Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിയുലഞ്ഞ വിമാനം മൂക്കുകുത്തി വീണു? അവസാന 21 സെക്കൻഡിൽ സംഭവിച്ചത്?

lion-air

ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്നു ഏതാണ്ടു 13 മിനിറ്റുകൾക്കം തകർന്നു വീണ ലയൺ എയറിന്റെ ജെടി– 610 വിമാനം ആകാശത്തു ചിലവിട്ട നിമിഷങ്ങളിൽ അസാധാരണാം വിധം സഞ്ചരിച്ചത് ദുരൂഹതയുണര്‍ത്തുന്നു. പറന്നുയർന്നു മൂന്നു മിനിറ്റിനകം തന്നെ തിരിച്ചിറക്കാൻ അനുവാദം ചോദിക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകത്തോടൊപ്പം തന്നെ യാത്രാ വഴികളിൽ സംഭവിച്ച ഈ അപൂർവ്വമായ കയറ്റിറക്കവും തുടരന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാകാനാണ് സാധ്യത. 

1479 അടി ഉയരത്തില്‍ നിന്നും കേവലം 21 സെക്കൻഡുകൾ കൊണ്ടു മാത്രമാണ് ജെടി– 610 നിലംതൊട്ടതെന്നാണ് പ്രാഥമിക സൂചന. ഒരു മിനിറ്റിൽ 450–600 മീറ്റർ വേഗത്തിലാണ് സാധാരണയായി വിമാനം താഴോട്ടിറങ്ങുക. എന്നാൽ മിനിറ്റിൽ 9,400 മീറ്ററിനേക്കാൾ അധികം വേഗത്തിലായിരുന്നു തകർന്ന വിമാനത്തിന്‍റെ താഴോട്ടുള്ള യാത്രയെന്നാണ് ലഭ്യമായ പ്രാഥമിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതു തികച്ചും അവിശ്വസനീയമായ കണക്കാണെന്നു വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആകാശത്തുണ്ടായിരുന്ന 13 മിനിറ്റും തീർത്തും തെറ്റായ സഞ്ചാരപഥത്തിലൂടെയായിരുന്നു ജെടി– 610 ന്‍റെ യാത്രയെന്ന് ലഭ്യമായ ഡേറ്റ ഏവിയേഷൻ സേഫ്റ്റി വെബ്സൈറ്റ് വിലയിരുത്തുന്നു. പറന്നുയർന്ന ശേഷം 640 മീറ്റർ പറന്നുയർന്ന വിമാനം പിന്നീട് 450 മീറ്ററിലേക്ക് താഴ്ന്നിറങ്ങി. വീണ്ടും പറന്നുയർന്ന വിമാനം 1370–1630 മീറ്ററുകൾ ഉയരത്തില്‍ അസ്ഥിരമായി മിനുറ്റുകളോളം സഞ്ചരിച്ച ശേഷമാണ് മൂക്കുകുത്തിയത്. അപകടത്തിൽപ്പെട്ട ബോയിങ് 737 മാക്സ് മറ്റൊരു റൂട്ടിലാണ് ഞായറാഴ്ച സഞ്ചരിച്ചിരുന്നത്. ടേക് ഓഫിനു ശേഷം അസാധാരണമാം വിധം നീങ്ങിയ വിമാനം പിന്നീട് കൃത്യമായ പാതയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പറന്നപ്പോൾ സാങ്കേതികമായി പ്രശ്നമുണ്ടായിരുന്നുവെന്നും അത് പരിഹരിച്ചതാണെന്നും ലയൺ എയര്‍ വിശദമാക്കിയിരുന്നു. 

വേഗത്തിലും ഉയരത്തിലും കൃത്യത പുലർത്താനാകാത്തതിന്‍റെ കാരണവും തിരിച്ചിറക്കാനുളള അനുമതി തേടാൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകവും നിർണായകമാകുന്നത് ഈ കാരണങ്ങൾ കൊണ്ടു കൂടിയാണ്. 13 മിനിറ്റുകൾക്കകം ജെടി– 610 ആകാശത്തു നടത്തിയ ആടിയുലഞ്ഞുള്ള യാത്രയുടെ കാരണം കണ്ടെത്തുക എന്നാകും ഒരുപക്ഷേ അന്വേഷണത്തിന്‍റെ കാതൽ. 181 യാത്രക്കാരും പൈലറ്റുമാരുൾപ്പെടെ എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പറന്നുയർന്നു മിനിറ്റുകൾക്കകം വിമാനം തിരികെ ഇറക്കണമെന്നു പൈലറ്റിന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതിനുള്ള അനുമതി നൽകിയെങ്കിലും പിന്നാലെ വിമാനവുമായുള്ള ബന്ധം നഷടപ്പെടുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാൽ പിനാങ്ങിൽ ഇറങ്ങേണ്ടതായിരുന്നു. ജക്കാർത്തയുടെ കിഴക്കൻ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്. നേരത്തെ ബാലി– ജക്കാർത്ത യാത്രയിൽ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്നും അതു പരിഹരിച്ചിരുന്നുവെന്നും ലയൺ എയർ ചീഫ് എക്സിക്യൂട്ടിവ് എഡ്വേഡ് സിറൈത് അറിയിച്ചു.

737 മാക്സ് 8

∙ ബോയിങ്ങിന്റെ പുതിയ മോഡൽ വിമാനമാണ് അപകടത്തിൽ പെട്ട 737 മാക്സ് 8. പുറത്തിറങ്ങിയതു 2016 മേയിൽ. സുരക്ഷയിൽ മികച്ചതായി അറിയപ്പെടുന്ന വിമാനത്തിന്റെ ആദ്യ അപകടമാണിത്.

ലയൺ എയർ

ഇന്തൊനീഷ്യയിലെ ചെലവുകുറഞ്ഞ വിമാന സർവീസാണു ലയൺ എയർ. 2000ൽ സർവീസ് തുടങ്ങിയതു മുതൽ 15 അപകടങ്ങൾ. റൺവേയ്ക്കു പകരം കടലിൽ ലാൻഡ് ചെയ്ത സംഭവം വരെയുണ്ട്. ലഹരിമരുന്നു കടത്തു കേസിൽ 4 പൈലറ്റുമാർ ഉൾപ്പെട്ടതും വിവാദമായിരുന്നു. സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ ലയൺ വിമാനങ്ങൾ യൂറോപ്യൻ യൂണിയൻ വിലക്കിയിട്ടുണ്ട്.

related stories