Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുര്യന്‍: മേഘത്തലപ്പത്തൊരു മലയാളിപ്പോരാളി; എതിരാളികളും അതിശക്തര്‍

kurian-larry

ലോക ടെക്‌നോളജി മേഖലയിലെ മുപ്പത്തയ്യായരിത്തോളം തൊഴിലാളികളെ നയിച്ചിരുന്ന തോമസ് കുര്യന്‍ എന്ന മലയാളി കേരളത്തില്‍ അത്ര സുപ്രസിദ്ധനല്ലെന്നു തോന്നുന്നു. അടുത്ത കുതിപ്പില്‍ ഇന്നേവരെ മലയാളികള്‍ താണ്ടിയ ഉയരങ്ങള്‍ക്ക് അപ്പുറത്തേക്ക് അദ്ദേഹം പോയാലും അദ്ഭുതപ്പെടേണ്ടെന്നാണ് ചിലരുടെ അഭിപ്രായം. വരും വര്‍ഷങ്ങളായിരിക്കും അതു തീരുമാനിക്കുക. ഓറക്കിളില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഗൂഗിള്‍ ക്ലൗഡിന്റെ നായകനായി എത്തുമ്പോള്‍ ടെക് ലോകം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം, ഒരുകാലത്ത് ഓറക്കിൾ മേധാവിയും കുര്യനും തമ്മിലുള്ള ബന്ധം അത്രമേല്‍ ഇഴയടുപ്പമുള്ളതായിരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വഴിയെ പരിശോധിക്കാം.

ക്ലൗഡ് സേവനങ്ങള്‍ ലോകത്താകമാനം അതിശക്തമായി പെയ്തിറങ്ങാനൊരുങ്ങുകയാണ്. ഇവിടെ മൂന്ന് അതിശക്തര്‍ തമ്മിലാണ് പോരാട്ടം– ഗൂഗിള്‍, ആമോസോണ്‍, മൈക്രോസോഫ്റ്റ്. തങ്ങളുടെ ക്ലൗഡ് സേവനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന ഡയാന്‍ ഗ്രീന്‍ സ്ഥാനമൊഴിഞ്ഞപ്പോല്‍ ഗൂഗിളിന് പിടിച്ചു നില്‍ക്കണമെങ്കില്‍ ഉശിരുള്ള പോരാളിയെ തന്നെ വേണമെന്ന് നിര്‍ബന്ധമായിരുന്നു. ഒറ്റ നോട്ടത്തില്‍ത്തന്നെ ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിനു മനസിലായി തങ്ങള്‍ക്കു വേണ്ടയാള്‍ 22 വര്‍ഷമായി ഓറക്കിൾ (Oracle) കമ്പനിയില്‍ ജോലിയെടുത്തിരുന്ന പ്രമുഖ ടെക് വ്യക്തിത്വം തോമസ് കുര്യനാണെന്ന്. ഈ 51 കാരനെ അടുത്തറിയാം:

ആരാണ് തോമസ് കുര്യൻ?

തോമസ് കുര്യന്റെ പിതാവ് സ്വയം വിദ്യാഭ്യാസം നേടിയ ശേഷം നിര്‍മാണ മേഖലിയില്‍ കഴിവു തെളിയിച്ചയാളായിരുന്നു. അമ്മ, മലയാളി മാതാപിതാക്കള്‍ക്ക് ശ്രീലങ്കയില്‍ ജനിച്ച ശേഷം കോളജ് പഠനത്തിനായി ഇന്ത്യയിലേക്കു വരികയായിരുന്നു.

കുര്യൻ ജനിച്ചത് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ (identical twin) ജോര്‍ജ് കുര്യനുമൊത്ത് ഡിഗ്രി പഠിക്കാന്‍ 1986ല്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലേക്കു പോയി. അവിടെ നിന്ന് അദ്ദേഹം, മറ്റു നേട്ടങ്ങളടക്കം (Summa Cum Laude) ഇലക്ട്രിക്കല്‍ എൻജിനീയറിങില്‍ ബിഇ ഡിഗ്രി സ്വന്തമാക്കി. പിന്നീട് സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും നേടി. 1996ല്‍ ഓറക്കളിലേക്കു നീങ്ങുന്നതിനു മുൻപ് മക്കൻസി ആന്‍ഡ് കമ്പനിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്വരൂപ ഇരട്ടകളായ കുര്യന്‍ സഹോദരന്മാരായ തോമസും ജോര്‍ജും സിലിക്കന്‍ വാലിയിലെ പ്രമുഖ കമ്പനിയുടെ എക്‌സിക്യൂട്ടീവാണ്. ജോര്‍ജ് ഇപ്പോള്‍ 5.5 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള നെറ്റ്ആപ് (NetApp) കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്.

തോമസാകട്ടെ, 22 വര്‍ഷം വിവിധ തസ്തികളില്‍ ഓറക്കിളില്‍ ജോലിയെടുത്ത ശേഷമാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തെത്തുന്നത്. ഒാറക്കിളിന്‍ പ്രൊഡക്ട് മാനേജ്‌മെന്റിലാണ് തുടക്കമെങ്കിലും 2015 ജനുവരിയില്‍ കമ്പനിയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റിന്റെ പ്രസിഡന്റായി. കമ്പനിയുടെ സ്ഥാപകനായ ലാറി എലിസണ്‍ എല്ലാക്കാര്യത്തിലും കുര്യന്റെ അഭിപ്രായം ചോദിക്കാനും അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചാല്‍ മാത്രം മുന്നോട്ടു പോകുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

എലിസണ്‍ എപ്പോഴും തോമസിനോടു ചോദിക്കും: ‘തോമസ്, താങ്കള്‍ക്ക് എന്തു തോന്നുന്നു? തോമസ്, നമുക്ക് അങ്ങനെ ചെയ്യാം’ എന്ന രീതിയിലായിരുന്നു തോമസും എലിസും തമ്മിലുള്ള സംഭാഷണ രീതിയെന്ന് ഓറക്കിളിന്റെ മുന്‍ എക്‌സിക്യൂട്ടീവ് റോയിട്ടേഴ്‌സിനോടു പറഞ്ഞിട്ടുണ്ട്.

പ്രസിഡന്റ് ഓഫ് പ്രൊഡക്ട് എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം ഓറക്കിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ ചുവടുവയ്പ്പുകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. എന്നാല്‍, അടുത്ത കാലത്ത് എലിസണും തോമസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നയാളും എന്തും വെട്ടിത്തുറന്നു പറയുന്ന രീതിക്കാരനുമായിരുന്നു എലിസണും തോമസും. ഇതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു. ക്ലൗഡ് മേഖലയിലെ തന്ത്രങ്ങളെച്ചൊല്ലിയാണ് അവര്‍ തമ്മില്‍ അകന്നത്.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ഓറക്കിളിന്റെ ക്ലൗഡ് ബിസിനസിന്റെ വളര്‍ച്ചയ്ക്കായി കമ്പനിയുടെ കുറച്ച് സോഫ്റ്റ്‌വെയര്‍, വിപണിയിലെ മുമ്പന്മാരായ ആമസോണിന്റെയും മൈക്രോസോഫ്റ്റിന്റെയും ക്ലൗഡില്‍ ഇരിക്കട്ടെ എന്നു കുര്യന്‍ വാദിച്ചു. ഇത്തരമൊകു നീക്കം മൈക്രോസോഫ്റ്റ് മേധാവി സത്യ നഡേലയും നടത്തിയിരുന്നു. എതിരാളികളുടെ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരുന്നു അദ്ദേഹവും തീരുമാനിച്ചത്. എന്നാല്‍ ഈ സമീപനത്തോട് എലിസണ് യോജിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആമസോണ്‍ വെബ് സര്‍വീസസിനെ തുറന്നെതിര്‍ത്തിരുന്നയാളാണ്. ഓറക്കിളിന്റെ ക്ലൗഡ് സേവനമാണ് മികച്ചതെന്നും വാദിച്ചിരുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ 5ന് കുര്യന്‍ പറഞ്ഞു താന്‍ കുറച്ചു സമയം ഓറക്കിളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്. എന്നാല്‍ അദ്ദേഹം മടങ്ങിവരുമെന്ന് കമ്പനി പറഞ്ഞു. പക്ഷേ, സെപ്റ്റംബര്‍ 28ന് ഓറക്കിൾ തന്നെ അദ്ദേഹത്തിന്റെ രാജിവാര്‍ത്ത പുറത്തുവിട്ടു.

കുര്യൻ രാജിവയ്ക്കുന്ന സമയത്ത് 32 രാജ്യങ്ങളിലായി 35,000 ജീവനക്കാരായിരുന്നു അദ്ദേഹത്തിനു കീഴില്‍ പണിയെടുത്തിരുന്നത്. ഇത് ഓറക്കിളിന്റെ മൊത്തം തൊഴിലാളികളുടെ മൂന്നിലൊന്നു വരും. നവംബര്‍ 26ന് കുര്യന്‍ ഗൂഗിള്‍ ക്ലൗഡിന്റെ അമരത്തെത്തും.

ഗൂഗിള്‍ ക്ലൗഡില്‍ കുര്യനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികളാണ്. അടുത്ത കാലത്താണ് ഗൂഗിള്‍ ക്ലൗഡ് വിപണിയിൽ ചെറിയൊരു തിരിച്ചുവരവു നടത്തിയത്. ഇതാകട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സര്‍വീസുകള്‍ നല്‍കിത്തുടങ്ങിയപ്പോഴാണ് സംഭവിക്കുന്നത്. ഇതിനു ശേഷം ആരോഗ്യം, റീട്ടെയിൽ‍, സാമ്പത്തിക രംഗത്തുള്ള പലരും ഗൂഗിള്‍ ക്ലൗഡിലേക്കു തിരിഞ്ഞാതായി കാണാം. മാര്‍ക്കറ്റ് ലീഡര്‍മാരായ ആമസോണ്‍ വെബ് സര്‍വീസസും മൈക്രോസോഫ്റ്റിന്റെ ആസ്യോറിനും (Azure) പിന്നിലാണ് ഗൂഗിള്‍ ക്ലൗഡ് ഇപ്പോഴും. പക്ഷേ, സമീപകാലത്തെ മുന്നേറ്റം മാത്രം കണക്കിലെടുത്താല്‍ ഗൂഗിളിന്റെ കുതിപ്പാണ് ഇനി കാണാന്‍ പോകുന്നത്. എതിരാളികളെ അപേക്ഷിച്ച് 108 ശതമാനം വളര്‍ച്ചയാണ് ഗൂഗിള്‍ ക്ലൗഡ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക സേവനങ്ങളും ക്ലൗഡിലേക്ക് ചേക്കേറുമെന്നാണ് കരുതുന്നത്. ക്ലൗഡ് സേവനങ്ങളും ക്ലൗഡ് കംപ്യൂട്ടിങും വളരുമ്പോള്‍ ഗൂഗിളിനു വേണ്ട തന്ത്രങ്ങള്‍ മെനയാന്‍ കുര്യനുണ്ടാകും. വിജയിച്ചാല്‍ മറ്റു പല മലയാളികള്‍ക്കും എത്താനാവാത്തത്ര ഉയരത്തില്‍ നിന്ന് മേഘപാളികള്‍ക്കിടയിലൂടെ കുര്യന്‍ ലോകത്തെ കാണും.

related stories