Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ലെ ഓൺലൈൻ യുദ്ധം, പൂഡിപൈയും ടി–സീരിസും നേർക്കുനേർ...

PewDiePie-t-series-

ജനപ്രിയ വിഡിയോ വെബ്സൈറ്റ് യുട്യൂബിൽ ത്രസിപ്പിക്കുന്ന മത്സരമാണു ഇപ്പോള്‍ നടക്കുന്നത്. 2013 മുതല്‍ ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള യുട്യൂബ് ചാനല്‍ എന്ന ഖ്യതി കൈയ്യടക്കിവച്ചിരുന്നത് പൂഡിപൈ (PewDiePie) എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബറുടെ ചാനലായിരുന്നു. പക്ഷേ, ഇന്ത്യയില്‍ നിന്നുള്ള ടി-സീരിസ് (T-Series) ആ ബഹുമതി കരസ്ഥമാക്കാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ക്രിക്കറ്റിന്റെ ഭാഷയില്‍ സ്‌കോര്‍ ഇതുവരെ: ടി-സീരിസ്- 67,822,402 (നോട്ട് ഔട്ട്); പൂഡിപൈ: 68,427,823 (നോട്ട് ഔട്ട്). മത്സരം കഴിഞ്ഞിട്ടില്ല. പക്ഷേ, ടി-സീരിസിന്റെ മുന്നേറ്റം ഇന്ത്യയിലെ സിനിമാപ്പാട്ടു പ്രേമികളുടെ പിന്തുണയോടെ ആയതിനാല്‍ അവര്‍ അതിവേഗം കുതിക്കുകയാണ്.  

പൂഡിപൈയ്ക്കും സബ്‌സ്‌ക്രൈബര്‍മാര്‍ കൂടുന്നുണ്ടെങ്കിലും ടി-സീരിന്റെ വളര്‍ച്ചാ നിരക്കിനു പിന്നിലാണെന്നു കാണാം. എന്നാല്‍, ടി-സീരിസ് വഞ്ചനയിലൂടെയാണ് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരെ കൂട്ടുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യുട്യൂബിലെ രാജാവെന്നറിയപ്പെട്ടിരുന്ന പൂഡിപൈ കഴിഞ്ഞ അഞ്ചു വര്‍ഷവും ഒന്നാം സ്ഥാനത്ത് എതിരില്ലാതെ തുടരുകയായിരുന്നു. അധികം താമസിയാതെ രാജാവിനെ ടി-സീരിസ് സ്ഥാനഭ്രഷ്ടനാക്കുമെന്നാണ് പടിഞ്ഞാറന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്വീഡന്‍കാരനായ ഫെലിക്‌സ് (Felix Kjellberg) ആണ് പൂഡിപൈ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തി വരുന്നത്. ക്യാമറയ്ക്കു മുന്നില്‍ വിഡിയോ ഗെയിമുകള്‍ കളിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങള്‍ നടത്തുകയും ചെയ്താണ് പൂഡിപൈ വരിക്കാരെ ആകര്‍ഷിച്ചിരുന്നത്. പ്രേക്ഷകരാകട്ടെ അദ്ദേഹത്തിന്റെ വിഡിയോകളില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രശസ്തന്‍ യുട്യൂബിലെത്തുന്നതു പോലെയല്ലാതെ, യുട്യൂബിലൂടെ സെലബ്രിറ്റി സ്റ്റാറ്റസ് കൈവരിച്ച ആദ്യ വ്യക്തികളില്‍ ഒരാളായാണ് പൂഡിപൈ അറിയപ്പെടുന്നത്. 

തന്റെ പ്രശസ്തി വര്‍ധിച്ചതോടെ അദ്ദേഹം വ്‌ളോഗുകളും കമന്റ്‌റികളും കോമഡി വിഡിയോകളും എല്ലാം ചെയ്തിട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ചാനലില്‍ നാറ്റ്‌സി തമാശകള്‍ വന്നത് ചെറിയ തിരിച്ചടിയായി. കുറച്ചു പരസ്യക്കാര്‍ കൈവിട്ടുവെങ്കിലും അദ്ദേഹത്തിന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണം വിവാദത്തിനു ശേഷവും കൂടിയിട്ടേയുള്ളു. പക്ഷേ, ടി-സീരിസിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിക്കുന്നയത്രയില്ല എന്നു മാത്രമെയുള്ളു.

ബോളിവുഡിലെ സിനിമാപ്പാട്ടുകള്‍ കാണിക്കുന്ന ചാനലാണ് ടി-സീരിസിന്റെത്. പൂഡിപൈയെ പോലെയല്ലാതെ ടി-സീരിസ് ആറു മുതല്‍ എട്ടുവരെ വിഡിയോകള്‍ ഒരു ദിവസം തന്നെ പോസ്റ്റു ചെയ്യുന്നുണ്ട്. കൂടാതെ അതൊരു വ്യക്തിയുടെ കഴിവിന്റെ പ്രതിഫലനവുമല്ല. എങ്കിലും ടി-സീരിസിന്റെ സബ്‌സ്‌ക്രൈബര്‍ ബെയ്‌സ് കുതിച്ചുയരുകയാണ്. ഈ വര്‍ഷം മാത്രം മൂന്നരക്കോടി സബ്‌സ്‌ക്രൈബര്‍മാരെയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ കുതിപ്പ് ഒന്നു കൂടെ ശക്തമാക്കാനായി ടി-സീരിസ് ബുദ്ധിപൂര്‍വ്വമായ മറ്റൊരു നീക്കവും അടുത്തിടെ നടത്തി- പ്രാദേശിക വരിക്കാരെ ലഭിക്കാനായി തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളെയും ഉള്‍പ്പെടുത്തി. ഇങ്ങനെ നോക്കിയാല്‍ അവരുടെ വികസന സാധ്യത അപാരമാണ്. ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ചാനലാകാന്‍ സാധിച്ചാല്‍ അവര്‍ക്ക് പരസ്യ വരുമാനവും പെരുകും എന്നറിയാവുന്നതു കൊണ്ട് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ടി-സീരിസ്. കുറച്ചു വര്‍ഷം മുൻപ് വരെ തെളിയാതെ കിടന്ന ഒരു വഴിയാണ് ഇപ്പോള്‍ കാണാനായിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു പങ്കും ഇനിയും ഓണ്‍ലൈനില്‍ എത്തിയിട്ടില്ലെന്നതും ടി-സീരിസിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകരും. 

PewDiePie

നമ്മള്‍ പിന്നിലാകാതിരിക്കാന്‍ വേഗം ചാനല്‍ സബ്‌സ്‌ക്രൈബു ചെയ്യൂ എന്ന് പൂഡിപൈ അലറിവിളിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനൊരു പകുതി ഇന്ത്യയ്ക്കാരനാണെന്ന് വരെ പൂഡിപൈ പറയുന്നുണ്ട്. എന്തായാലും ക്രിക്കറ്റ് സ്‌കോര്‍ പോലെ ഈ സ്‌കോറും ഇനി നോക്കിക്കൊണ്ടിരിക്കാം!