Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഭവാർത്ത! ഐഫോണ്‍ ഇന്ത്യയിൽ നിരോധിക്കില്ല; ഡിഎന്‍ഡി ആപ് അനുവദിച്ച് ആപ്പിള്‍

iphone-x

ഐഫോണ്‍ ഉടമകള്‍ക്ക് ആശ്വസിക്കാം. മാസങ്ങള്‍ നീണ്ട ഭീഷണിക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ട്രായിയുടെ (Telecom Regulatory Authority of India's (TRAI) ഡിഎന്‍ഡി (ഡു നോട് ഡിസ്‌റ്റേര്‍ബ്) ആപ് ആപ്പിളിന്റെ ആപ് സ്റ്റോറിലെത്തി. 2109 തുടക്കത്തിൽ തന്നെ ആപ് അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിരോധിക്കുമെന്നായിരുന്നു ട്രായി നടത്തിയിരുന്ന ഭീഷണി.

എന്താണ് പ്രശ്‌നം?

ട്രായിയുടെ ഡിഎന്‍ഡി ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2016 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. അതുപോലെ ഒന്ന് ഐഒഎസിലും ഇടണമെന്ന് ട്രായി ആവശ്യപ്പെട്ടെങ്കിലും ആപ്പിള്‍ സമ്മതിച്ചിരുന്നില്ല. ഉപയോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്ന കമ്പനിയെന്ന പേരുള്ള ആപ്പിള്‍ ട്രായിയുടെ ആപ്പിനെ അനുവദിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അനുവദിക്കുന്നതാണ് ട്രായിയുടെ ആപ് എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഡിഎന്‍ഡി ആപ്പിന് ഉപയോക്താവിന്റെ കോണ്‍ടാക്ട്‌സ് കാണണം, കൂടാതെ ടെക്‌സ്റ്റ് മെസേജുകളും കാണണം. അതു കണ്ടിട്ടു വേണം ആരെങ്കിലും സ്പാം മെസേജ് അയയ്ക്കുന്നുണ്ടോ എന്നു തീരുമാനിക്കാന്‍ എന്നാണ് ട്രായിയുടെ വാദം.

പക്ഷേ, ഇതു രണ്ടും അനുവദിക്കാനാകില്ല എന്നായിരുന്നു ആപ്പിള്‍ വാദിച്ചത്. ഉപയോക്താവിന്റെ ഡേറ്റ സംരക്ഷിക്കുമെന്ന തങ്ങളുടെ പോളിസിക്ക് എതിരാണ് ഇതു രണ്ടുമെന്ന് അവര്‍ വാദിച്ചു. മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഇത്തരം ആപ്പുകള്‍ അനുവദിക്കുന്നുണ്ട്. അവയാകട്ടെ ഉപയോക്താവിന്റെ ചെയ്തികള്‍ പതിയിരുന്ന് നിരീക്ഷിക്കുന്നതില്‍ കുപ്രസിദ്ധവുമാണ്. ഒരു ആപ്പിനെയും ബലമായി ടെക്സ്റ്റ് മെസേജ് വായിക്കാനോ, കോള്‍ ലോഗ് പരിശോധിക്കാനോ, കോണ്‍ടാക്ട്‌സ് അക്‌സസു ചെയ്യാനോ അനുവദിക്കാനാകില്ല എന്നതാണ് തങ്ങളുടെ പോളിസി. അത് ഡിഎന്‍ഡി ആപ്പിനു വേണ്ടി മാറ്റാനാവില്ല എന്നായിരുന്നു ആപ്പിള്‍ ട്രായിയെ അറിയിച്ചിരുന്നത്. പകരം ഐഒഎസ് 12.1ല്‍ ഒരു എക്‌സ്‌റ്റെന്‍ഷന്‍ സ്വന്തമായി നല്‍കാനും ആപ്പിള്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ട്രായി തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും അടുത്ത ആറു മാസത്തിനുള്ളില്‍ ഡിഎന്‍ഡി ആപ് ആപ്‌സ്‌റ്റോറില്‍ എത്തിക്കാനും ഉപയോക്താക്കളെക്കൊണ്ട് ഇന്‍സ്‌റ്റാള്‍ ചെയ്യിക്കാനും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇന്ത്യയിലെ ഫോണ്‍ ലൈനുകളിലേക്ക് കടക്കാന്‍ ഐഫോണുകളെ അനുവദിക്കില്ല എന്നായിരുന്നു 2018 ജൂലൈയില്‍ ട്രായി നടത്തിയ ഭീഷണി.

ഇപ്പോള്‍ ലഭ്യമാക്കി

ഇപ്പോള്‍ ട്രായിയുടെ ഡിഎന്‍ഡി ആപ്, 'TRAI DND – Do Not Disturb' എന്ന പേരില്‍ ആപ്പിളിന്റെ ആപ്‌സ്റ്റോറില്‍ എത്തിയിട്ടുണ്ട്. സ്പാം കോളുകളും, മെസേജുകളും വന്നാല്‍ അത് ഉപയോക്താവിന്റെ ടെലികോം സേവനദാദാവിനെ അറിയിക്കുകയാണ് ചെയ്യുന്നത്. ആപ്പിളിന്റെ ആവശ്യപ്രകാരം തങ്ങളുടെ ആപ്പിന് ട്രായി മാറ്റം വരുത്തിയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ആപ്പിന്റെ പബ്‌ളിഷറായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്. ആപ്പിന് 9.1 MB ആണുള്ളത്. ഏറ്റവും പുതിയ ഐഒഎസ് 12.1 മുതലുള്ള ഉപകരണങ്ങളിലെ പ്രവർത്തിക്കൂ.

iPhone-x-3

ട്രായിയുടെ ഡിഎന്‍ഡി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഫീച്ചര്‍ ആക്ടിവേറ്റു ചെയ്യപ്പെടാന്‍ ഏഴു ദിവസം വരെ കാത്തിരിക്കേണ്ടി വരാം. ആദ്യം ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഡിഎന്‍ഡി ഫീച്ചര്‍ വരുന്ന കാലത്ത് ആപ്പിലൂടെയായിരുന്നില്ല ആക്ടിവേറ്റു ചെയ്തിരുന്നത്. എന്തായാലും ആപ്പിള്‍ സ്വന്തമായി കൊണ്ടുവന്ന ഡിഎന്‍ഡി മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.