Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ നിന്നു റോക്കറ്റ് വിക്ഷേപണം; കോടീശ്വരന്റെ പദ്ധതി വിജയിക്കുമോ?

Virgin-Atlantic-mated-LauncherOne

കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് റോക്കറ്റ് വിക്ഷേപിക്കലും മറ്റും കുറച്ചു രാജ്യങ്ങള്‍ മാത്രം ചെയ്തിരുന്ന കാര്യമായിരുന്നു. ഇന്നിപ്പോള്‍ അത് സര്‍ റിച്ചാഡ് ബ്രാന്‍സണെയും ഇലോണ്‍ മസ്‌കിനെയും പോലെയുള്ള സ്വകാര്യ വ്യക്തികളും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. വെര്‍ജിന്‍ അറ്റലാന്റിക്കിന്റെ ഉടമയായ ബ്രിട്ടിഷ് കോടീശ്വരൻ ബ്രാന്‍സണ്‍ തന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കു കുതിപ്പു നല്‍കാന്‍ തുടങ്ങിയ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ് (Virgin Orbit). റോക്കറ്റ് വിക്ഷേപിക്കാന്‍ അദ്ദേഹം വ്യത്യസ്തമായ മാര്‍ഗ്ഗമാണ് തിരഞ്ഞെടുക്കുന്നതെന്നതാണ് അദ്ദേഹത്തിന്റെ ഉദ്യമത്തെക്കുറിച്ച് ടെക്‌പ്രേമികളെ ജിജ്ഞാസുക്കളാക്കുന്നത്. (ഇത്തരത്തിലുള്ള ആദ്യ ശ്രമമല്ലെങ്കിലും ഇത്ര കൊട്ടിഘോഷിച്ചെത്തുന്ന ആദ്യ സംരംഭമാണിത്.) 

നാസയടക്കം ചിലര്‍ ചെയ്തിട്ടുള്ളതു പോലെ, വിമാനത്തില്‍ ഫിറ്റു ചെയ്ത് റോക്കറ്റ് ലോഞ്ചു ചെയ്യാനാണ് (rocket-and-airplane launch system) അദ്ദേഹത്തിന്റെ കമ്പനി ശ്രമിക്കുന്നത്. കോസ്മിക് ഗേള്‍ എന്നു പേരിട്ടിരിക്കുന്ന, വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 747-400 ജെറ്റ് ആണ് വിമാനം. അതില്‍ പിടിപ്പിച്ച് ഉയര്‍ത്തുന്ന ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റിനു നല്‍കിയിരിക്കുന്ന പേര് ലോഞ്ചര്‍വണ്‍ (LauncherOne) എന്നാണ്.

ലോഞ്ചര്‍വണ്‍ പിടിപ്പിച്ച ജെറ്റ് വിമാനം പരമാവധി ഉയരത്തിൽ പറന്നതിനു ശേഷം റോക്കറ്റിനെ വിടുതല്‍ ചെയ്യുന്നു. അത് ഭൂമിയെ ചുറ്റാന്‍ സജ്ജമായ സാറ്റലൈറ്റിനെ ഭ്രമണപഥത്തിലേക്കു തൊടുക്കുന്നു. ഇതാണ് കമ്പനിയുടെ ലക്ഷ്യം.

വ്യോമ വിക്ഷേപണം (air launch) പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. സ്ഥിരമായി ഭൂമിയില്‍ വേണ്ട ലോഞ്ച് സ്‌റ്റേഷന്‍ മുതല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി കാര്യങ്ങള്‍ ഒഴിവാക്കാമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. മോശം കാലാവസ്ഥ എന്ന പ്രശ്‌നം പോലും ഒഴിവാക്കാമെന്നു പറയുന്നു. വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.

ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുക എന്നു പറഞ്ഞാല്‍ കണ്ടമാനം കാശു പോകുന്ന കളിയാണ്. ഇലോണ്‍ മസ്‌കിന്റെ ഫോള്‍കണ്‍ 9 റോക്കറ്റ് ആണ് ഇന്ന് ചുരുങ്ങിയ ചിലവില്‍ വിക്ഷേപിക്കാന്‍ സജ്ജമായത്. അതില്‍ പോലും ഒരു ഫ്‌ളൈറ്റിന് കുറഞ്ഞത് 62 മില്ല്യന്‍ ഡോളര്‍ വേണം.

എന്നാല്‍, ഇന്ന് ലോകമെമ്പാടും ചെറുതും, ചിലവു കുറഞ്ഞതുമായ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചു കിട്ടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് സാധ്യമാകുന്നത് സാങ്കേതികവിദ്യ പുരോഗമിച്ചു എന്നതിനു തെളിവുമാണ്. സാമഗ്രികളുടെയും സെന്‍സറുകളുടെയും, സോഫ്റ്റ്‌വെയറിന്റെയും പുരോഗതി ഇതു സാധ്യമാക്കുന്നു.

ചെറിയ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഇനി വലിയ സെപെയ്‌സ് സെന്ററുകളുടെ ഇടനില ഇല്ലാതാക്കാനാണ് ബ്രാന്‍സണ്‍ ശ്രമിക്കുന്നത്. വെര്‍ജിന്‍ ഓര്‍ബിറ്റ് ഇനി ഇത് ചിലവു കുറച്ചും ധാരാളമായും ചെയ്യാന്‍ ആഗ്രഹിക്കുന്നു.

വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ പദ്ധതി അത്ര പുതിയതൊന്നുമല്ലെന്നു കണ്ടല്ലോ. അമേരിക്കയിലെ ഓര്‍ബിറ്റല്‍ എടികെ (Orbital ATK), നാസ, അമേരിക്കന്‍ സൈന്യം തുടങ്ങിയവര്‍ പതിറ്റാണ്ടുകളായി ഇത് ഉപയോഗിച്ചിട്ടുണ്ട്. കനം കുറഞ്ഞ ഘടകഭാഗങ്ങളും, മെച്ചപ്പെട്ട ഏവിയോണിക്‌സും (avionics- വിമാനത്തില്‍ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗം) ശക്തികൂടിയ ജെറ്റ്, റോക്കറ്റ് എൻജിനുകള്‍ മറ്റു പുരോഗമിച്ച സാങ്കേതികവിദ്യ എന്നിവ ബ്രാന്‍സണ്‍ന്റെ നീക്കത്തിന് പിന്‍ബലം നല്‍കുന്നു. അന്തരീക്ഷത്തിലെ ഊര്‍ദ്ധ്വഭാഗത്തു നിന്ന് (stratosphere) ബഹിരാകാശത്തേക്ക് റോക്കറ്റുകളും മറ്റും വിക്ഷേപിക്കുന്നത് താരതമ്യേന ചിലവു കുറഞ്ഞ കാര്യമാണ്.

ഇതിനായി വെര്‍ജിന്‍ ഓര്‍ബിറ്റ് ലോഞ്ചര്‍വണ്ണിന്റെയും കോസ്മിക് ഗേളിന്റെയും സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുകയും ടെസ്റ്റു ചെയ്യുകയുമാണിപ്പോള്‍. ഇതാകട്ടെ കാലിഫോര്‍ണിയയിലെ ലോങ് ബീച്ചിനടുത്താണ് നടത്തുന്നത്. ആദ്യത്തേ റോക്കറ്റുകളിലൊന്നിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി വിമാനത്തിലുറപ്പിച്ചുള്ള ടെസ്റ്റുകളാണ് നടത്താന്‍ പോകുന്നത്. ലോഞ്ചര്‍വണ്ണിന് 70 അടി നീളവും 57,000 പൗണ്ട് ഭാരവുമാണ് ഉള്ളത്. (ഏകദേശം 25 കാറുകളുടെ വലിപ്പം.)

ഈ റോക്കറ്റ് ഉപയോഗിച്ച് ഒരു ബ്രഡ് കഷണത്തിന്റെ വലിപ്പം മുതല്‍ ഫ്രിജിന്റെ വലിപ്പം വരെയുള്ള സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാം. ഇവയിലൂടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. വളരെ പുരോഗമിച്ച കാലാവസ്ഥാ നിരീക്ഷണം നടത്താനും ഇവ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.

ലോങ് ബീച്ചിലുള്ള തങ്ങളുടെ സെന്ററില്‍ ഒക്ടോബര്‍ 25ന് ലോഞ്ചര്‍വണ്ണിനെ കോസ്മിക് ഗേളിലേക്കു പിടിപ്പിച്ചു. ഇതാനാക്ടടെ കേവലം 24 മണിക്കൂറെ എടുത്തുള്ളു. സാധാരണഗതിയില്‍ ഇതിനു മാത്രം പല ദിവസങ്ങളോ ആഴ്ചകളോ പണിയെടുക്കേണ്ടാതയി വരും.

ഇതെല്ലാം ഫിറ്റു ചെയ്യുകയും അവയെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ടെസ്റ്റു ചെയ്യാനും കേവലം 24 മണിക്കൂറാണ് എടുത്തതെന്ന കാര്യം തന്നെ അദ്ഭുതപ്പെടുത്തിയതായി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡാന്‍ ഹാര്‍ട്ട് പറഞ്ഞത്. കമ്പനിയുടെ കസ്റ്റമര്‍മാരുടെ കൂട്ടത്തില്‍ നാസയും അമേരിക്കന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റും മുതല്‍ ചെറിയ സ്റ്റാര്‍ട്ട്-അപ്പുകള്‍ വരെയുണ്ട്.

related stories