Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിശബ്ദ യുദ്ധം’: ഇന്ത്യയ്ക്കു നേരെ 4.36 ലക്ഷം ആക്രമണങ്ങള്‍; തിരിച്ചും ആക്രമിച്ചു

cyber-crime-representational-image

ലോകത്തു നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള താത്പര്യജനകമായ വിവരങ്ങള്‍ പുറത്തു വന്നിരിക്കുയാണ്. ആക്രമണങ്ങളുടെ എണ്ണത്തെക്കാളേറെ ഇവ എങ്ങനെ കണ്ടെത്തി എന്നതാണ് കൂടുതല്‍ രസകരം. റഷ്യ, അമേരിക്ക, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ കുറ്റവാളികൾ ഇന്ത്യന്‍ ഉപയോക്താക്കളെ ഈ വര്‍ഷം ജനുവരിക്കും ജൂണിനുമിടയില്‍ 4.36 ലക്ഷം തവണ ആക്രമിച്ചതായി കംപ്യൂട്ടര്‍ സുരക്ഷാ സേവനദാതാക്കളായ എഫ്-സെക്യുര്‍ (F-Secure) അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളും കൂട്ടിയാല്‍ എണ്ണം 6.95 ലക്ഷം ആകുമെന്ന് അവര്‍ പറയുന്നു.

എന്നാൽ ഇന്ത്യന്‍ സൈബര്‍ ക്രിമിനലുകളും തീരെ മോശമല്ല. ഇക്കാലയളവില്‍ അവര്‍ നടത്തിയിരിക്കുന്ന ആക്രമണങ്ങളുടെ എണ്ണം 35,563 ആണ്. ഇന്ത്യയ്ക്കാരുടെ ഇഷ്ട ലക്ഷ്യങ്ങള്‍ ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടൻ‍, ജപ്പാന്‍, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ്.

എങ്ങനെയാണ് ഇതു കണ്ടെത്തിയത്?

എഫ്-സെക്യുര്‍ ലോകത്തിന്റെ 41 ഭാഗങ്ങളിലായി 'തേന്‍പാത്രങ്ങള്‍' (honeypots) ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഈ തേന്‍കെണികള്‍ കാണുമ്പോള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് എളുപ്പം ആക്രമിക്കാവുന്ന ലക്ഷ്യമാണല്ലോ ഇതെന്നു തോന്നുകയാണ് ചെയ്യുന്നത്. ക്രിമിനലുകള്‍ക്കു വേണ്ടി വച്ചിരിക്കുന്ന വശീകരണ സെര്‍വറുകളാണ് ഹണീപോട്‌സ്. ഇവ കാണുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര സുരക്ഷയില്ലാത്ത ബിസിനസ് സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ പരിസരമാണിതെന്നു തോന്നിപ്പിക്കത്തക്ക രീതിയിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ആക്രമണകാരികളുടെ ദൃഷ്ടിയില്‍ ഇവ ശരിക്കുമുള്ള കമ്പനികളുടെ ഭേദ്യമായ സെര്‍വറുകളാണെന്നു തോന്നും. എന്നാല്‍ പിന്നെ ഇനി സമയം കളയണ്ടാ എന്നു കരുതി ആക്രമിക്കുന്ന സൈബര്‍ ക്രിമിനലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്-സെക്യുര്‍ ശേഖരിക്കും. പുതിയ മാള്‍വെയര്‍ സാംപിളുകള്‍ അല്ലെങ്കില്‍ ഷെല്‍ സ്‌ക്രിപ്റ്റുകള്‍ പുതിയ ഹാക്കിങ് രീതികള്‍ ഇവയെല്ലാം അവര്‍ക്കു ലഭിക്കും. നിര്‍ണായകമായ ഉള്‍കാഴ്ചകളാണ് എഫ്-സെക്യുറിന് ലഭിക്കുന്നത്. ആക്രമണ രീതി, ഇഷ്ട ലക്ഷ്യങ്ങള്‍, എത്ര തവണ ആക്രമിച്ചു എന്നതിന്റെ എണ്ണം, കൂടാതെ ഇതിന്റെ ടിടിപികളും (TTPs (Tactics, Techniques, and Procedures) അവര്‍ ശേഖരിക്കും.

ആക്രമണകാരികളെ കൊണ്ട് അനുകരണ സെര്‍വറുകളെ മനപ്പൂര്‍വ്വം ആക്രമിക്കാന്‍ അനുവദിക്കുന്നതിലൂടെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തും. പിന്നീടാണ് ആക്രമിച്ചത് വ്യാജ സെർവറുകളാണെന്ന് ആക്രമണകാരികള്‍ അറിയുക.

ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം വന്ന പ്രധാന രാജ്യങ്ങളുടെ പേരും എണ്ണവും ഇതാ:

റഷ്യ : 2,55,589
അമേരിക്ക : 1,03,458
ചൈന : 42,544
നെതര്‍ലന്‍ഡ്‌സ് :19,169
ജര്‍മനി : 15,330

ഈ രാജ്യങ്ങളില്‍ നിന്നു മാത്രമായി 4,36,090 ആക്രമണങ്ങൾ

തിരിച്ച് ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണകാരികളുടെ ഇഷ്ട ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:

ഓസ്ട്രിയ : 12,540
നെതര്‍ലന്‍ഡ്‌സ് : 9,267
ബ്രിട്ടൻ : 6,347
ജപ്പാന്‍ : 4,701
യുക്രെയ്ന്‍ : 3,708

ഈ രാജ്യങ്ങള്‍ കൂടാതെ മൊത്തത്തില്‍ ഇന്ത്യയ്ക്കാര്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 6,95,396 ആണ്. സൈബർ ആക്രമണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോള്‍ 21-ാം സ്ഥാനത്താണത്രെ. (ഒളിംപിക്‌സിലെ പ്രകടനം വച്ചു നോക്കുമ്പോള്‍ ക്രിമിനല്‍ ഹാക്കിങ്ങില്‍ ഒട്ടും മോശമല്ലെന്നു പറയേണ്ടിവരും) കൂടാതെ ആക്രമണത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം 13 ആണെന്നും അവര്‍ പറയുന്നു. ഇത്തരം 73,482 ആക്രമണങ്ങളാണ് ഇന്ത്യയില്‍ നിന്നുണ്ടായിട്ടുള്ളതെന്ന് എഫ്-സെക്യുര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആഗോളതലത്തില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത് ബ്രിട്ടനില്‍ നിന്നാണ്– 97,680,746 എണ്ണം. സൈബര്‍ ക്രിമിനലുകളുടെ ഇഷ്ട ലക്ഷ്യം അമേരിക്കയാണ്. അമേരിക്കയെ 1,10,10,212 തവണയാണ് ആക്രമിച്ചിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഫ്-സെക്യുര്‍ അവരുടെ സുരക്ഷാ സംവിധാനങ്ങളെ ബലപ്പെടുത്താന്‍ ഉപയോഗിക്കുന്നു.

ഇത്രയധികം തവണ ഇന്ത്യന്‍ ഹണീപോട്ടുകള്‍ക്കു നേരെ ആക്രമണം വന്നുവെന്നത് വളരെ വേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന രാജ്യം എങ്ങനെ സൈബര്‍ ക്രിമിനലുകള്‍ക്ക് കാശുണ്ടാക്കിക്കൊടുക്കുന്നു എന്നതിനു തെളിവാണെന്ന് എഫ്-സെക്യുറിന്റെ സൈബര്‍ സെക്യുരിറ്റിയുടെ വൈസ്-പ്രസിഡന്റ് ലെസെക് ടസിയെംസ്‌കി ( Leszek Tasiemski ) പറഞ്ഞു.