Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നിൽ വൻ ദുരന്തം, പൈലറ്റ് ചോദിച്ചു, ‘വിമാനം കടലിൽ താഴ്ത്തട്ടെ’

Air_Astana

നവംബർ11, കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കസാക്കിസ്ഥാന്റെ ദേശീയ എയര്‍ലൈന്‍സ് എയര്‍ അസ്താനയുടെ യാത്രാ വിമാനത്തിന് വഴിതെറ്റി. നിയന്ത്രണം വിട്ട വിമാനം പോർച്ചുഗൽ വ്യോമപരിധിയിൽ ഒരു മണിക്കൂറോളം പറന്നു. പൈലറ്റും സഹ പൈലറ്റും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിമാനം നിയന്ത്രത്തിൽ കൊണ്ടുവരാൻ പാടുപെട്ടു. അവസാനം പൈലറ്റുമാരുടെ കഴിവുമുഴുവന്‍ പുറത്തെടുത്ത് വിമാനം ലാൻഡ് ചെയ്തു. എന്തായിരുന്നു സംഭവിച്ചത്?

അൽവെർക എയർ ബേസിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഇആർജെ 190 വിമാനം എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നത്. നൂറ് യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ ആ സമയത്ത് ആറ് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എയർ അസ്താന അറിയിച്ചു. താഴെ നിന്നുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതോടെ വിമാനം താഴ്ന്നും പൊങ്ങിയും പറക്കാൻ തുടങ്ങി. ഫ്ലൈറ്റ്റഡാർ ഗ്രാഫുകളിൽ ഇത് വ്യക്തമായി കാണാം. 

ടേക്ക് ഓഫ് ചെയ്ത ഉടനെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. ഇതോടെ വിമാനം മുകളിലേക്കും താഴേക്കുമായി ലിസ്ബണു മുകളിൽ നിയന്ത്രണം വിട്ടു പറന്നു. വിമാനത്തിലെ എല്ലാ കൺട്രോൾ സംവിധാനങ്ങളും പരീക്ഷിച്ചുനോക്കി. ഇതിനിടെ നിരവധി തവണ സഹായം തേടി എയർ ട്രോഫിക് കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചെങ്കിലും പലപ്പോഴും ബന്ധം നഷ്ടപ്പെട്ടു.

Air-Astana-

നിയന്ത്രണം വിട്ട വിമാനത്തെ തിരിച്ചുകൊണ്ടുവരാൻ പോര്‍ചുഗലിന്റെ രണ്ട് എഫ്16 പോർവിമാനങ്ങളാണ് അകമ്പടി പോയത്. നിയന്ത്രണം വിട്ട വിമാനം തകർന്നുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ കടലിൽ താഴ്ത്തിയാലോ എന്നുവരെ പൈലറ്റുമാർ ചോദിക്കുന്നുണ്ട്. എന്നാൽ പോർച്ചുഗല്‍ വ്യോമസേനയുടെ എഫ്–16 പോർവിമാനങ്ങളെത്തി രക്ഷിക്കുകയായിരുന്നു. കേവലം അഞ്ചു വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളാണ് പണിമുടക്കിയത്.

വിമാനത്തിന്റെ ക്രമം തെറ്റിയുള്ള പറക്കല്‍ അടയാളപ്പെടുത്തിയതു കണ്ട് സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ഉത്കണ്ഠയും രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങൾ ട്രാക് ചെയ്യുന്ന ഫ്‌ളൈറ്റ് റഡാര്‍24 (FlightRadar24) ആണ് വിമാനത്തിന്റെ ചലനങ്ങള്‍ രേഖപ്പെടുത്തി പുറത്തുവിട്ടത്. ശരിക്കും നരകത്തില്‍ നിന്നുള്ള പറക്കല്‍ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. കൺ‌ട്രോള്‍ റൂമുമായുള്ള ആശയവിനിമയത്തിനിടെ വിമാനം കടലില്‍ താഴ്ത്തിയാലോ എന്നു നിരവധി തവണ പൈലറ്റുമാർ ചോദിക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഏകദേശം ഒന്നര മണിക്കൂറാണ് നിയന്ത്രണം വിട്ട വിമാനം ആകാശത്ത് ഭീതി പരത്തി പറന്നത്. അതിവേഗം നിയന്ത്രണത്തില്‍ വരികയും അങ്ങനെ തന്നെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ചയായിരുന്നു ട്രോഫിക് കണ്‍ട്രോൾ റൂമിലിരിക്കുന്നവർക്കും പൈലറ്റുമാർക്കും കാണാനായത്. അവസാനം ബെജാ എയര്‍പോര്‍ട്ടിലെ (Beja Airport) അധികം ഉപയോഗിക്കപ്പെടാതെ കിടന്ന റണ്‍വേയില്‍ വിമാനം ലാൻഡ് ചെയ്തപ്പോഴാണ് പൈലറ്റുമാർക്കും സഹപ്രവര്‍ത്തകര്‍ക്കും ശ്വാസം നേരെ വീണത്.

വിമാന നിയന്ത്രണ സംവിധാനത്തില്‍ വന്ന തകരാറ് അതിജീവിച്ച പൈലറ്റുമാര്‍ക്ക് അഭിനന്ദനമെന്നാണ് ഒരാള്‍ ട്വിറ്ററിൽ പ്രതികരിച്ചത്. അത്യുജ്വലമായ രീതിയിലാണ് പൈലറ്റുമാര്‍ സാഹചര്യം തരണം ചെയ്തതെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായി കൊണ്ടുപോയ വിമാനമാണ് നിയന്ത്രണം വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതികത്തകരാറുമൂലം വിമാനം മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറക്കേണ്ടിവന്നുവെന്നാണ് എയര്‍ അസ്താന അധികൃതർ പറയുന്നത്. വിമാനത്തിലെ ജീവനക്കാരില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് പോര്‍ചുഗീസ് എയര്‍ഫോഴ്‌സിലെ ലെഫ്റ്റനന്റ് ജനറല്‍ മാന്യുവല്‍ കോസ്റ്റയും സ്ഥിരീകരിച്ചു. അതേസമയം, ഒന്നിലേറെ തവണ ശ്രമിച്ചതിനു ശേഷമാണ് വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് നിയന്ത്രണം നഷ്ടപ്പെട്ട ഇന്തൊനീഷ്യയുടെ ലയൺ എയർ വിമാനം കടലിൽ തകർന്നു വീണത്.

related stories