Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യ നിലനിൽപ്പ് ഭീഷണിയിൽ? ചൈനയിലേത് തുടക്കം മാത്രം

AIRobotsJobs

റോബോട്ടിക്‌സ് യുഗത്തിന്റെ പുലര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ടെക്‌നോളജി അവബോധമുള്ളവര്‍ പറയുന്നത്. നിര്‍മിത ബുദ്ധിയും റോബോട്ടിക്‌സും കലര്‍ത്തിയാല്‍ മനുഷ്യനു സാധിക്കുന്നതിനെക്കാള്‍ മെച്ചമായി എല്ലാ രംഗത്തും തന്നെ കാര്യങ്ങള്‍ നടക്കും. അങ്ങനെ മിക്കവരും അടുത്ത പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ തൊഴില്‍ രഹിതരാകുമെന്നാണ് ഒരു പ്രവചനം. അങ്ങനെ ഭൂരിഭാഗം മനുഷ്യരും ഭൂമിയില്‍ അധികപ്പറ്റാകുന്ന ഒരു കാലം വരുമെന്നു പോലും വാദിക്കുന്നവരുണ്ട്. എന്നാല്‍, അത് അങ്ങനെയാകണമെന്നില്ല എന്നാണ് പുതിയ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നവര്‍ പറയുന്നത്.

എന്തായാലും, ചൈനയില്‍ അഞ്ചു ബെയ്‌സ്‌ബോള്‍ ഗ്രൗണ്ടുകള്‍ ഒരുമിപ്പിച്ചാല്‍ വരുന്നത്രയുള്ള ഒരു ഗോഡൗണ്‍ നിയന്ത്രിക്കുന്നത് റോബോട്ടുകളാണ്. ഇവിടെ വളരെ പരിമിതമായ മനുഷ്യ ഇടപെടലേയുള്ളു. പൂര്‍ണ്ണമായും ഓട്ടോമേറ്റു ചെയ്ത ഈ വെയര്‍ഹൗസില്‍ ഭാരമുള്ള സാധനങ്ങള്‍ വരെ എടുത്തു മാറ്റുന്നത് റോബോട്ടുകളാണ്. ഇവയ്ക്ക് ആജ്ഞകള്‍ നല്‍കുന്നതാകട്ടെ 'റോബൊട്ട് കണ്ട്രോളറുകളാ'ണ്. ബ്രീഫ്‌കെയ്‌സിന്റെ വലിപ്പമുള്ളവയാണ് കണ്ട്രോളറുകള്‍. ഇവയാകട്ടെ, വെയര്‍ഹൗസിന്റെ സോഫ്റ്റ്‌വെയര്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇവയാണ്, എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്. മറ്റു മെഷീനുകള്‍ എന്തു പ്രവൃത്തിയെടുക്കണമെന്ന് തീരുമാനിക്കും. കണ്ട്രോളറുകള്‍ ഇടനിലക്കാരായതോടെ എല്ലാ മെഷീനുകളെയും ചിന്തിക്കാന്‍ പഠിപ്പിക്കേണ്ട ആവശ്യവും ഇല്ലാതായി. റോബോട്ടുകൾ മനുഷ്യരെക്കാള്‍ കാര്യശേഷിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും സൃഷ്ടാക്കള്‍ പറയുന്നു.

പരിപൂര്‍ണ്ണ ഓട്ടോമേഷന്‍ ലക്ഷ്യമിട്ട് ഈ ടെക്‌നോളജി നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുജിന്‍ (Mujin) എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ്. ഇവര്‍ ഈ വര്‍ഷം ജൂണില്‍ ചൈനീസ് നിര്‍മാതാവായ ജെഡിഡോട്‌കോമുമായി (JD.com) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ടെക് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 40,000 ചതുരശ്രമീറ്റര്‍ അല്ലെങ്കില്‍, 430,000 ചതരുരശ്ര അടി വിസ്തീര്‍ണ്ണമുളളതാണ് ഇവര്‍ ഷാന്‍ഹായില്‍ തുടങ്ങിയ ഗോഡൗണ്‍. ഇവിടത്ത പണിക്കാര്‍ 20 വ്യാവസായിക (industrial) റോബോട്ടുകളാണ്. മനുഷ്യ ജോലിക്കാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാന്‍ കെല്‍പ്പുള്ളവയാണ് ഇവ. മുജിന്റെ സഹസ്ഥാപകനായ റോസെന്‍ ഡയാന്‍കോവ് പറഞ്ഞത് തന്റെ അടുത്ത ഉദ്യമം അമേരിക്കയിലെ വെയര്‍ഹൗസുകള്‍ ഓട്ടോമേറ്റു ചെയ്യാനായിരിക്കുമെന്നാണ്. ഇന്ത്യയിലേക്കു വന്നാല്‍, ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരികള്‍ അതിബൃഹത്തായ വെയര്‍ഹൗസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്നു കാണാം. അവിടെയെല്ലാം നിരവധിയാളുകള്‍ പണിയെടുക്കുന്നു. ഒരിക്കല്‍ റോബോട്ടുകളെ വാങ്ങിക്കഴിഞ്ഞാല്‍ അവ രാപ്പകല്‍ പണിയെടുക്കുമെന്നതു കൂടാതെ സമരങ്ങള്‍ നയിക്കുകയോ, നോക്കുകൂലിയോ, ബോണസോ, ഓവര്‍ ടൈമോ ചോദിക്കുകയും ഇല്ല. ഇങ്ങനെ എത്ര തലവേദന ഒറ്റയടിക്ക് ഒഴിവാക്കാമെന്ന് ചിന്തിക്കുന്ന മുതലാളിമാര്‍ തീര്‍ച്ചയായും ഉണ്ടാകും.

എന്നാല്‍, അമേരിക്കിയില്‍ ഇതിന് സ്വീകര്യത ലഭിക്കുമോ എന്നു തോന്നിയതിനാലാണ് താനിത് ജപ്പാനില്‍ തുടങ്ങിയതെന്നാണ് ഡയാന്‍കോവ് പറയുന്നത്. കൂടാതെ, റോബോട്ടുകള്‍ മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കുമെന്നു പറയുന്നവര്‍ ഇത്തരം സ്ഥലങ്ങളില്‍ ജോലിയെടുക്കേണ്ടിവരുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അറിയാത്തവരാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

AIRobots

ഷാങ്ഹായ്ക്കു വെളിയിലുള്ള ഈ വെയര്‍ഹൗസില്‍ 100,000 അടി സ്ഥലത്താണ് തരംതിരിക്കാല്‍ നടപടികള്‍ നടക്കുന്നത്. ഇതിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിയന്ത്രണത്തിലാണ്. സ്‌കാന്‍ ചെയ്യലും, പാക്കേജുകള്‍ പരിശോധിക്കലുമൊക്കെ എഐ നടത്തും. ഒരാ ദിവസവും ജെഡിഡോട്‌കോം 200,000 പാക്കേജുകള്‍ വരെ കൈകാര്യം ചെയ്യുന്നുണ്ട്. വരുന്ന പാക്കേജുകള്‍ ട്രക്കുകളില്‍ നിന്നിറക്കി, കണ്‍വേയര്‍ ബെല്‍റ്റുകളും യന്ത്രങ്ങളുമടങ്ങുന്ന ഒരു സങ്കീര്‍ണ്ണമായ നെറ്റ്‌വര്‍ക്കിലൂടെ കടത്തിവിടുന്നു. ഇമേജ് സ്‌കാനറുകള്‍ ഒരോ പാക്കുകളും പരിശോധിച്ച് അവ സൂക്ഷിക്കേണ്ട സ്ഥലം നിര്‍ണ്ണയിക്കും. ഡ്രൈവറില്ലാത്ത ഫോര്‍ക്‌ലിഫ്റ്റുകളാണ് (forklift) അവ തിരിച്ച് ട്രക്കുകളുടെ അടുത്തേക്കു കൊണ്ടുപോകുന്നത്. എന്നാല്‍ മുജിന്‍ മാത്രമല്ല ഓട്ടോമേഷന്‍ നടത്തുന്നത്. ആലിബാബയും, ആമസോണും, വാള്‍മാര്‍ട്ടും ഈ വഴി പിന്തുടരും. തങ്ങളുടെ ഫാക്ടറികള്‍ മുഴുവന്‍ ഓട്ടോമേറ്റഡാക്കാനുള്ള ശ്രമത്തിലാണ് പല കമ്പനികളും.

ജെഡിഡോട്‌കോം പറയുന്നത് മനുഷ്യരില്ലാ വെയര്‍ഹൗസുകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക തരംതിരിക്കല്‍ സാങ്കേതികവിദ്യയ്ക്ക് മണിക്കൂറില്‍ 16,000 പാക്കേജുകള്‍ വരെ 99.99 ശതമാനം കൃത്യതയോടെ കൈകാര്യം ചെയ്യാനാകുമെന്നാണ്. കൂടാതെ, റോബോട്ടുകളുടെ വരവ് കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. നേരത്തെ തന്നെ ഓട്ടോമേഷന്‍ നടപ്പാക്കിയ ടൊയോട്ട പോലത്തെ കമ്പനികളുടെ കാര്യമെടുത്താല്‍ ഇതുമനസിലാകുമെന്ന് അവര്‍ പറയുന്നു. കമ്പനിയിപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായി തീര്‍ന്നിരിക്കുന്നു. ട്രെയിനിന്റെയോ, വിമാനത്തിന്റെയോ, റോക്കറ്റിന്റെയോ കാര്യത്തിലേതു പോലെ, അവ തന്നെ കാര്യങ്ങള്‍ പഠിക്കേണ്ട. പക്ഷേ, Aയില്‍ നിന്ന് Bയിലേക്കു എങ്ങനെ പോകുമെന്നു മാത്രമറിഞ്ഞാല്‍ മതിയെന്നും ഡയാന്‍കോവ് പറയുന്നു. അങ്ങനെയാണ് പ്രവചനീയമായ സിസ്റ്റങ്ങള്‍ ഉണ്ടാക്കുന്നത്. അതാണ് റോബോട്ടിക്‌സിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനെ താന്‍ മെഷീന്‍ ലേണിങ് എന്നാണ് വിളിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നല്ലെന്നും അദ്ദേഹം പറയുന്നു.

jd

ആളുകളുടെ ജോലി ഇല്ലാതകുമെന്ന കാര്യം ലോകത്തെ ചിന്തകരെയെല്ലാം അലട്ടുന്ന കാര്യമാണ്. കംപ്യൂട്ടര്‍ രംഗത്തെ പ്രമുഖരായ ബില്‍ ഗെയ്റ്റ്‌സും ഇലോണ്‍ മസ്‌കും ഇക്കാര്യത്തില്‍ തങ്ങളുടെ ഭയം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ് മസ്‌ക് ഇതിനെ വിശേഷിപ്പിച്ചത്. യന്ത്രങ്ങളെ ബുദ്ധിയുള്ളതാക്കുന്നത് പിശാചിനെ വിളിച്ചുവരുത്തുന്നതിനു തുല്യമായ പ്രവൃത്തിയാണെന്നാണ് (summoning the demon) അദ്ദേഹം താളാത്മകമായി പറഞ്ഞത്. ബുദ്ധി പ്രവേശിച്ച മെഷീനുകള്‍ മനുഷ്യരെ ഓമന വളര്‍ത്തു മൃഗങ്ങളായി (pets) ഒതുക്കിയേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നത്.

നിങ്ങള്‍ക്ക് എഐയുടെ സുരക്ഷയെപ്പറ്റി പേടിയില്ലെങ്കില്‍ ഉടനെ ഉണ്ടാക്കണം. നോര്‍ത്ത് കൊറിയ ഒന്നുമല്ല പ്രശ്‌നം, ടെക്‌നോളജിയുടെ വളര്‍ച്ചാണെന്നും മസ്‌ക് മുന്നറിയിപ്പു നല്‍കുന്നു. ആര്‍ക്കും നിയന്ത്രിക്കപ്പെടുന്നത് ഇഷ്ടമല്ല. എന്നാല്‍, മനുഷ്യര്‍ക്കു ഭീഷണിയുള്ള എല്ലാം നിയന്ത്രണത്തിലാണ്. കാറുകള്‍, വിമാനങ്ങള്‍. ഭക്ഷണം, മരുന്നുകള്‍ എന്നിവയെല്ലാം മനുഷ്യരുടെ നിയന്ത്രണത്തിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും നിയന്ത്രിക്കപ്പെടണമെന്നാണ് മസ്‌ക് ആവശ്യപ്പെടുന്നത്.

മസ്‌കിന്റെ വാദങ്ങള്‍ ഗൗരവത്തില്‍ എടുക്കേണ്ടവയാണ്. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നു നിര്‍മിക്കുന്ന പല പ്രമുഖ സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്. ഗൂഗിളും, ഫെയ്‌സ്ബുക്കും ഉദാഹരണം. ഇവയാകട്ടെ പൂര്‍ണ്ണമായും ബിസിനസ് താത്പര്യങ്ങള്‍ മാത്രമുള്ള കമ്പനികളുമാണ്. ഗൂഗിള്‍ മേധാവികളില്‍ ഒരാളും മസ്‌കും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റം വരെയുണ്ടായി. അന്ന് ഗൂഗിള്‍ മേധാവി പറഞ്ഞത് ഇങ്ങനെ ഒച്ചവച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണപ്രവര്‍ത്തനം നിർത്തിവയ്‌ക്കേണ്ടിവരുമെന്നാണ്. മനുഷ്യരുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത ടെക്‌നോളജി നിര്‍മിക്കേണ്ടെന്നും ഇതില്‍ സമയം അതിക്രമിക്കുന്നതിനു മുൻപ് സർക്കാരുകള്‍ ഇടപെടണമെന്നുമുള്ള നിലപാടാണ് മസ്‌ക് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.

jd-

ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിങും പറഞ്ഞത് മനുഷ്യര്‍ക്ക് യന്ത്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്നകാര്യം ഏതാണ്ട് ഉറപ്പാണെന്നാണ്. വന്‍ ടെക്‌നോളജി അത്യാഹിതമായിരിക്കും സംഭവിക്കുക എന്നാണ് പറയുന്നത്. യന്ത്രങ്ങള്‍ ജോലികള്‍ അപഹരിച്ചേക്കാം. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ തന്നെ മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ കുറയുമെന്നു കരുതുന്നവരുമുണ്ട്. ഇതൊന്നും കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്, ശാസ്ത്രജ്ഞര്‍ക്കു മനസിലാകാത്ത രീതിയില്‍, അല്ലെങ്കില്‍ നിയന്ത്രണം വീണ്ടെടുക്കാനാകാത്ത രീതിയില്‍ 'മനംമാറ്റം' സംഭവിച്ചേക്കാമെന്നും പ്രവചനമുണ്ട്.

കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും പ്രൊഫസറുമായ മൈക്കിൾ വൂള്‍ഡ്രിച് നല്‍കുന്ന മുന്നറിയിപ്പ്, എഐ മെഷീനുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനും അവയെ സൃഷ്ടിച്ച എൻജിനീയര്‍മാര്‍ക്കു പോലും നിയന്ത്രിക്കാനാകാത്ത രീതിയില്‍ മാറാമെന്നുമാണ്. എന്നു പറഞ്ഞാല്‍ റോബോട്ടുകളും ഡ്രൈവര്‍ലെസ് കാറുകളുമൊക്കെ നിര്‍ണ്ണായക സമയത്ത് അപ്രതീക്ഷിത തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാധ്യതയുണ്ടെന്നും അത് മനുഷ്യരെ അപകടത്തിലാക്കാമെന്നുമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മനുഷ്യരാശിയെ തന്നെ തുടച്ചു നീക്കാനുള്ള സാധ്യത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉണ്ടാകാമെന്നും ചില്‍ വാദിക്കുന്നു.

jd-com

ഡീപ്‌മൈന്‍ഡിന്റെ (DeepMind) ഷെയ്ന്‍ ലെഗ് അടുത്തകാലത്തു നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത് 'അവസാനം മനുഷ്യരാശി ഭൂമുഖത്തുനിന്നു തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യപ്പെട്ടേക്കാം. അതിന്റെ ഒരു പ്രധാന കാരണം ടെക്‌നോളജിയായിരിക്കും എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.