Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ ആൻഡ്രോയിഡ് ഉപേക്ഷിക്കും, അല്ലെങ്കിൽ പണം ഈടാക്കും?

google-android

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൗരവമുള്ള ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ വില വര്‍ധിപ്പിച്ചേക്കാം. തുടക്കം യൂറോപ്യന്‍ യൂണിയനിലായിരിക്കും. ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ അഞ്ചു ബില്ല്യന്‍ ഡോളര്‍ പിഴയിട്ടിരുന്നല്ലോ. അവരുടെ എതിരാളികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ കണ്ടെത്തിയതിനാലാണ് പിഴയിട്ടത്. ഈ വിധിക്കെതിരെ അപ്പീല്‍ പോകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇനിയുള്ള കാലത്ത് യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഫോണുകളും മറ്റും നിര്‍മിക്കുന്ന ഉപകരണ നിര്‍മാതാക്കള്‍ ഗൂഗിളിന് പൈസ നല്‍കേണ്ടതായി വരും. ഉപകരണ നിര്‍മാതാക്കള്‍ അത് ഉപയോക്താവിന്റെ മേല്‍ ചുമത്തുകയും ചെയ്യും.

എന്താണ് സംഭവിക്കുക?

യൂറോപ്യന്‍ കമ്മിഷന്റെ കണ്ടെത്തല്‍ പ്രകാരം ഗൂഗിള്‍ സേര്‍ച്ചും കമ്പനിയുടെ ക്രോം ബ്രൗസറും ഉപകരണ നിര്‍മാതാക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് ഇന്‍സ്‌റ്റാള്‍ ചെയ്യിക്കുന്നുണ്ടത്രെ. ഇതിലൂടെ എതിരാളികളെ വളരാന്‍ അനുവദിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്നതുപോലെ ഗൂഗിളിന്റെ ഒരുപറ്റം ആപ്പുകള്‍ പ്രീലോഡ് ചെയ്താണ് അവ എത്തുന്നത്. ഇവ അണ്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ അനുവദിക്കുകയുമില്ല. (അല്ലെങ്കില്‍ ഫോണ്‍ 'റൂട്ട്' ചെയ്യണം. ഇതു ചിലപ്പോള്‍ വാറന്റി കളഞ്ഞേക്കാം. കൂടാതെ അധികമാരും അത്ര ടെക് അവബോധമുള്ളവരുമല്ലല്ലോ.) പ്രത്യക്ഷത്തില്‍ ഫ്രീയും മികച്ച പ്രവര്‍ത്തനവും നല്‍കുന്നതാണ് ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ആപ്പുകള്‍. പക്ഷേ, ഇതിലൂടെ ഉപയോക്താവിന് പരസ്യം വിറ്റ് ഗൂഗിള്‍ കാശുണ്ടാക്കുന്നുണ്ട്. പക്ഷേ, അതിനൊപ്പം ഉപയോക്താക്കളുടെ ഓരോ നീക്കവും ട്രാക്കു ചെയ്യാന്‍ പാകത്തിനാണ് ആന്‍ഡ്രോയിഡ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇത് ശരിക്കും ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നതാണ് ഗൂഗിള്‍ നേരിടുന്ന മറ്റൊരു ആരോപണം. കൂടാതെ, ഗൂഗിളിന്റെ എതിരാളികളുടെ ആപ്പുകള്‍ക്ക് ഒരു ശ്രദ്ധയും കിട്ടുന്നില്ല എന്നുറപ്പാക്കാനും കമ്പനിക്കു സാധിക്കുന്നുണ്ടെന്നും പറയുന്നു.

ഇനിയെന്ത്?

ഗൂഗിള്‍ പറയുന്നത് ഇനിയും ആന്‍ഡ്രോയിഡ് ഫ്രീ ആയിരിക്കുമെന്നാണ്. പക്ഷേ, ഗൂഗിള്‍ മാപ്‌സ്, ക്രോം തുടങ്ങി പല ആപ്പുകളും ഉപയോഗിക്കണമെങ്കിലും പൈസ നല്‍കണം. പുതിയ രീതി വച്ച് പല ഗൂഗിള്‍ ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പൈസ നല്‍കേണ്ടതായി വരാം. അത് ഉപയോക്താവിന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്യാം. പക്ഷേ, ഇതിനൊരു മറുവശവുമുണ്ട്. ഉദാഹരണത്തിന് സാംസങും മൈക്രോസോഫ്റ്റുമായി ധാരണയിലായെന്നു വയ്ക്കുക. സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ബിങ് സേര്‍ച്ചും മൈക്രോസോഫ്റ്റ് ആപ്പുകളും മറ്റും നല്‍കുന്നു എന്നും കരുതുക. സാംസങ് മൈക്രോസോഫ്റ്റില്‍ നിന്ന് പൈസ ഈടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വില്‍ക്കുന്ന ഫോണിന് പൈസ കൂടണമെന്നില്ല. പലരും ഗൂഗിള്‍ ആപ്പുകള്‍ ശീലമാക്കിയതിനാല്‍ മറ്റ് ആപ്പുകള്‍ നല്‍കുന്നത് ആദ്യകാലത്തെങ്കിലും വലിയ ഗുണമൊന്നും ചെയ്‌തേക്കില്ലെന്നും കാണാം. അവര്‍ തിരിച്ച് ഗൂഗിൾ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യാനാണു സാധ്യത.

യൂറോപ്പിലേക്കുള്ള ഫോണ്‍ നിര്‍മിക്കുമ്പോള്‍ ആന്‍ഡ്രോയിഡ് (Android Open Source Project (AOSP) ഫ്രീ ആയി തുടരും. പിന്നെ മൂന്ന് ഓപ്ഷനുകളായിരിക്കും ഫോണ്‍ നിര്‍മാതാക്കള്‍ക്കുള്ളത്:

1. പ്ലേ സ്റ്റോറൊ മറ്റേതെങ്കിലും ഗൂഗിള്‍ ആപ്പോ ഇല്ലാതെ ഫോണ്‍ നിര്‍മിക്കാം

2. പ്ലേ സ്റ്റോര്‍, മാപ്‌സ്, ജിമെയിൽ എന്നവയുള്ള പാക്ക്. ഗൂഗിള്‍ സേര്‍ച്, ക്രോം എന്നിവ വേണമെങ്കില്‍ പൈസ നല്‍കണം. ( ഉപകരണ നിര്‍മാതാക്കള്‍ ഈ ഓപ്ഷനാണ് സ്വീകരിക്കുന്നതെങ്കില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ കാര്യമായ ഇടിവു സംഭവിക്കാം.)

3. ഇപ്പോള്‍ സംഭവിക്കുന്നതു പോലെ എല്ലാ ഗൂഗിള്‍ ആപ്പുകളോടും കൂടെ ഉപകരണങ്ങള്‍ നിര്‍മിക്കാം.

തുടക്കത്തില്‍ ഇത് യൂറോപ്യന്‍ യൂണിയനില്‍ മാത്രമാണെങ്കില്‍ ഓരോ രാജ്യവും സ്വകാര്യത നിയമത്തില്‍ മാറ്റം വരുത്തുന്നതനുസരിച്ച് രീതികൾ മാറിവരാം.

ഈ പ്രശ്‌നങ്ങളുടെ നൂലാമലാകള്‍ കാരണം ഗൂഗിള്‍ താമസിയാതെ ആന്‍ഡ്രോയിഡിനെ കൈയ്യൊഴിഞ്ഞേക്കാമെന്നും പറയുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ഒപ്പറേറ്റിങ് സിസ്റ്റമായ ഫ്യൂഷെയുമായി hhttps://bit.ly/2PG5fDA എത്താന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നും വാര്‍ത്തകളുണ്ട്. ഇത് അതിനൂതനവും ഭാവിയുടെ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.