Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണ് വാട്സാപ് കേരളപ്പിറവി സ്റ്റിക്കറുകളുടെ നിർമാതാക്കൾ

keralapiravi-sticker സനൂപും ജോസും

"കേരളപ്പിറവിയോടനുബന്ധിച്ച് പരസ്പരം ആശംസകൾ അറിയിച്ചു നിർത്താനായിരുന്നു പ്ലാൻ. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ അറിയാവുന്ന വാട്ട്സാപ് ഗ്രൂപ്പുകളിലെല്ലാം ഞങ്ങൾ നിർമിച്ച സ്റ്റിക്കറുകള്‍. ശരിക്കും വണ്ടറടിച്ചു. ഞങ്ങളാണിത് ചെയ്തതെന്ന് പറഞ്ഞപ്പോൾ സുഹൃത്തുക്കൾ പോലും വിശ്വസിച്ചില്ല. ഏയ്, ഇതു  വാട്സാപ്പിലുള്ളതാ എന്നായിരുന്നു മറുപടി" – ഒരു ദിവസം കൊണ്ട് തരംഗമായി മാറിയ കേരളപ്പിറവി വാട്സാപ് സ്റ്റിക്കറുകളുടെ പിന്നിലുള്ള സീറോ ബൾബ് എന്ന സ്റ്റാർട്ടപ്പിന്‍റെ ഉടമകളിലൊരാളായ ജോസ് പറഞ്ഞു. ഇടപ്പള്ളിക്കാരനായ ജോസ് വർഗീസിനൊപ്പം പള്ളിത്തുരുത്തി സ്വദേശിയായ ഇഎസ് സനൂപും കൂടി ചേർന്നാൽ സീറോ ബൾബായി. ആഴത്തിലുള്ള സൗഹൃദമാണ് ഈ സംരംഭത്തിന്‍റെ ആണിക്കല്ല്. പേരിനു ഒരു ഓഫീസ് പോലുമില്ല, പരസ്പരം കാണുന്നതു പോലും കുറവ്. ഫോണിലൂടെയാണ് ആശയങ്ങളുടെ കൈമാറ്റവും ചർച്ചയും എല്ലാം. മികച്ച സപ്പോർട്ടാണ് സനൂപിൽ നിന്നും ലഭിക്കുന്നതെന്ന് ജോസ് സാക്ഷ്യപ്പെടുത്തുന്നു.

sticker-1

വാട്സാപ്പിൽ സ്റ്റിക്കറുകൾക്കും സ്ഥാനം ലഭിക്കാൻ പോകുന്നു എന്ന വാർത്തയാണ് കേരളത്തെ ഒരൊറ്റ ദിവസം കൊണ്ടു കീഴടക്കിയ സ്റ്റിക്കറുകളുടെ പിറവിയിലേക്ക് നയിച്ചത്. ഓരോ ദിവസവും ഓരോ പാക്കേജ് ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കേരളപ്പിറവി വരുന്നതിനാൽ തുടക്കം അത്തരത്തിലാകട്ടെ എന്നു തീരുമാനിച്ച് ഇതിനായി ജോലി ആരംഭിച്ചത് മൂന്നു ദിവസം മുമ്പു മാത്രമാണ്. അവസാന നിമിഷ ജോലികൾക്കു ശേഷം വളരെ വൈകിയാണ് ഇന്നലെ ഇരുവരും കിടന്നത്. നേരം പുലർന്നതാകട്ടെ ശരിക്കും ഞെട്ടിച്ച സ്വീകാര്യതയുടെ വാർത്തയുമായും.

ഇത്ര കണ്ടൊരു വിജയം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും ആ സത്യം സമ്മാനിച്ച ഞെട്ടലിൽ നിന്നും ജോസ് മുക്തനായിരുന്നില്ല. ഇന്നു വൈകുന്നേരത്തിനകം രണ്ടു പുതിയ സീരീസിൽ കൂടിയെങ്കിലും സ്റ്റിക്കറുകൾ പുറത്തിറക്കാനാണ് ശ്രമം. ഇനി പ്രതിദിനം ഓരോ സീരീസിലുമുള്ള സ്റ്റിക്കറുകൾ പുറത്തിറക്കണം. ഓരോ മേഖലകൾ കേന്ദ്രീകരിച്ചുള്ള സ്റ്റിക്കറുകൾ രൂപകൽപ്പന ചെയ്യാനും പദ്ധതിയുണ്ടെന്ന് ജോസ് പറഞ്ഞു. കേരളപ്പിറവിക്കു കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങൾക്കും പ്രാദേശികമായി പ്രാധാന്യമുള്ള അവസരങ്ങളിൽ സ്റ്റിക്കറുകൾ ഇറക്കാനാണ് ആലോചന. എന്നാൽ നിലവിലുള്ള ഉപയോക്താക്കളെ സംതൃപ്തിപ്പെടുത്തിയ ശേഷം മാത്രമേ അത്തരം ഘട്ടങ്ങളിലേക്കു കടക്കുകയുള്ളൂവെന്നും ജോസ് കൂട്ടിച്ചേർത്തു. 

sticker

മലയാളം വാട്ട്സാപ് സ്റ്റിക്കറുകൾ എന്ന പേരില്‍ ഇവർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ അതിവേഗത്തിലാണ് ജനമനസുകളിലേക്കു കുതിച്ചു കയറിയത്. ആശംസകൾക്കു പണ്ടു കാലത്തു ഗ്രീറ്റിങ് കാർഡുകൾ എന്ന പോലെ വാട്ട്സാപ് യുഗത്തിലൊരു ബദൽ എന്ന ജോസിന്‍റെയും സനൂപിന്‍റെയും സ്വപ്നം മലയാളി തിരിച്ചറിഞ്ഞ പോലെയായിരുന്നു ഡൗൺലോഡ് പെരുമഴ. ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ ആപ് ഇതിനോടകം തന്നെ അയ്യായിരത്തോളം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. എഴുപതിലേറെ ആളുകളാണ് റിവ്യൂ പോസ്റ്റ് ചെയ്തിട്ടുള്ളത്. കേരളപ്പിറവി സീരീസിൽ ആറു സ്റ്റിക്കറുകൾക്കൊപ്പം മോഹൻലാൽ സീരീസിൽ ഏഴു സ്റ്റിക്കറുകളുമാണ് ഇപ്പോൾ ആപ്ലിക്കേഷനിൽ ലഭ്യമായിട്ടുള്ളത്.

കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ജോസ്. മികച്ച ഒരു ഡെവലപ്പർ കൂടിയായ ജോസിനാണ് ആപ്ലിക്കേഷന്‍റെ നിർമാണ ചുമതല. പടം വരയും ഡിസൈനും സനൂപ് കൈകാര്യം ചെയ്യും. ചിത്രകലയിൽ ബിരുദമുള്ള സനൂപ് മലയാളിയെ കീഴടക്കിയ പല സിനിമ പോസ്റ്ററുകള്‍ക്കും ജീവൻ നൽകിയ വ്യക്തി കൂടിയാണ്. മോഹൻലാലിന്‍റെ പെരുച്ചാഴി, ജയസൂര്യ നായകനായ ആടു 1, പൃഥ്‍വിരാജിന്‍റെ സെവൻത്ത് ഡേ എന്നിവക്കെല്ലാം പോസ്റ്റർ ഡിസൈൻ ചെയ്തത് സനൂപാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഭാഗമായി ഒരുമിച്ചു പ്രവർത്തിച്ച കാലഘട്ടമാണ് ഇരുവരെയും മികച്ച സുഹൃത്തുക്കളാക്കിയത് – പരമാവധി അഞ്ചു സുഹൃത്തുക്കൾ മാത്രം ഷെയർ ചെയ്തേക്കുമെന്ന ചെറിയ മോഹവുമായി കേരളപ്പിറവി സ്റ്റിക്കറുകളുടെ നിർമാണത്തിലേക്ക് നയിച്ചതും.

അംഗീകാരം സമ്മാനിച്ച അധിക ഉത്തരവാദിത്തം ഇരുവരും തിരിച്ചറിയുന്നുണ്ട്. ഗുണമേൻമയാണ് സ്റ്റിക്കറുകളുടെ സ്വീകാര്യതയിലേക്കു നയിച്ചതെന്നു മനസിലാക്കി കൂടുതൽ മികവോടെ ഈ ജനസമ്മിതി നിലനിർത്താനുള്ള പദ്ധതികളാണ് അതുകൊണ്ടു തന്നെ ഇവർ ആസൂത്രണം ചെയ്യുന്നതും.

related stories