Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരിയെ പീഡിപ്പിച്ചവന് 660.20 കോടി പാരിതോഷികം‍, മാനം കാക്കാൻ പുറത്താക്കൽ

net-abuse

സമീപഭാവിയിലെപ്പോഴെങ്കിലും നിങ്ങൾ ഒരു ഗൂഗിൾ പരസ്യത്തിൽ ക്ലിക് ചെയ്തിട്ടുണ്ടോ? എങ്കിൽ ഒന്നു മനസ്സിലാക്കുക, നിങ്ങളുടെ ഓരോ ക്ലിക്കിൽ നിന്നുമുള്ള പണം കൂടി ഉപയോഗിച്ചാണ് ലൈംഗികാരോപണത്തെ തുടർന്നു പുറത്താക്കിയ ആന്‍ഡി റൂബിൻ പോലെയുളളവർക്ക് ഗൂഗിൾ പണം നൽകുന്നത്. 90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014ൽ റൂബിനെ ഗൂഗിൾ യാത്രയയച്ചത്. 

ഗുരുതരമായ ലൈംഗികാരോപണത്തെ തുടർന്ന് സേവനം നിർത്താൻ നിർബന്ധിതനായ ഒരാൾക്ക് വിരമിക്കൽ സമയത്ത് പണം നൽകണമെന്ന് വ്യവസ്ഥയില്ല. എങ്കിലും റൂബിനെ വാനോളം പുകഴ്ത്തി നല്ലൊരു സംഖ്യ നൽകിയാണ് ഗൂഗിള്‍ അദ്ദേഹത്തെ യാത്രയാക്കിയത്. നാലു വർഷങ്ങൾക്കുള്ളിൽ പ്രതിമാസം രണ്ടു ദശലക്ഷം ഡോളറെന്ന നിലയിലാണ് മാന്യമായ ഈ പാക്കേജ് നടപ്പിലാക്കിയത്. അടുത്ത മാസത്തോടെ കരാർ പ്രകാരമുള്ള പണം കൈമാറ്റം അവസാനിക്കുമെന്നാണ് ഗൂഗിളിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഗൂഗിളിൾ ജീവനക്കാരികളില്‍ ഒരാളോട് ഹോട്ടലില്‍ വച്ച്, 2013ല്‍ ഓറല്‍ സെക്‌സ് നടത്തിയതിനാണ് റൂബിനോട് പുറത്തു പോകാൻ കമ്പനി ആവശ്യപ്പെട്ടത്. 

ലൈംഗിക ആരോപണമുയർന്ന ശേഷവും ഗൂഗിളിന്‍റെ പരിളാലന ഏറ്റുവാങ്ങിയ ഏക ഉദ്യോഗസ്ഥനല്ല റൂബിൻ എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. ആരോപണ വിധേയരായ മറ്റു രണ്ടു സീനിയർ ഉദ്യോഗസ്ഥർക്കും ഗൂഗിൾ ചുവപ്പു കാർഡ് കാണിച്ചെങ്കിലും നല്ലൊരു തുക വിരമിക്കലിനോടു അനുബന്ധിച്ച് ഇവർക്കു കൈമാറിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ആരോപണങ്ങൾ ഉയരുമ്പോൾ ഗൂഗിൾ കമ്പനി എന്ന നിലയിലുള്ള താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നതെന്നാണ് ആരോപണം. നീണ്ട നിയമയുദ്ധങ്ങൾ ഒഴിവാക്കുകയും അതോടൊപ്പം പുറത്തു പോകുന്നവർ എതിരാളികൾക്കു കീഴിൽ പുതിയ ജോലി തേടുന്നില്ലെന്നു നിയമപരമായി ഉറപ്പാക്കുകയും മാത്രമാണ് ഇക്കാര്യത്തിൽ ഗൂഗിൾ ലക്ഷ്യം വയ്ക്കുന്നത്.

2013ൽ ഗൂഗിളിന്‍റെ ഗവേഷണ വിഭാഗമായ ഗൂഗിൾ എക്സിൽ ജോലി തേടിയെത്തിയ യുവതിക്കെതിരെ ഡയറക്ടറായ റിച്ചാർഡ് ഡിവോൾ നടത്തിയ ലൈംഗികാതിക്രമമാണ് മറ്റൊരു ഉദാഹരണം. അഭിമുഖത്തിനെത്തിയ തന്നെ ഡിവോൾ നിവേദ മരുഭൂമിയിലെ വാർഷിക ആഘോഷമായ ബേർണിങ് മാനിലേക്ക് ക്ഷണിച്ചതായും ഇവിടെ വച്ച് വസ്ത്രം ഊരിമാറ്റിയാൽ പുറംതടവി തരാമെന്ന് ഡിവോൾ നിർബന്ധപൂർവ്വം പറഞ്ഞതായുമാണ് അതിക്രമത്തിനു ഇരയായ മിസ് സിംപ്സണിന്‍റെ വെളിപ്പെടുത്തൽ. ഒടുവിൽ കഴുത്തു തടവാൻ നിന്നുകൊടുക്കാൻ താൻ നിർബന്ധിതയായെന്നും ഇവർ പറയുന്നു. അഭിമുഖം നടന്നതല്ലാതെ ഇവർക്ക് ജോലി ലഭിച്ചില്ല. രണ്ടു വർഷങ്ങൾക്കു ശേഷം ഗൂഗിളിന് ഔദ്യോഗികമായി പരാതി നൽകിയെങ്കിലും കാത്തിരിക്കണമെന്നും ഇതുസംബന്ധിച്ച് പരസ്യ വെളിപ്പെടുത്തല്‍ നടത്തരുതെന്നുമായിരുന്നു നിർദേശം. ഡിവോൾ പിന്നീട് മാപ്പു പറഞ്ഞെങ്കിലും തുടർ നടപടികളൊന്നും തന്നെ ഉണ്ടായില്ല. 

ഗൂഗിളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രണയത്തെ തുടർന്ന് പുറത്തു പോകേണ്ടിവന്ന യുവതിയുടെ കഥയും ഇത്തരം കേസുകളിൽ ഗൂഗിളിനുള്ള പൊതു നിലപാടിലേക്ക് വെളിച്ചം വീശുന്നതാണ്. ആൾഫബെറ്റിന്‍റെ മുഖ്യ നിയമോപദേഷ്ടാവും ക്യാപിറ്റൽ ജി ചെയർമാനുമായ ഡ്രമ്മോണ്ടാണ് കഥയിലെ നായകൻ. നിയമ വകുപ്പിലെ സീനിയർ കോൺട്രാക്റ്റ് മാനേജറായ ജെന്നിഫർ ബ്ലാക്ക് ലിയിലുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഡ്രമ്മോണ്ട് ഇക്കാര്യം ഓഫീസിൽ അറിയിച്ചത്. ജെന്നിഫറിനെ ഉടൻ തന്നെ നിയമ വകുപ്പില്‍ നിന്നും മാറ്റുകയും ഒരു വർഷത്തിനകം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയാകുകയും ചെയ്തു. താനൊരു ബാധ്യതയാണെന്ന പോലെയാണ് ഗൂഗിള്‍ പെരുമാറിയതെന്നും സ്വയമേവ രാജിവയ്ക്കുകയാണെന്നു നിർബന്ധപൂർവ്വം എഴുതി വാങ്ങിച്ചതായും ജെന്നിഫർ പറയുന്നു.

ലൈംഗികാപവാദ കേസുകളിൽ ഉൾപ്പെടുന്നവരുടെ പദവിയും ഉന്നതതലങ്ങളിലുള്ള ബന്ധവും നോക്കിയാണ് ഗൂഗിള്‍ ഇടപെടുന്നതെന്നാണ് പൊതുവെയുള്ള ആരോപണം. ഇരകളെ പൂർണമായും അവഗണിച്ചാണ് പലപ്പോഴും വിരമിക്കല്‍ പാക്കേജോടു കൂടി മാന്യമായ ഒരു ഇറങ്ങിപ്പോക്കിന് അവസരം കൊടുക്കുന്നത്. ഗൂഗിളിന്‍റെ വരുമാനത്തിന് പങ്കുവഹിക്കുന്ന ലോകത്തെ ഒരോരുത്തരും അവരറിയാതെ തന്നെ ഫലത്തിൽ ഇത്തരം സാമ്പത്തിക പാക്കേജുകൾക്കുള്ള സംഭാവന നല്‍കുന്നവരായി മാറുകയാണെന്ന് മാത്രം.