Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിത്യന്‍: ഹീറോ ടോക്കീസിന്റെ ഹീറോ!

Adithyan_VS

വെറുതെ സ്വപ്‌നം കണ്ടാല്‍ പോര, അതു യാഥാര്‍ഥ്യമാക്കുകയും വേണമെന്നാണ് ആദിത്യന്‍ വി.എസ് പഠിപ്പിക്കുന്ന ആദ്യ പാഠം. ഒരു പക്ഷേ, ലോകത്തു തന്നെ ആദ്യമായി 5.1 ഓഡിയോ ലൈവ് സ്ട്രീം ചെയ്തത് ആദി എന്നു സ്വയം വിളിക്കുന്ന ആദിത്യന്റെ കമ്പനിയായ ഹീറോടോക്കീസാണ് (HeroTalkies) എന്നത് അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും എന്നും അഭിമാനിക്കാവുന്നതാണ്.

നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും പോലെയുള്ള ഒടിടി (OTT-over-the-top) മീഡിയാ സ്ട്രീമിങ് സര്‍വീസുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. എന്നാല്‍  2012ല്‍ മുന്നോട്ടിറങ്ങി അതു വിജയിപ്പിച്ചവരെന്ന നിലയ്ക്കാകും എൻജിനീയറിങ് പശ്ചാത്തലമുള്ള അതിതിയെയും എംബിഎ ബിരുദധാരിയായ അദ്ദേഹത്തിന്റെ അനുജന്‍ പ്രദീപിനെയും കാലം അടയാളപ്പെടുത്താന്‍ പോകുന്നത്.

ഭക്ഷണ വില്‍പ്പനശാലകള്‍ തുടങ്ങാനാഗ്രഹിച്ച ആദിത്യന്റെ മനസിലേക്ക് ഓടിയെത്തിയ ആശയമാണ് എന്തുകൊണ്ട് ലോകമെമ്പാടുമുള്ള തമിഴ് വംശജര്‍ക്ക് സ്ട്രീം ചെയ്ത് സിനിമ കാണാന്‍ അവസരമൊരുക്കിക്കൂടാ എന്നത്. ആശയം പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവായ കെ. എസ്. തനുവിനോട് (Kalaippuli S Thanu) പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് എളുപ്പമായിരിക്കില്ലെന്നാണ്. പക്ഷേ, ആശയവുമായി എത്തിയ യുവസംരഭകര്‍ക്ക് തന്റെ പിന്തുണ നല്‍കിയാണ് അദ്ദേഹം യാത്രയാക്കിയത്. പിന്നീട് ഇതിനു ചേരുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനായി ശ്രമം. വെബ്‌സൈറ്റും ആപ്പുകളും ഉള്‍പ്പെടുന്ന ഒന്ന്. ഇതിനായി സാങ്കേതിക പരിജ്ഞാനമുണ്ടെന്നു കരുതിയവരുടെ അടുത്തു ചെന്നെങ്കിലും വെറുതെ ആറു മാസം നഷ്ടപ്പെട്ടതു മാത്രമായിരുന്നു ബാക്കിപത്രം. ആദിത്യന്റെ എൻജിനീയറിങ് പഠന കാലത്തെ സഹപാഠികളെ കൂട്ടുപിടിച്ചാണ് പിന്നീട്  ലക്ഷ്യത്തിലെത്തിയത്.  തുടർയാത്രയിൽ ഇവര്‍ ഹീറോടോക്കീസിന്റെ ഹെഡ് ഓഫ് എൻജിനീയറിങ്, ഹെഡ് ഓഫ് ഡിസൈന്‍ എന്നീ പോസ്റ്റുകളിലേക്ക് നിയമിക്കപ്പെട്ടു.

തുടക്കത്തിൽ മുതല്‍ മുടക്കായി 50 ലക്ഷം രൂപ ഇറക്കാനാണ് ആഗ്രഹിച്ചതെങ്കിലും അതു പോരാ എന്നു മനസിലായപ്പോള്‍ തങ്ങളുടെ കൃഷിയിടം പോലും വിറ്റാണ് രണ്ടു കോടി രൂപ ആദ്യ മൂലധനമായി നിക്ഷേപിച്ചത്. ഒന്നിലേറെ തവണ കമ്പനി പൊളിഞ്ഞുവെന്നു തോന്നിപ്പിച്ചു. പിന്നീട്, നടന്‍ സൂര്യയുടെ 2D എന്റര്‍റ്റെയ്ന്‍മെന്റ് അടക്കമുള്ളവര്‍ ഹീറോടോക്കീസില്‍ മുതല്‍മുടക്കാന്‍ മുന്നോട്ടുവന്നു.

ആശയം വിജിയിച്ചെങ്കില്‍ അതു നടപ്പാക്കിയ വിധത്തിനും പ്രാധാന്യമുണ്ട്. ഹീറോടോക്കീസ് യൂറോപ്പിലും മറ്റുമുള്ള തമിഴ് വംശജരെ ലക്ഷ്യമിട്ടായിരുന്നു തുടങ്ങിയത്. അവര്‍ക്ക് രണ്ടു രീതിയില്‍ തമിഴ് സിനിമകള്‍ കാണാന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. ഒന്ന് കാണുന്ന സിനിമയ്ക്കു കാശു കൊടുക്കുക (pay-per-view), രണ്ട് മാസവരിക്കാരാകുക. നല്‍കുന്ന കണ്ടെന്റിന്റെ കാര്യത്തിലും ചില നിഷ്ഠകള്‍ പാലിക്കാന്‍ ആദിത്യനും ടീമും തീരുമാനിച്ചു. കാശു നല്‍കുന്നവര്‍ക്ക് ഫുള്‍ എച്ഡി കണ്ടെന്റും, 5.1 ഓഡിയോയും എത്തിക്കും. കാശില്ലാതെയും കാണാം. പക്ഷേ, കണ്ടെന്റിന് ഗുണനിലവാരം കുറയ്ക്കും. ഒപ്പം പരസ്യവും കാണണം. ഹിറോടോക്കീസാണ് ലോകത്താദ്യമായി 3D സിനിമകള്‍ സ്ട്രീം ചെയ്തതെന്ന് ഇവർ അഭിമാനത്തോടെ പറയുന്നു. ഇതെല്ലാം വിദേശത്തു താമസിക്കുന്ന, തമിഴ് ഗൃഹാതുരത്വമുള്ള ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഹീറോടോക്കീസ് ജനസമ്മതി നേടി.

കണ്ടെന്റ് ടീം

ഇത് സമാനതകളില്ലാത്ത ഒരു സംരംഭമാണ്. നെറ്റ്ഫ്ഫ്‌ളിക്‌സോ ആമസോണ്‍ പ്രൈമോ ഈ രംഗത്തു തകര്‍ത്തുവാരുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അവര്‍ക്ക് ലോകത്തെ ഏറ്റവും മികച്ച എൻജിനീയര്‍മാരെയും മറ്റും ജോലിക്കു വയ്ക്കാനാകും എന്നതാണ്. എന്നാല്‍ ആദിത്യനും പ്രദീപിനും അതു സാധ്യമായിരുന്നില്ല. തങ്ങളുടെ കണ്ടെന്റ് ടീമില്‍ പ്രവൃത്തിപരിചയമുള്ളതായി ആകെ ഒരാളെ  ഉണ്ടായിരുന്നുള്ളുവെന്നും ബാക്കിയുളളവരൊക്കെ ഹീറോടോക്കീസില്‍ ജോലി ചെയ്ത് അനുഭവസമ്പത്തു നേടുകയായിരുന്നുവെന്നും ഇവർ പറയുന്നു. 

ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ടീം

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി തയാറാക്കിയ ആദ്യ ആപ്പുകള്‍ക്ക് കുറച്ചു ഫങ്ഷനുകളേ ഉണ്ടായിരുന്നുള്ളു. ഇതാകട്ടെ, ഇന്റേണുകള്‍ നിര്‍മിച്ചവയുമായിരുന്നു. തുടര്‍ന്ന് 12 മികച്ച ആപ്പുകള്‍ നിര്‍മിച്ചു. അപ്പോള്‍ പോലും ഇതിനായി മാത്രം 12 എൻജിനീയര്‍മാരുടെ ടീമായിരുന്നു ഹീറോടോക്കീസില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ ആപ്പുകളാണ് ലോകത്ത് ആദ്യമായി കണ്ടെന്റ് ഓഫ്‌ലൈനായി കാണാന്‍ അനുവദിച്ചതെന്ന് അവര്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സിനും മുൻപെ തങ്ങളാണത് ചെയ്തതെന്ന് ആദിത്യന്റെ ടീം ഏറെ അഭിമാനത്തോടെ വ്യക്തമാക്കുന്നു. ആദ്യമായി വോയ്‌സ് സേര്‍ച് കൊണ്ടുവന്നതും ഹീറോടോക്കീസിന്റെ ആപ് ആണ്. ആപ്പിള്‍ടിവിയിലും ഹീറോടോക്കീസ് ലഭ്യമാണ്. ആപ്പിള്‍ അതിന്റെ SDK പുറത്തുവിട്ട് കേവലം 28 ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്ലെയര്‍ ആപ്പിള്‍ ടിവിയിലെത്തിക്കാനായതും ഈ ചെറിയ വലിയ ടീം വലിയ നേട്ടമായാണ് കാണുന്നത്.

തങ്ങള്‍ നേരിടാന്‍പോകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പൈറസി ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അതിനെതിരെയും പ്രതിരോധ വന്‍മതില്‍ തീര്‍ത്തു. ഹീറോടോക്കീസ് കസ്റ്റമര്‍മാര്‍ക്ക് ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി തീരുകയായിരുന്നു. അതുകൊണ്ടാണ് യപ്ടീവി (YuppTV) ഈ വര്‍ഷം ഹീറോടോക്കീസിനെ വാങ്ങിയത്.

ഹീറോടോക്കീസ് യപ്ടീവിയുടെ ഭാഗമായെങ്കിലും ആദിത്യനും പ്രദീപും മറ്റു ചിലരും ചേര്‍ന്ന് ലോകത്തിന്റെ ഒരു മൂലയ്ക്കിരുന്നു സൃഷ്ടിച്ച ആ സ്റ്റാര്‍ട്ട്-അപ് കമ്പനി കൈവരിച്ച നേട്ടങ്ങള്‍ മാഞ്ഞു പോകുന്നില്ല – മറിച്ച് സ്റ്റാർട്ടപ്പുകൾക്ക് ഒരു മാതൃകയും പാഠവുമാണ് ഇവരുടെ ഈ നേട്ടം. 

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ‌ ആദിത്യനും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2018 ആദിത്യന്‍ വി.എസും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം കൊച്ചിയിൽ നവംബര്‍ 24 നാണ് നടക്കുന്നത്. 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. ‘റീബിൽഡ്, റീഗെയ്ൻ, റീടെയ്ൻ’ എന്നതാണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ഡിജിറ്റൽ സംഗമത്തിന്റെ ആശയം. പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയിലെ ഗൗരവവിഷയങ്ങൾ 'ടെക്സ്പെക്റ്റേഷന്‍സ് 2018 ലെ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

784x410

ധനകാര്യസേവന സ്ഥാപനമായ ജിയോജിത് (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്) ആണ് 'ടെക്സ്പെക്റ്റേഷന്‍സ് 2018 ന്റെ  ടൈറ്റിൽ സ്പോൺസർ. ഓൺലൈൻ വഴിയുള്ള ഓഹരി കച്ചവട സേവങ്ങൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ എന്നിവ പ്രദാനം ചെയ്യുന്ന ജിയോജിത്ത്, സാമ്പത്തിക സേവന രംഗത്തെ ഇന്ത്യയിലെ മുൻ നിരയിലുള്ള കമ്പനിയാണ്.  ഓഹരികൾ, ഡെറിവേറ്റീവ്സ്, കറൻസി ഫ്യൂച്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നീ മേഖലകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ ജിയോജിത് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

related stories