Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയ രൂപീകരണത്തെ നെഞ്ചിലേറ്റി യുട്യൂബ് തലപ്പത്തൊരു മലയാളി

Ajay_Vidhyasagar_784x410 Ajay Vidhyasagar

മികച്ച ആശയങ്ങള്‍ രൂപീകരിക്കുന്നതിനെ പ്രണയിക്കുകയും അവയുടെ സാക്ഷാത്ക്കാരത്തിനായി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തി – യുട്യൂബ് ഏഷ്യ പസിഫിക് റീജിണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗറിന് ഏറ്റവും അനുയോജ്യമായ വിശേഷണമാകുമത്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ഒരുക്കുന്നതിലും പരമപ്രധാനമായി മറ്റൊന്നുമില്ലെന്നു അജയ് പറയും. ലോകത്തെ മികച്ച ബ്രോഡ്കാസ്റ്റർമാര്‍ക്കും സിനിമ നിർമാണ കമ്പനികൾക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ളതിന്‍റെ അനുഭവ സമ്പത്തുമായാണ് മലയാളിയായ അജയ് ഗൂഗിളിലെത്തുന്നത്.

കാഴ്ച ടെലിവിഷൻ സ്കീനിൽ ഒതുങ്ങി നിൽക്കുകയും പ്രേക്ഷകൻ എന്തു കാണണമെന്ന് ഒരു പരിപാടിയുടെ നിർമാതാവോ ടെലിവിഷൻ കമ്പനിയോ തീരുമാനിക്കുകയും ചെയ്ത ഒരുകാലത്തു നിന്നും ഒട്ടനവധി പേർ വൈവിധ്യമാർന്ന പ്ലാറ്റ്ഫോമുകളിൽ വിവിധ രൂപത്തിലുള്ള ഉള്ളടക്കം സമ്മാനിക്കുന്ന ഒരു കാലത്തിലേക്കുള്ള യാത്രയിൽ ഒപ്പം നടന്നു, ചലനങ്ങൾ പഠിച്ചു, പരീക്ഷിച്ച വളര്‍ന്ന വ്യക്തിയാണെന്നതാണ് അജയ് വിദ്യാസാഗറിനെ വ്യത്യസ്തനാക്കുന്നത്. ടെലിവിഷൻ, ഓൺലൈൻ വിഡിയോ എന്നീ മേഖലകളെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ പ്രാപ്തിയുള്ള ചുരുക്കം ചിലരിൽ ഒരാളെന്ന വിശേഷണം അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നന്നായി ഇണങ്ങും.

Geojit

ബ്രോഡ്കാസ്റ്റിങ് മേഖലയിലെ അതികായരായ സ്റ്റാർ ടിവിക്കൊപ്പം നീണ്ട 14 വർഷമാണ് അജയ് വിദ്യാസാഗർ ചെലവിട്ടത്. 1997ലെ എംപ്ലോയി ഓഫ് ദ ഇയറായിരുന്ന അദ്ദേഹം  2002ല്‍ കമ്പനിയുടെ അച്ചീവര്‍ ഓഫ് ദി ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. കോൻ ബനേഗ ക്രോർപതിയെന്ന പരിപാടി ഇന്ത്യയിൽ അവതരിപ്പിച്ചതിനു പിന്നിലും പ്രാദേശിക ചാനലുകളിൽ പിടിമുറുക്കി ദക്ഷിണേന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് രംഗത്തെ വൻ ശക്തിയായി സ്റ്റാർ വളർന്നതിനു പിന്നിലും അജയ് വിദ്യാസാഗർ വലിയ പങ്കു വഹിച്ചിരുന്നു. ചാനല്‍ വിയുടെ യൂത് പ്ലാറ്റ്‌ഫോം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ വിരിഞ്ഞ ആശയമാണ്. സൺ നെറ്റ് വർക്കിന്‍റെ സിഇഒയായിരിക്കെയാണ് 2011ൽ ഗൂഗിളിലേക്കുള്ള ചുവടുമാറ്റം.

വൻ ശക്തിയായി ഗൂഗിൾ ഒരിക്കലും തങ്ങളെ കാണുന്നില്ലെന്നും ജനാധിപത്യപരമായ വിവര ലഭ്യത ഉറപ്പുവരുത്താനാണ് യുട്യൂബ് ഉള്‍പ്പെടെ ശ്രമിക്കുന്നതെന്നും അജയ് സാക്ഷ്യപ്പെടുത്തുന്നു. സങ്കീർണമായ ആവശ്യങ്ങളെ ഏറ്റവും ലളിതമായ പരിഹാര മാർഗങ്ങളുമായി സമീപിക്കുകയാണ് യു ട്യൂബ് ചെയ്യുന്നത്. ഇന്ത്യയിൽ വലിയ തോതിൽ ഉപയോക്താക്കളുള്ളപ്പോഴും ഇന്‍റർനെറ്റിന്‍റെ ലഭ്യതയില്ലാത്തതിനാൽ‌ നഷ്ടമാകുന്ന കാഴ്ചക്കാരെ ഏതു രീതിയിൽ സംതൃപ്തരാക്കുമെന്ന ആശങ്കയിൽ നിന്നും വിരിഞ്ഞ ആശയമായ ഓഫ് ലൈനായി വിഡിയോ കാണാനുള്ള സംവിധാനത്തിന്‍റെ വികാസത്തെ ഇതിനൊരു ഉദാഹാരണമായി കാണാനാകും.

യുട്യൂബിന്‍റെ തലപ്പത്തുള്ള വ്യക്തിയെന്ന നിലയിൽ അജയ് ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന ചോദ്യം ഒരു വിഡിയോ വൈറലാകാനുള്ള കുറുക്കു വഴി ഏതാണെന്നാണ്. അത്തരത്തിൽ പ്രത്യേകിച്ചൊരു സമവാക്യമൊന്നും വൈറൽ വിഡിയോകൾക്കു പിന്നിലില്ലെന്നാണ് അജയ്ക്കുള്ള മറുപടി. ഒരു മോശം ഉത്പന്നത്തെ മികച്ചതാക്കാനുള്ള അത്ഭുത സിദ്ധിയൊന്നും ഡിജിറ്റലിനില്ല. വിവിധ പ്ലാറ്റ്ഫോമുകളിൽ ഒരു പോലെ സ്വീകാര്യത ലഭിക്കുന്ന മികച്ച കണ്ടെന്‍റ് ഉണ്ടാക്കുകയാണു വേണ്ടത്. മികച്ച ഒരു കണ്ടെന്‍റ് ടെലിവിഷൻ പോലുള്ള പരമ്പരാഗത  പ്ലാറ്റ്ഫോമിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ എത്തിക്കുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്താൽ വൈറലായി.

ഒരാളുടെ പ്രവൃത്തികൾ മറ്റൊരാളിൽ സന്തോഷം സൃഷ്ടിക്കുകയാണെങ്കിൽ അതിൽപ്പരം വലുതൊന്നില്ലെന്ന് വിശ്വസിക്കുന്ന അജയ് സന്തോഷം കണ്ടെത്തുന്നതിന് ഒരു ചെറിയ ഉപദേശവും മുന്നോട്ടുവയ്ക്കുന്നുണ്ട് – ഉള്ളതുകൊണ്ടു സംതൃപ്തരാകുക. അനാവശ്യവും അപ്രാപ്യവുമായ മോഹങ്ങൾക്കു തടയിടാനായാൽ തന്നെ സന്തോഷം വന്നെത്തും.

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ‌ അജയ് വിദ്യാസാഗറും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2018ൽ മുഖ്യ പ്രഭാഷകനായി അജയ് വിദ്യാസാഗറുമെത്തുന്നു. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം കൊച്ചിയിൽ നവംബര്‍ 24 നാണ് നടക്കുന്നത്. 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. ‘റീബിൽഡ്, റീഗെയ്ൻ, റീടെയ്ൻ’ എന്നതാണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ഡിജിറ്റൽ സംഗമത്തിന്റെ ആശയം. പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയിലെ ഗൗരവവിഷയങ്ങൾ 'ടെക്സ്പെക്റ്റേഷന്‍സ് 2018 ലെ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

ടെക്സ്പെക്റ്റേഷൻസ് 2018 ആപ്പ്

ഡിജിറ്റൽ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ടെക്സ്പെക്റ്റേഷൻസ് 2018 ന്റെ മൊബൈൽ ആപ്പ് വഴി നേരത്തെ തന്നെ റജിസ്റ്റർ ചെയ്യാവുന്നതാണ്.  നവംബര്‍ 24 ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന 'ടെക്സ്പെക്റ്റേഷന്‍സ് 2018' സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ ഫ്രീയായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ കയറി Techspectations 2018 സേർച്ച് ചെയ്താൽ ആപ്പ് ലഭിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്ററേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ ടെക്സ്പെക്റ്റേഷൻസ് 2018 ന്റെ ഷെഡ്യൂൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, ഡെലിഗേറ്റ് പാസ് തുടങ്ങി നിരവധി വിവരങ്ങൾ ലഭിക്കും. ഓരോ വിവരങ്ങളും നോട്ടിഫിക്കേഷൻ അറിയിക്കുകയും ചെയ്യും.

ടെക്സ്പെക്റ്റേഷൻസ് 2018 ആപ് – ആൻഡ്രോയിഡ്

ടെക്സ്പെക്റ്റേഷൻസ് 2018 ആപ് – ഐഒഎസ്

റജിസ്ട്രേഷൻ മോഡ്യൂൾ, അജൻഡ, സ്പീക്കര്‍ പ്രൊഫൈൽ, സ്പോൻസര്‍മാരുടെ വിവരങ്ങൾ, സോഷ്യല്‍മീഡിയ ഷെയറുകൾ, കലണ്ടർ, ഇൻവൈറ്റ് ഫ്രണ്ട്സ്, ഇ–ചെക്കിൻ എന്നിവയാണ് ആപ്പിലെ പ്രധാന ഫീച്ചറുകൾ. ടെക് രംഗത്തെ രാജ്യാന്തര പ്രമുഖരാണ് ഡിജിറ്റൽ സംഗമത്തിൽ പങ്കെടുക്കുന്നത്.

ധനകാര്യസേവന സ്ഥാപനമായ ജിയോജിത് (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്) ആണ് 'ടെക്സ്പെക്റ്റേഷന്‍സ് 2018 ന്റെ ടൈറ്റിൽ സ്പോൺസർ. ഓൺലൈൻ വഴിയുള്ള ഓഹരി കച്ചവട സേവനങ്ങൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ എന്നിവ പ്രദാനം ചെയ്യുന്ന ജിയോജിത്ത്, സാമ്പത്തിക സേവന രംഗത്തെ ഇന്ത്യയിലെ മുൻ നിരയിലുള്ള കമ്പനിയാണ്. ഓഹരികൾ, ഡെറിവേറ്റീവ്സ്, കറൻസി ഫ്യൂച്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നീ മേഖലകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ ജിയോജിത് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

related stories