Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് നിയന്ത്രണം: ലോകത്തിനു മാതൃക ചൈന, ഇന്ത്യയിൽ സംഭവിച്ചതോ?

china-internet

ഡിജിറ്റല്‍ യുഗത്തില്‍ എങ്ങനെ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാമെന്ന് അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ചൈന. ഇന്റര്‍നെറ്റിലെ വിവരങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ് ചൈന‍. ഇക്കാര്യത്തില്‍ പല രാജ്യങ്ങളും ചൈനയെ മാതൃകയാക്കി കഴിഞ്ഞെന്നും ഫ്രീഡം ഹൗസ് എന്ന മനുഷ്യാവകാശ സംഘടന നടത്തിയ പഠനം പറയുന്നു. 

ചൈനീസ് ഇന്റര്‍നെറ്റ് നിയന്ത്രണ മാതൃകയെക്കുറിച്ച് 36 മുതല്‍ 65 രാജ്യങ്ങള്‍ വരെ പഠിക്കാനായി എത്തിയെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യയാണ്. നൂറിലേറെ തവണയാണ് ഇന്ത്യയില്‍ ഭരണാധികാരികള്‍ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. വിദ്വേഷ വിവരങ്ങളും തെറ്റായ വിവരങ്ങളും പങ്കുവെക്കുന്നത് തടഞ്ഞ് സംഘര്‍ഷം കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. 

സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വന്തമായി ട്രോള്‍ സൈന്യങ്ങള്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എതിര്‍ശബ്ദങ്ങളെ കുറക്കാനും അനുകൂലിക്കുന്ന ശബ്ദങ്ങളെ പരമാവധി പേരിലെത്തിക്കുന്നതിനും സര്‍ക്കാരുകള്‍ക്ക് പ്രത്യേകം വിഭാഗങ്ങളുണ്ടെന്നും പഠനം പറയുന്നു.

തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കുറഞ്ഞു വരുന്ന 65 രാജ്യങ്ങളെയാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വ്യാജ പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വലിയതോതില്‍ ഇന്റര്‍നെറ്റില്‍ വര്‍ധിച്ചിട്ടുണ്ട്. മറുവശത്ത് വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയും തുടരുന്നു. 

'ഡിജിറ്റല്‍ കാലത്ത് ജനാധിപത്യ രാജ്യങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് നിയന്ത്രണ മാതൃക കയറ്റിയയക്കുകയാണ് ചൈന. ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ ചൈനീസ് മാതൃകയ്ക്ക് നിരവധി ആവശ്യക്കാരുമുണ്ട്' ഫ്രീഡം ഹൗസിന്റെ പ്രസിഡന്റ് മൈക്കല്‍ അബ്രമോവിച്ച് പറയുന്നു. അതേസമയം ഫ്രീഡം ഹൗസിന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ചെയ്തത്. 

വ്യാജവാര്‍ത്തകളെ തടയാനെന്ന പേരില്‍ ഇന്റര്‍നെറ്റിന് നിയമം മൂലം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 17 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തീരുമാനമെടുത്തു കഴിഞ്ഞു. 18 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 19 രാജ്യങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ധിച്ചത്. ഇതാകട്ടെ ചെറുരാജ്യങ്ങളുമാണ്. 

ഇന്റര്‍നെറ്റ് സേവന ദാതാക്കളേയും ടെലികോം കമ്പനികളെയും നിയന്ത്രണത്തിലാക്കിയാണ് ചൈന ഇന്റര്‍നെറ്റില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതെന്ന്് ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വാവെയ് പോലുള്ള കമ്പനികള്‍ക്ക് അമേരിക്കയിലും ഓസ്‌ട്രേലിയയിലും വലിയ തോതിലുള്ള നിയന്ത്രണങ്ങളുണ്ട്. അതേസമയം, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വാവെയ് വലിയ തോതില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. ഭാവിയില്‍ ഈ രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാമെന്ന മുന്നറിയിപ്പും ഫ്രീഡം ഹൗസ് നല്‍കുന്നു.

related stories