Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയെ തോൽപ്പിച്ച പോണ്‍ നടി; ഇന്ത്യയെ കാത്തിരിക്കുന്നത് ലൈംഗിക വിപ്ലവം?

sunny-leone-about-gossip

ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം പോണോഗ്രാഫിയിലോ? – ഭാഗം ഒന്ന്

യാഥാസ്ഥിതികയായ ഒരു വീട്ടമ്മയോട് 14 കാരിയായ മകള്‍ എന്തോ സംശയം ചോദിച്ചു. അതൊന്നും നീയിപ്പോള്‍ അറിയേണ്ടെന്ന് അമ്മ മറുപടി കൊടുത്തു. 'എനിക്കെല്ലാം അറിയാമമ്മേ.' എന്നു പറഞ്ഞ് മകള്‍ പോയപ്പോള്‍ അമ്മയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. എന്നാല്‍ പില്‍ക്കാലത്തുണ്ടായ സംഭവങ്ങള്‍ അവള്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് അവർക്കു ബോധ്യപ്പെടുത്തിക്കൊടുത്തു.

‘എന്റെ ഒൻപതാം ക്ലാസുകാരിയായ മകള്‍ ബ്രൗസ് ചെയ്തിട്ട് എഴുന്നേറ്റു പോയിക്കഴിഞ്ഞ് ഞാന്‍ ബ്രൗസറും ഫയല്‍ ഹിസ്റ്ററിയും മറ്റും പരിശോധിക്കും. അവളുടെ ആക്ടിവിറ്റിയുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍. ബ്രൗസിങ് ഹിസ്റ്ററി ക്ലിയറു ചെയ്യാനൊന്നും ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ...’ - മറ്റൊരു സുഹൃത്തു പറഞ്ഞതാണിത്.

ഇത്തരം എത്ര അനുഭവങ്ങള്‍ വേണമെങ്കിലും എഴുതാം. അതു വേണ്ട. പകരം നാട്ടിലെ അടിയൊഴുക്കുകളെക്കുറിച്ചാണ് അറിയേണ്ടത്:

പ്രത്യക്ഷത്തില്‍ ഇപ്പോഴും വളരെ ശാന്തമാണ് ഇന്ത്യന്‍ ജനസമുദ്രം. പക്ഷേ, പത്തു വര്‍ഷം മുൻപു പോലും അചിന്ത്യമായിരുന്ന രീതിയില്‍ ലൈംഗികതയുടെ സുനാമിത്തിരകള്‍ സമുദ്രാടിത്തട്ടില്‍ ശക്തിയാര്‍ജിക്കുന്നുവെന്നും ഇത് അടുത്ത പതിറ്റാണ്ടിനുള്ളില്‍ത്തന്നെ കരയാകെ തല്ലിത്തകര്‍ത്താല്‍ അദ്ഭുതപ്പെടേണ്ട എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

sunny-leone

മുഴുവന്‍ സമയവും സ്വന്തം സ്മാര്‍ട് ഫോണില്‍ കുത്തിയിരിക്കുന്ന ആ കൂട്ടരെ നിങ്ങള്‍ക്കറിയാമല്ലോ. ഒരു പക്ഷേ നിങ്ങളും ആ കൂട്ടത്തില്‍ പെടുമായിരിക്കും. സ്മാര്‍ട് ഫോണും അതിലേക്കു പ്രവവഹിക്കുന്ന ഇന്റര്‍നെറ്റും പോണോഗ്രാഫിയും സമൂഹമാധ്യമങ്ങളും മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കുകയാണ്. സമീപകാലത്തുവരെ യാഥാസ്ഥിതികരെന്നു വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് അനുദിനം വരുന്ന മാറ്റം കണ്ട് അന്തിച്ചിരിക്കുകയാണ് പാശ്ചാത്യര്‍ പോലും. (അനലോഗ് കാലം പോലെയല്ലാതെ ആര് എന്തു കാണുന്നുവെന്നൊക്കെ പാശ്ചാത്യര്‍ക്കറിയാം. അവിടെയാണല്ലോ പോണ്‍ സൈറ്റുകള്‍ നങ്കൂരമിട്ടിരിക്കുന്നത്.) എന്നാല്‍, ഇന്ത്യന്‍ പാരമ്പര്യം എന്നു പറയുന്നത് യാഥാസ്ഥികമായിരുന്നില്ലെന്നും വിക്ടോറിയന്‍ മൂല്യങ്ങളാണ് ഇന്ത്യയെ പരിവര്‍ത്തനം ചെയ്തതെന്നും മറുവാദവുമുണ്ട്.

എന്തായാലും, നമ്മള്‍ ഏതാനും ലേഖനങ്ങളിലൂടെ ഈ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ തുടങ്ങുകയാണ്. ചില സമീപകാല യാഥാര്‍ഥ്യങ്ങളിലൂടെ ഇന്ത്യയുടെ 'നേര്‍പടം' കാണാം:

ഡിജിറ്റല്‍ യുഗം സാധാരണക്കാരിലേക്കും എത്തിത്തുടങ്ങിയ 2012 ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് സേര്‍ച്ചുകളില്‍ മുന്നിലെത്തിയത് രാഷ്ട്രീയക്കാരോ മതനേതാക്കളോ ക്രിക്കറ്റ്-സിനിമാ താരങ്ങളോ അല്ല. ഇവരിലാരും വിജയിയുടെ അടുത്തു പോലും എത്തിയില്ല. ആ വര്‍ഷം ഇന്ത്യക്കാര്‍ ജിജ്ഞാസുക്കളായത് കരഞ്ജിത് കൗര്‍ വോറാ, അഥവാ കൂടുതല്‍ പേരും അവരെ അറിയുന്നതുപോലെ, സണ്ണി ലിയോണ്‍ എന്ന കനേഡിയന്‍-ഇന്ത്യന്‍ പോണ്‍ റാണിയെ കുറിച്ചറിയാനാണെന്നു ഗൂഗിള്‍ പറയുന്നു.

ഇത് ആ വര്‍ഷത്തെ ഒരു പ്രതിഭാസമൊന്നും ആയിരുന്നില്ല- 2013 മുതല്‍ 2017 വരെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കൂടുതല്‍ ഇന്ത്യക്കാര്‍ സണ്ണിയെ കണ്ടെത്തുന്നതിന് സമയം ചെലവിട്ടു. ഈ വര്‍ഷങ്ങളിലെല്ലാം, അവരായിരുന്നു ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സേര്‍ച് ചെയ്യപ്പെട്ട വ്യക്തി. അവരെ ഓൺലൈനിൽ കണ്ടിട്ടും തിരഞ്ഞിട്ടും ഇന്ത്യക്കാര്‍ക്കു മതിയാകുന്നില്ല. സേര്‍ച്ചില്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്തെത്തി. പക്ഷേ, സണ്ണി ലിയോണ്‍ അപ്പോഴും വമ്പന്‍ ലീഡുമായി മുന്നിലായിരുന്നുവെന്ന് ഗൂഗിൾ സെർച് കണക്കുകള്‍ പറയുന്നു.

google-search

ഇന്ത്യക്കാരെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒന്നു കൂടെ ഓര്‍ക്കൂ- യാഥാസ്ഥിതികര്‍, കുടുംബ ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നവര്‍, ലജ്ജാനാട്യക്കാര്‍, കടുത്ത മതത്തിനു വേണ്ടി കൊല്ലാനും മരിക്കാനും തയാറാകുന്നവര്‍.. എന്നാല്‍ അവരില്‍ പലരുടെയും - പ്രത്യേകിച്ചും പുരുഷന്മാരുടെ സ്വകാര്യ നിമിഷങ്ങളില്‍ നൃത്തം വയ്ക്കുന്നത് ഒരു പോണോഗ്രഫി നടിയാണ്. സണ്ണിയുടെ ഇന്ത്യയിലേക്കുള്ള വരവും അവര്‍ക്കു കിട്ടിയ സ്വീകാര്യതയും ഇവിടെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്:

ഇന്ത്യക്കാർ സണ്ണിയെ കണ്ടെത്തുന്ന 2010 കാലഘട്ടത്തില്‍ അവര്‍ തന്റെ പോണ്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ മാനേജരായ ഒരു കമ്പനി നടത്തുകയായിരുന്നു. ബിഗ് ബോസ് പരിപാടിക്കായി 2011 ലാണ് അവര്‍ ഇന്ത്യയില്‍ എത്തുന്നത്. പരിപാടിയില്‍ സണ്ണിയെ പങ്കെടുപ്പിക്കുന്നത് വിവാദമായിരുന്നു. ഇത്തരം പല പരിപാടികളിലും വിവാദ പരിവേഷമുള്ളവരെ ഉള്‍പ്പെടുത്തുന്നതുതന്നെ ജനശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റാനാണെന്നും വാദമുണ്ടല്ലോ. ഇതിലൂടെ റേറ്റിങ് വര്‍ധിപ്പിക്കാം. ആ കാലത്തും കൂടുതല്‍ ഇന്ത്യക്കാരും സണ്ണിയെക്കുറിച്ച് കേട്ടിരുന്നില്ല എന്നതും വസ്തുതയാണ്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു പോണ്‍ താരം ഇവിടെ എത്തിയിരിക്കുന്നു എന്നത് പെട്ടെന്നു തന്നെ വാര്‍ത്തയായി. ആ കാലത്ത് ബിജെപി എംപി അനുരാഗ് താക്കൂര്‍ മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഒരു കത്തെഴുതി. അതില്‍ അദ്ദേഹം വാദിച്ചത് സണ്ണിയുടെ സാന്നിധ്യം കുട്ടികളുടെ മനോഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്. പോണ്‍ താരങ്ങളെ ടിവിയില്‍ കണ്ടശേഷം അവരെക്കുറിച്ച് കുട്ടികള്‍ നടത്തുന്ന സേര്‍ച്ചുകള്‍ അവരെ പോണ്‍ സൈറ്റുകളില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, അന്ന് സണ്ണി ടിവി ഷോയില്‍ പ്രത്യക്ഷപ്പെടുന്നതു വിലക്കാനുളള ഒരു നിയമവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോണോഗ്രഫിയുടെ നിര്‍മാണം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും സണ്ണിക്ക് താന്‍ ഇപ്പോള്‍ ആ വ്യവസായവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടുനില്‍ക്കുന്നയാളല്ലെന്ന് എളുപ്പം തെളിയിക്കാമായിരുന്നു. വിനോദ വ്യവസായത്തിന്റെ പൊതു മേഖലകളിലായിരുന്നു അവര്‍ അന്നുണ്ടായിരുന്നത്. 2011ലെ സീസണാണ് ബിഗ് ബോസിന്റെ ഇന്നു വരെയുള്ള ചരിത്രത്തിലെ ഏറ്റവും കുടുതല്‍ റേറ്റിങ് കിട്ടിയ വര്‍ഷം. അവരെ സ്‌ക്രീനില്‍ കണ്ട ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് അവര്‍ക്ക് തന്റെ ഒരു സിനിമയില്‍ റോള്‍ നല്‍കുകയായിരുന്നു. അതിനുശേഷം പല മുഖ്യധാരാ സിനിമകളും സണ്ണിയെ തേടി വന്നു. തുടര്‍ന്ന് 2014 ല്‍ അവര്‍ ഇറക്കിയ 'ബേബി ഡോള്‍' എന്നു പേരിട്ട മ്യൂസിക് വിഡിയോ ദേശീയ തലത്തില്‍ ഹിറ്റാകുകയും ചെയ്തു. ഇതിലെ വിഡിയൊ ഇന്ത്യന്‍ വിനോദ വ്യവസായത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു നിര്‍മിച്ചതായിരുന്നുവെന്നും കാണാം. നഗ്നതാ പ്രദര്‍ശനം സെന്‍സര്‍മാര്‍ അനുവദിക്കില്ലെന്നു മനസിലാക്കിത്തന്നെ ഇറക്കിയ ഒന്നായിരുന്നു ഇത്. ഇതോടെ, അനുരാഗ് താക്കൂറിന്റെ മറ്റൊരു വാദവും ശരിയായി ഇന്റര്‍നെറ്റിന് വേലി കെട്ടാന്‍ ഇന്ത്യക്കാവില്ല. ആരാണ് സണ്ണി ലിയോണ്‍ എന്നറിയാന്‍ സേര്‍ച് ചെയ്തവരുടെ മുന്നിലേക്ക് ഗൂഗിള്‍ തന്നെ അവരുടെ പോണ്‍ വിഡിയോയകളുടെ ലിങ്കുകള്‍ എത്തിച്ചു നല്‍കി. അല്ലെങ്കില്‍ സണ്ണിലിയോണ്‍ ഡോട്‌കോം എന്ന അവരുടെ വെബ്‌സൈറ്റിലേക്ക് വഴി കാണിച്ചു കൊടുത്തു. അങ്ങനെയെല്ലാം ഇന്ത്യക്കാര്‍ വളരെ പെട്ടെന്ന് പല പോണ്‍ സ്ട്രീമിങ് വെബ്‌സൈറ്റുകളിലും എത്തി. (സണ്ണി വന്നില്ലായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ല. അല്‍പം കൂടി താമസിക്കുമായി
രുന്നിരിക്കണമെന്നു മാത്രം.) യുട്യൂബില്‍ സാധാരണ വിഡിയോ ലഭിച്ചിരുന്നതു പോലെ യൂപോണ്‍, റെഡ്ട്യൂബ്, എക്‌സ്ട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ഫ്രീ ആയി പോണ്‍ വിഡിയൊയും ലഭിച്ചിരുന്നു. ഇവയെ എല്ലാം നിയന്ത്രിച്ചിരുന്നത് പോണ്‍ഹബ് ആണ്. 2017 ല്‍ പോണ്‍ഹബ് ലോകത്ത് ഏറ്റവും വിസിറ്റേഴ്‌സുള്ള 38-ാമത്തെ വെബ്‌സൈറ്റാണ്. അതേസമയം ബിബിസി 104-ാം സ്ഥാനത്തും ന്യൂയോര്‍ക് ടൈംസ് 127-ാം സ്ഥാനത്തുമായിരുന്നു.

ഈ വെബ്‌സൈറ്റുകളുടെ പേര് എടുത്തെഴുതിയതിന് ഒരു കാരണമുണ്ട്. പോണ്‍ഹബ് ഓരോ വര്‍ഷവും തങ്ങളുടെ വിസിറ്റേഴ്‌സ് ഏതു രാജ്യങ്ങളില്‍ നിന്നാണ് എത്തിയത് തുടങ്ങിയ വിവരങ്ങള്‍ പുറത്തു വിടും. ആളുകളുടെ ലൈംഗിക ജീവിതത്തെ കുറിച്ചു വിശ്വസനീയമായി പ്രതിപാദിച്ചിരുന്ന കിനിസി റിപ്പോര്‍ട്ടിന് (Kinsey Report) തുല്യമാണ് ഇതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. പോണോഗ്രഫി വിവിധ രാജ്യങ്ങളും സംസ്‌കാരങ്ങളും എങ്ങനെ സ്വീകരിക്കുന്നു എന്നാണ് പോണ്‍ഹബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പലരുടെയും സ്വകാര്യ താത്പര്യങ്ങള്‍ ഇത്തരം വെബ്‌സൈറ്റുകളിലെത്തുമ്പോള്‍ വെളിപ്പെടും. പോണ്‍ഹബിന് 2017ല്‍ 28.5 ബില്യന്‍ സന്ദര്‍ശനങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഓരോ സെക്കന്‍ഡിലും 110GB ഡേറ്റയാണ് സൈറ്റില്‍നിന്നു പോകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 595,482 മണിക്കൂര്‍ നേരം കാണാനുള്ള വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതു കണ്ടു തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക് 68 വര്‍ഷമെടുക്കുമെന്നും പറയുന്നു.

മൂന്നാം സ്ഥാനത്ത് ഇന്ത്യ 

പോണോഗ്രഫിയുടെ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തിന്റെ തലപ്പത്തെത്താന്‍ ഇനി അധികം വര്‍ഷങ്ങള്‍ എടുത്തേക്കില്ല. ഇപ്പോള്‍ നമ്മുടെ രാജ്യം അമേരിക്കയ്ക്കും ബ്രിട്ടനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കിട്ടാത്ത ആളുകളുടെ എണ്ണവും ജനസംഖ്യയും കൂടി ചേര്‍ത്താല്‍ പോണോഗ്രഫിയുടെ ഉപയോഗത്തില്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ ഒട്ടും താമസമുണ്ടാവില്ലെന്നു കരുതാം. (എവിടെയാണു ചൈന? അവര്‍ ഇതെല്ലാം നേരത്തെ തന്നെ ബാന്‍ ചെയ്തില്ലേ!)

Porn-shooting

പോണ്‍ഹബിന്റെ 2017 ലെ റിപ്പോര്‍ട്ടും ഇന്ത്യയെ ഏറ്റവും നിര്‍ണായക വിപണികളില്‍ ഒന്നായിട്ടാണു കാണുന്നത്. ഞെട്ടരുത്! ഇന്ത്യയില്‍നിന്നു പോണ്‍ വിഡിയോ കാണാന്‍ എത്തുന്നവരില്‍ 30 ശതമാനവും സ്ത്രീകളാണെന്നാണ് പോണ്‍ഹബ് പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കൂടുതല്‍ പെണ്ണുങ്ങള്‍ എത്തുന്ന മറ്റു രാജ്യങ്ങള്‍ ഇവയാണ്- ഫിലിപ്പൈന്‍സ് (36 ശതമാനം), ബ്രസീല്‍, ദക്ഷിണാഫ്രിക്ക‍. ഇന്ത്യയില്‍ നിന്നുള്ള പോണ്‍ഹബ് സന്ദര്‍ശനം 86 ശതമാനം പേരും നടത്തിയിരിക്കുന്നത് മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നാണ്. ഇത് ഇപ്പോള്‍ത്തന്നെ ഒരു റെക്കോർഡാണ്. ഇതു വിരല്‍ ചൂണ്ടുന്നത്, ഇവരെല്ലാം പോണ്‍ കാണുന്നത് ചെറിയ സ്ക്രീനില്‍ സ്വകാര്യമായി ആണെന്നാണ്. പോണ്‍ഹബ് ഉപയോക്താവിന്റെ ശരാശരി പ്രായം 35 വയസാണ്; ഇന്ത്യയില്‍ 30 വയസ്സും.

ഉവ്വ്, സാംസ്‌കാരികമായ ചില പ്രത്യേകതകള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുണ്ട്! മതപരമായ വിശേഷ ദിനങ്ങളില്‍ ഇന്ത്യക്കാര്‍ പോണ്‍ സൈറ്റ് സന്ദര്‍ശിക്കല്‍ കുറയ്ക്കുന്നു. 2016ലെ റിപ്പോർട്ടില്‍ പറയുന്നത് ദീപാവലിക്ക് 17 ശതമാനം സന്ദര്‍ശകര്‍ കുറവായിരുന്നുവെന്നാണ്. അതുപോലെ റമസാന്‍ വ്രതം തുടങ്ങുന്ന ദിവസം 15 ശതമാനം കുറവു കണ്ടതായും പറയുന്നു.

പോണ്‍ഹബിന്റെ 2016 ലെ റിപ്പോര്‍ട്ടിലേക്ക് അല്‍പം കൂടി കടക്കാം. അവര്‍ പറയുന്നത് മിക്ക രാജ്യക്കാരും തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ്. പക്ഷേ, ഇന്ത്യക്കാര്‍ അത് ഒരു പടി കൂടി അപ്പുറത്തെത്തിക്കുന്നുവത്രെ. അവരുടെ ഒരോ സേര്‍ച്ചും ഇന്ത്യന്‍ എന്നു ചേര്‍ത്താണ്.

ഇതാണ് ഇന്ത്യക്കാര്‍ പോണ്‍ഹബില്‍ ഉപയോഗിക്കുന്ന പ്രധാന കീ വേഡുകള്‍:
1. Indian
2. Indian wife
3. Indian college
4. Indian bhabhi (bhabhi, older brother's wife)
5. Indian bhabhi devar (devar, husband's younger brother)
6. Indian actress
7. Indian teacher
8. Indian aunty

പോണ്‍ഹബ് പറയുന്നത് സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സേര്‍ച് ചെയ്യുന്ന പോണ്‍ സ്റ്റാര്‍ എന്നാണ്. അവര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതിയ വിഡിയോ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും അവരാണ് ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടതത്രേ. 2011ല്‍ അവര്‍ ഇന്ത്യയിലെത്തി പ്രശസ്തയായതോടെ പോണ്‍ഹബില്‍ ഏറ്റവുമധികം വ്യൂ കിട്ടുന്നതും അവര്‍ക്കാണെന്നും പറയുന്നു. കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ പോണ്‍ കാണാന്‍ എത്തുന്നു. മിക്കവരും സ്മാര്‍ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. അവരെല്ലം ആധുനികകാലത്തിനു ചേര്‍ന്ന പോണ്‍ കാണുന്നു. എന്നാല്‍, ഇവരില്‍ പലര്‍ക്കും പോണോഗ്രഫിയിലേക്ക് പ്രവേശനകവാടമൊരുക്കിയത് സണ്ണി ലിയോണ്‍ ആണ്.

(തുടരും)