Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം താഴേക്ക് വീണു, യാത്രക്കാർ ഭയന്നു, 18 സെക്കൻഡിൽ സംഭവിച്ചതെന്ത്?

Flybe

ബ്രിട്ടിഷ് വിമാനക്കമ്പനിയായ ഫ്ലൈബ് എയർലൈന്റെ യാത്രാ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ജനുവരി 11നു നടന്ന സംഭവം ഇപ്പോഴാണു റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റുമാരുടെ ചെറിയൊരു അശ്രദ്ധ മൂലം വിമാനം പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. എന്നാൽ പൈലറ്റുമാരുടെ പെട്ടെന്നുള്ള ഇടപെടൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി.

ബെൽഫാസ്റ്റിൽ നിന്നു ഗ്ലാസ്ഗോവിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് താഴേക്ക് വീണത്. 44 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം ക്രമീകരിച്ചതിലെ അബദ്ധമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതുമൂലം മുകളിലേക്ക് കുതിക്കുകയായിരുന്ന വിമാനം താഴേക്കു കൂപ്പുകുത്തുകയായിരുന്നു. 

18 സെക്കൻഡിൽ 500 അടി താഴേക്കു പതിച്ച വിമാനം പൈലറ്റുമാർ കൃത്യസമയത്ത് ഇടപെട്ട് ഉയർത്തുകയായിരുന്നു. ഏതാനം നിമിഷം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ വിമാനം  തകർന്നേനെ. 1500 അടി ഉയരത്തിൽ നിന്ന് 928 അടിയിലേക്ക് വിമാനം വീണു. ഇവിടെ നിന്ന് വിമാനം തിരിച്ചു കയറുകയായിരുന്നു.

വിമാനാപകടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏജൻസിയുടെ റിപ്പോർട്ടിലൂടെയാണു സംഭവം പുറത്തറി​ഞ്ഞത്. വിമാനം 1500 അടി ഉയരത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് പൊടുന്നനെ താഴേക്കു മൂക്കുകുത്തിയത്.

ഓട്ടോപൈലറ്റ് സംവിധാനത്തിൽ പൂജ്യം അടി എന്ന് ഉയരം ക്രമീകരിച്ചതാണു കാരണം. 928 അടിയിലേക്കു വിമാനം പെട്ടെന്നു താഴ്ന്നു.  കോക്പിറ്റിൽ അപായമണി മുഴങ്ങി. ഇതോടെയാണു പൈലറ്റുമാർ ഉണർന്നുപ്രവർത്തിച്ചത്. പിന്നീടു വിമാനം സുരക്ഷിതമായി ഗ്ലാസ്ഗോവിലിറങ്ങി.

വിമാനം ഓട്ടമാറ്റിക്കായി നിയന്ത്രിക്കുന്നതാണു ഓട്ടോപൈലറ്റ് സംവിധാനം. വേഗവും ഉയരവും ക്രമീകരിച്ചുവച്ചാൽ നിശ്ചിത സമയം  ഈ യന്ത്രസംവിധാനം ഇക്കാര്യങ്ങൾ തനിയേ കൈകാര്യം ചെയ്തുകൊള്ളും.

related stories