Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്ക വിളിച്ചിട്ടും അവർ പറഞ്ഞു കേരളം മതി, അനുഭവയുടേത് വേറിട്ട അനുഭവം

anubha-sinha

കൊച്ചി ∙ കലിഫോർണിയ ആസ്ഥാനമായ അഡ്വാൻസ് ഇമേജിങ് സൊസൈറ്റിയുടെ (എഐഐസ്) ഈ വർഷത്തെ ടെക്നോളജി ഇന്നവേഷൻ അവാർഡ് ജേതാക്കളിൽ കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപകയുമുണ്ട്. 5 വർഷമായി കേരളത്തിൽ റെയ്സ് 3ഡി എന്ന കമ്പനി നടത്തുന്ന മുംബൈ സ്വദേശി, ഇരുപത്താറുകാരിയായ അനുഭ സിൻഹ.

എഐഐസ് ടെക്നോളജി അവാർഡ് ജേതാക്കളുടെ പട്ടിക പരിശോധിക്കുമ്പോൾ മനസ്സിലാകും, കേരളത്തിലേക്ക് അനുഭ കൊണ്ടുവന്നത് എത്ര വലിയ നേട്ടമാണെന്ന്.... ആപ്പിൾ, ഐബിഎം, ഡ്രീംവർക്സ് ആനിമേഷൻ, ഗൂഗിൾ വിആർ, സിസ്കോ തുടങ്ങിയ കമ്പനികളാണ് റെയ്സ് 3ഡിക്ക് ഒപ്പമുള്ളത്. എഐഎസ് ടെക്നോളജി അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യൻ കമ്പനിയും അനുഭയുടെ റെയ്സ് 3ഡി തന്നെ. ഓട്ടോസ്റ്റീരിയോസ്കോപിക് പ്ലാറ്റ്ഫോമിൽ 2ഡി ദൃശ്യങ്ങളെ 3ഡി ദൃശ്യങ്ങളാക്കി മാറ്റുന്ന റെയ്സ് 3ഡിയുടെ വൗ 3ഡി സ്ക്രീൻ ഗാർഡിനും മറ്റ് 3ഡി ഉൽപന്നങ്ങൾക്കുമാണ് അംഗീകാരം ലഭിച്ചത്.

ഗ്ലാസ് ധരിക്കാതെ തന്നെ മൊബൈൽ ഫോണിനെ ഒരു 3ഡി ഉപകരണമാക്കി മാറ്റുന്ന സ്ക്രീൻ ഗാർഡാണ് വൗ 3ഡി.  2ഡി സിനിമകളെ 3ഡിയിലേക്കു മാറ്റുന്നുമുണ്ട്. രജനീകാന്ത് നായകനായ 2.O ആണ് റെയ്സ് 3ഡിയുടെ ഇനി വരാനുള്ള 3ഡി സിനിമ. പുലിമുരുകൻ 3ഡി നിർമിച്ചതും കേരളത്തിൽ നിന്നുള്ള ഈ സ്റ്റാർട്ടപ് കമ്പനിയായിരുന്നു. 2.O യുടെ ഓഡിയോ അവതരണ വേദിയിൽ യുകെ ആസ്ഥാനമായ ലൈക പ്രൊഡക്‌ഷൻസ് വൗ 3ഡി ഗ്ലാസിന്റെ ലോഞ്ചിങ് നിർവഹിച്ചു.

കേരളം മതി

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി പല സംരംഭകരും കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു വണ്ടി കയറുന്ന കാലത്താണ് അനുഭ കേരളത്തിലെത്തുന്നത്. പക്ഷേ, സംരംഭം തുടങ്ങാൻ ഏറ്റവും നല്ല സംസ്ഥാനം കേരളമാണെന്നാണ് അനുഭയുടെ അനുഭവം. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അതിവേഗ  കണക്ടിവിറ്റിയുണ്ടെങ്കിലും നഗരപരിധി കഴിഞ്ഞാൽ സ്ഥിതി മാറും. 

എന്നാൽ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം അതിവേഗ ഇന്റർനെറ്റും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കഴിവുള്ള, ജോലി ചെയ്യാൻ മനസ്സുള്ള യുവാക്കളുമുണ്ട്. കേരളത്തിൽ സംരംഭം തുടങ്ങാനുള്ള കാരണം ഇവയൊക്കെയാണെന്ന് അനുഭ പറയുന്നു. സർക്കാരിൽ നിന്നു മികച്ച പിന്തുണയാണു ലഭിക്കുന്നത്. സർക്കാരിനു വേണ്ടിയും ചില പ്രോജക്ടുകൾ ചെയ്തു.

അമേരിക്ക വിളിക്കുന്നു...

അമേരിക്കയിൽ രണ്ട് ഓഫിസുകളുണ്ട്. കമ്പനി സിലിക്കൻ വാലിയിലേക്ക് മാറ്റണമെന്നു പല നിർദേശങ്ങളും ലഭിച്ചു. എത്ര വലിയ ടെക് ഉൽപന്നമായാലും മെയ്ഡ് ഇൻ ഇന്ത്യ എന്ന ടാഗ് ബാധിക്കുമെന്ന ഭീഷണികളും ഉണ്ടായി. പക്ഷേ, കേരളമോ ഇന്ത്യയോ വിടാൻ തൽക്കാലം അനുഭയ്ക്കു ഉദ്ദേശ്യമില്ല. ഇന്ത്യൻ ടെക്നോളജികൾക്കു പിന്നാലെ ലോകം പായുന്ന കാലം വിദൂരമല്ലെന്നാണ് അനുഭയുടെ പക്ഷം. 

13–ാം വയസ്സിൽ സംരംഭക

പതിമൂന്നാം വയസ്സിൽ തന്നെ അനുഭ പ്രോഗ്രാമറായി. പ്രോഗ്രാമിങ്ങും കോഡിങ്ങുമൊക്കെ സ്വയം പഠിച്ചു. 3ഡി പ്രിന്റുകൾ തയാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇമേജിങ് ടെക്നോളജിയിലായിരുന്നു ചെറുപ്പം മുതൽ താൽപര്യം. വീട്ടുകാരൊക്കെ ആദ്യം എതിർത്തു. പക്ഷേ, 3ഡി പ്രിന്റ് ചെയ്ത കൂറ്റൻ ബിൽ ബോർഡുകൾ മുംബൈ നഗരത്തിൽ ഉയർന്നതു കണ്ടപ്പോൾ മാതാപിതാക്കളുടെ എതി‍ർപ്പു മാറി. നല്ല വരുമാനവും ലഭിച്ചു. ഇപ്പോൾ 3ഡി പ്രിന്റ് മേഖലയിൽ പെപ്സികോ, യൂണിലിവർ, റിലയൻസ് ഡിജിറ്റൽ, യാഷ് രാജ് ഫിലിംസ്, കാസ്റോൾ, വോഡഫോൺ, ജിഎസ്കെ, എയർടെൽ തുടങ്ങിയ കമ്പനികളൊക്കെ റെയ്സ് 3ഡിയുടെ ക്ലയന്റ്സാണ്. 

വൗ 3ഡി

ഗ്ലാസ് വെക്കാതെ 3ഡി ദൃശ്യാനുഭവം മൊബൈലിൽ ലഭ്യമാക്കുന്ന ഉൽപന്നമാണ് വൗ 3ഡി സ്ക്രീൻ ഗാർഡ്. 1999 രൂപയാണു വില. ഓൺലൈനായി പ്രീബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സ്ക്രീൻഗാർഡ് ഇൻസ്റ്റോൾ ചെയ്താൽ ക്യുആർ കോഡിലൂടെ ത്രീഡി ആപ്പും ഫോണിൽ ലഭിക്കും. പ്രൈവസി സ്ക്രീൻ പ്രൊട്ടക്‌ഷൻ സംവിധാനമുണ്ട്. സ്ക്രീൻ ഗാർഡ് ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ ഫോൺ ക്യാമറയും ഓട്ടമാറ്റിക്കായി ത്രീഡി ക്യാമറയായി മാറും. ത്രീഡി ഇമേജ് ലഭ്യമാക്കാനുള്ള ഗൈഡിങ്ങും ഫോൺ നൽകും. ആപ്പിൾ ഫോണുകളിലാണ് ഇപ്പോൾ സേവനം ലഭ്യമാകുകയെങ്കിലും ഫെബ്രുവരിയോടെ ആൻഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങും. 

3ഡി ഫിലിം

2ഡി സിനിമകളെ 3ഡിയിലേക്കു മാറ്റുന്നതാണ് റെയ്സ് 3ഡിയുടെ മറ്റൊരു ബിസിനസ്. ഹോളിവുഡ്, ബോളിവുഡ്  ഉൾപ്പെടെ ആകെ 39 ചിത്രങ്ങൾ 3ഡിയിലേക്കു മാറ്റിയിട്ടുണ്ട്. ഷോലെ സിനിമയുടെ വരെ 3ഡി പതിപ്പ് ഇറക്കി. മലയാളത്തിൽ പുലിമുരുകന്റെ 3ഡി റിലീസ് വലിയ നേട്ടമുണ്ടാക്കി. 

3ഡി ടെക് വിദ്യാഭ്യാസ മേഖലയിലും

വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾക്കായി ഒട്ടേറെ ഉൽപന്നങ്ങളും പ്രോഗ്രാമുകളും കമ്പനിക്കുണ്ട്. ഇ–റോട്ടോസ്കോപ്പി എന്ന റെയ്സ് 3ഡിയുടെ വിദ്യാഭ്യാസ വിഭാഗത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. ഓട്ടിസം വിദ്യാർഥികൾക്കുള്ള പ്രത്യേക ലേണിങ് പ്രോഗ്രാമുകൾ ഇപ്പോൾ വിആർ, 3ഡി ഫോർമാറ്റുകളിൽ ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിലേക്കും റെയ്സ് 3ഡി കടന്നിട്ടുണ്ട്. 360 ഡിഗ്രി 3ഡി കാഴ്ച സാധ്യമാക്കുന്ന സാങ്കേതികവിദ്യ ശസ്ത്രക്രിയയിലും മറ്റും വളരെയേറെ പ്രയോജനകരമാണ്.