Zoho Docs) ഉപയോഗിച്ചു നോക്കാം.

6. ഗൂഗിള്‍ ഷീറ്റ്‌സ്

ഗൂഗിള്‍ ഷീറ്റ്‌സിനു പകരം വയ്ക്കാവുന്ന സേവനമാണ് എയര്‍ടേബിള്‍: https://airtable.com. ഇതില്‍ ഫ്രീ സേവനങ്ങളും, കുടുതല്‍ ഫീച്ചറുകള്‍ വേണമെന്നുള്ളവര്‍ക്ക് കാശു നല്‍കിയും ഉപയോഗിക്കാം.

7. ഗൂഗിള്‍ ഡ്രൈവ്

അതി പ്രശ്‌സതമായ മറ്റൊരു സേവനമാണ് ഗൂഗിള്‍ ഡ്രൈവ്. പകരം വയ്ക്കാവുന്ന മികച്ച സര്‍വീസുകളിലൊന്ന് ഡ്രോപ്‌ബോക്‌സ്. https://www.dropbox.com ആണ്. ഗൂഗിള്‍ 15 ജിബി ഫ്രീ സ്റ്റോറേജ് സ്‌പെയ്‌സ് നല്‍കുമ്പോള്‍ ഡ്രോപ്‌ബോക്‌സില്‍ ഫ്രീ സ്‌പെയ്‌സ് 2 ജിബി മാത്രമാണ്. ആദ്യകാല ഉപോയക്താക്കള്‍ക്ക് 15 ജിബി നല്‍കുന്ന സര്‍വീസാണ് മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവ്. ഇപ്പോള്‍ 5 ജിബി സ്‌പെയ്‌സ് മാത്രമെ ലഭിക്കൂ. എല്ലാ മുട്ടകളും ഒരു കുട്ടയില്‍ വയ്‌ക്കേണ്ട എന്നുള്ളവര്‍ക്ക് ഡ്രോപ്‌ബോക്‌സും വണ്‍ഡ്രൈവും പരിഗണിക്കാം.

8. ഗൂഗിള്‍ ഹാങ്ഔട്‌സ്

ഗൂഗിള്‍ ഹാങ്ഔട്‌സിനു പകരം ഉപയോഗിക്കാവുന്ന ഒരു സര്‍വീസാണ് ടെലിഗ്രാം: https://telegram.org/. ഇതിന്റെ മേന്മയും അതു നല്‍കുന്ന സ്വകാര്യതയാണ്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്ന മറ്റൊരു സേവനമാണ് സിഗ്നല്‍: https://signal.org/

9. ഗൂഗിള്‍ മാപ്‌സ്

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. പകരം വയ്ക്കാനാകാത്ത ഒന്നാണിത്. പക്ഷേ നിങ്ങള്‍ പോയ സ്ഥലങ്ങളെക്കുറിച്ച് മറന്നു പോയാലും ഗൂഗിള്‍ മറക്കില്ല എന്ന ആരോപണമാണ് ഇതിനെ സംശയത്തിന്റെ മുനയില്‍ നിറുത്തുന്നത്. പകരം ഉപയോഗിക്കാവുന്ന ഒരു സേവനമാണ് ഒപ്പണ്‍സ്ട്രീറ്റ്മാപ്: https://bit.ly/2PwsjEO. എന്നാല്‍ ഇതിനൊരു മൊബൈല്‍ ആപ് ഇല്ലെന്നത് വലിയൊരു ന്യൂനതയാണ്. ഡെവലപ്പര്‍മാര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്നുമാണിത്. ആപ്പിള്‍ മാപ്‌സ്, ബിങ് മാപ്‌സ് എന്നിവയും തരക്കേടില്ലാത്ത സേവനം നല്‍കുന്നു.

10. ഗൂഗിള്‍ ഇമേജസ്

ഗൂഗിള്‍ ഇമെജസിനു പകരം വയ്ക്കാവുന്ന ഒരു വെബ്‌സൈറ്റാണ് അണ്‍സ്പാളാഷ്: https://unsplash.com/. മനോഹരമായ സ്‌റ്റോക് ഫോട്ടോഗ്രാഫി ചിത്രങ്ങള്‍ ഫ്രീയായി ലഭിക്കുന്നു.

11. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്

ഗൂഗിള്‍ ഫ്‌ളൈറ്റ്‌സിനു പകരം ഉപയോഗിക്കാവുന്ന മറ്റൊസു സേവനമാണ് സ്‌കൈസ്‌കാനര്‍: https://www.skyscanner.com/

12. ഗൂഗിള്‍ വെതര്‍

കാലാവസ്ഥയറിയാനുള്ള നല്ല ഒരു സേവനമാണ് ഗൂഗിള്‍ വെതര്‍. എന്നാല്‍ പല വിദേശികളും ഇപ്പോള്‍ ഡാര്‍ക്‌സ്‌കൈ https://www.skyscanner.com/ ആണ് ഉപയോഗിക്കുന്നത്. മികച്ച സേവനമാണെങ്കിലും ഇതിന് വില നല്‍കണമെന്നതാണ് കുഴപ്പം. അക്യുവെതര്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

ഗൂഗിളിന്റെ സേവനത്തിനൊപ്പമല്ല എന്നു തോന്നാമെങ്കിലും, മുപ്പതു ദിവസമെങ്കിലും തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇവയില്‍ പലതും മതിയെന്ന് മിക്കവര്‍ക്കും തോന്നുമെന്നാണ് പറയുന്നത്. പ്രത്യേകിച്ചും സ്വകാര്യതയെ വിലമതിക്കുന്നുണ്ടെങ്കില്‍.