Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിന് തിരിച്ചടി, ആപ്പിളിനെ പിന്തള്ളി മൈക്രോസോഫ്റ്റ് ഒന്നാമത്

tim-cook-bill-gates

ആപ്പിളിന്റെ 300 ബില്ല്യന്‍ ഡോളര്‍ തകര്‍ച്ചയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന സ്ഥാനവും നഷ്ടമായി. ആപ്പിളിന്റെ പതനത്തോടെ നേരിയ ലീഡ് കിട്ടിയ മൈക്രോസോഫ്റ്റ് ഓഹരികളുടെ വില 0.6 ശതമാനം വര്‍ധിക്കുകയും ചെയ്തു. ചൊവ്വാഴ്ച ട്രേഡിങ് അവസാനിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ മൂല്യം 828.1 ബില്ല്യന്‍ ഡോളറായിരുന്നു. ആപ്പിളിനെക്കാള്‍ 1 ബില്ല്യന്‍ ഡോളര്‍ കൂടുതല്‍.

ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ലോക വിപണിയില്‍ പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിക്കാത്തതാണ് ആപ്പിളിന് ഓഹരി വിപണിയില്‍ തിരിച്ചടിയായത്. ലോകത്തെ ആദ്യ 1 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായതിനു ശേഷമാണ് ആപ്പിളിന്റെ പതനം. 2010നു ശേഷം മൈക്രോസോഫ്റ്റ് ആപ്പിളിനു മുന്നില്‍ കടന്നിട്ടില്ലെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്. അടുത്ത കാലത്തുണ്ടായ സ്റ്റോക്ക് വിപണി തകര്‍ച്ചയില്‍ പരിക്കു പറ്റാത്ത ടെക്‌നോളജി കമ്പനികളില്ല. എന്നാല്‍ ആപ്പിളിനും ആമസോണിനും നേരിട്ട തരം പതനം മൈക്രോസോഫ്റ്റിനുണ്ടായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യം താഴ്ന്നത് 6.3 ശതമാനമാണെങ്കില്‍ ആപ്പിളിന്റെ തകര്‍ച്ച 23 ശതമാനമാണ്.

നേരത്തെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്നത് മൈക്രോസോഫ്റ്റ് തന്നെയായിരുന്നു. പക്ഷേ, കംപ്യൂട്ടിങ് ഡെസ്‌ക്ടോപ്്, ലാപ്‌ടോപ്പുകളിൽ നിന്ന് മൊബൈല്‍ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മൈക്രോസോഫ്റ്റ് പിന്നോട്ടു പോകുകയായിരുന്നു. മൊബൈല്‍ വിപ്ലവം മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നതാണ് തന്റെ കമ്പനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവിയും സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് വിലപിച്ചിട്ടുണ്ട്. നോക്കിയ കമ്പനിയെ വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതും തിരിച്ചടിയാകുകയായിരുന്നു. 1990കളില്‍ ആപ്പിളിന് സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ സഹായിച്ചത് മൈക്രോസോഫ്റ്റ് ആയിരുന്നു.

മൊബൈല്‍ വിപ്ലവത്തില്‍ പങ്കാളിയാകാന്‍ സാധിച്ചില്ലെന്ന വിഷമവുമായി നിന്ന മൈക്രോസോഫ്റ്റിന് പിടിവള്ളിയായത് ക്ലൗഡ് കംപ്യൂട്ടിങ് ആയിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ വംശജനായ മേധാവി സത്യ നഡേലയുടെ നേതൃത്വത്തില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനും കോര്‍പറേറ്റ് കമ്പനികളുടെയും മറ്റും ഡേറ്റ സ്റ്റോറു ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വന്‍തോതില്‍ മുതല്‍ മുടക്കുകയുണ്ടായി. അതാണ് കമ്പനിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. തങ്ങളുടെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരുടെ ഡേറ്റ സ്റ്റോറു ചെയ്യാന്‍ മാത്രമല്ല ആപ്പിളടക്കമുള്ള കമ്പനികളുടെ ഉപയോക്താക്കള്‍ക്കായും ഡേറ്റാ സേവനം തുറന്നിട്ടാണ് കമ്പനി തിരിച്ചു കയറിയത്. സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തിയതും കമ്പനിക്കു ഗുണകരമായെന്നു കരുതുന്നവരും ഉണ്ട്.

ക്ലൗഡ് കംപ്യൂട്ടിങില്‍ മൈക്രോസോഫ്റ്റിനു മുന്നിലുള്ളത് ആമസോണ്‍ മാത്രമാണ്. കമ്പനിയെ വന്‍ പതനത്തില്‍ നിന്നു രക്ഷിച്ചു നിർത്തിയത് ഇതാണ്. മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് ആളുകള്‍ കുറച്ചത് ആപ്പിളിനു വിനയായെങ്കില്‍ ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ക്ഷീണം സമ്മാനിച്ചു.

iphone-xs

ആപ്പിള്‍ എങ്ങനെ തിരിച്ചു വരും?

വില്‍പ്പന കൂട്ടാനായി ആപ്പിള്‍ നേരത്തെ തുടങ്ങിയ തന്ത്രമാണ് ഗിവ്ബാക്ക് ( 'Apple GiveBack') എക്‌സ്‌ചേഞ്ച് പദ്ധതി. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ്, XR എന്നീ മോഡലുകള്‍ വാങ്ങുമ്പോള്‍ പഴയ ഐഫോണുകള്‍ നല്‍കിയാല്‍ 100 ഡോളര്‍ വരെ (ഏകദേശം 7,100 രൂപ) തിരിച്ചു നല്‍കും. വിൽപ്പന വർധിപ്പിക്കാനായി ഗിവ്ബാക് തുകയും ആപ്പിള്‍ ഉയർത്തി. ഇതിന്റെ പഴയ മോഡല്‍ വാങ്ങിയിട്ട് എത്ര കാലമായി, അതിന്റെ കണ്ടിഷന്‍ എന്താണ് തുടങ്ങിയവ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഈ സ്‌കീമില്‍ ഒരു ഐഫോണ്‍ 6ന് ലഭിക്കാവുന്ന പരമാവധി വില 150 ഡോളറായിരിക്കും. ഐഫോണ്‍ 6 പ്ലസ്/6s/പ്ലസ് മോഡലുകള്‍ക്ക് 200 ഡോളര്‍ നല്‍കുമെന്നാണ് അറിയുന്നത്. അതായത് നേരത്തെ നൽകിയിരുന്ന ഗിവ്ബാക് തുക ഇരട്ടിയാക്കി. അമേരിക്കയില്‍ അവതരിപ്പിച്ച സ്കീം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമോ എന്നും അറിയില്ല. പുതിയ സ്‌കീം ഐഫോണുകളിലുള്ള താത്പര്യം ഉണര്‍ത്തുമെന്ന് കമ്പനി കരുതുന്നു. തങ്ങളുടെ ചൈനീസ് ഐഫോണ്‍ നിര്‍മാതാക്കളോട് പ്രതീക്ഷിച്ചതിനെക്കാള്‍ 25 ശതമാനം കുറവു ഫോണുകളെ തങ്ങള്‍ നിര്‍മിക്കുന്നുളളുവെന്നു പറഞ്ഞതായി ചില വെബ്‌സൈറ്റുകള്‍ അവകാശപ്പെട്ടിരുന്നു.