Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ തിരിച്ചടിയിൽ പേടിച്ചവർ കാണാതെ പോയതെന്ത്?

apple-tim-cook

കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നേരിട്ട വന്‍ തിരിച്ചടിയില്‍ നിന്ന് ആപ്പിള്‍ എളുപ്പം തിരിച്ചു കയറുമോ? അത്തരമൊരു സാധ്യത നിലനില്‍ക്കുന്നുവെന്നും കമ്പനിയെപ്പറ്റി യാതൊരു പരിഭ്രാന്തിക്കും കാരണമില്ലെന്നും ഉറച്ചു വിശ്വസിക്കുന്നവരുണ്ട്. കാരണങ്ങള്‍ പരിശോധിക്കാം. 

ആദ്യം ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്താണെന്ന് നോക്കാം. ഐഫോണ്‍ വില്‍പ്പനയില്‍ വന്ന ഇടിവാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അതാണ് ആപ്പിളിന്റെ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നവരെ ഭയപ്പെടുത്തിയ മുഖ്യ കാരണം. ആപ്പിളിന്റെ ഓഹരി മൂല്യം ഇടിയുമെന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളും ഇതിന് ആക്കം കൂട്ടി.

ഓഹരിയുടമകളുടെ പരിഭ്രാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു തീരുമാനവും ആപ്പിളില്‍ നിന്നുണ്ടായി. ഇനിമേല്‍ തങ്ങള്‍ ഓരോ പാദത്തിലും വില്‍ക്കുന്ന ഐഫോണുകളുടെ എണ്ണം വെളിയില്‍ വിടില്ലെന്നു പറഞ്ഞതാണത്. ഇതിന്റെ അര്‍ഥം വേണ്ടത്ര ഫോണുകള്‍ വില്‍ക്കാനാകുന്നില്ല എന്നാണെന്ന് വായിച്ചെടുക്കുകയാണുണ്ടായത്.

ഈ കൂനിന്മേല്‍ വന്ന മറ്റൊരു കരുവാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും കൂടുതല്‍ ചുങ്കം ചുമത്തിയേക്കാം എന്നതാണത്. ഇതെല്ലാമാണ് 1 ട്രില്യന്‍ മൂല്യമുള്ള ആദ്യ കമ്പനിയിയി തീര്‍ന്ന ആപ്പിളിന്റെ പതനത്തിനു പിന്നിലെ പ്രധാന കാരണമന്നു പറയുന്നു.

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വരാന്‍ പോകുന്ന മാറ്റം ആപ്പിള്‍ മുന്നില്‍ കണ്ടിരുന്നോ?

2017ല്‍ തന്നെ സ്മാര്‍ട് ഫോണ്‍ വിപണി ഇനി മുന്നോട്ടു പോകില്ലെന്ന തോന്നല്‍ വരുത്തിയിരുന്നു. വര്‍ഷാവര്‍ഷം 'പുലി വരുന്നേ' എന്നു പറഞ്ഞ് അവതരിപ്പിക്കുന്ന ഫോണുകള്‍ ശരാശരി ഉപയോക്താക്കള്‍ക്ക് കാര്യമായ മാറ്റമൊന്നും സമ്മാനിക്കുന്നില്ലെന്ന് അവര്‍ മനസിലാക്കി. അതേത്തുടര്‍ന്ന് അപ്‌ഗ്രേഡിങ്, രണ്ടോ മൂന്നോ വര്‍ഷത്തിലൊന്നു മതി എന്നു തീരുമാനിച്ചവരുടെ എണ്ണം വര്‍ധിച്ചു. അതിലേറെ പക്വതയുള്ള തീരുമാനമെടുത്തവരുടെ എണ്ണവും കൂടി. തങ്ങള്‍ ഉപയോഗിക്കുന്ന ഫീച്ചറുകള്‍ വില കുറഞ്ഞ ഫോണുകളിലും ഇന്ന് ലഭ്യമാണ്. ഇതിനാല്‍ വില കൂടിയ ഫോണിന് കാശു കളയുന്നത് ഉചിതമല്ലെന്ന തീരുമാനവും സ്മാര്‍ട് ഫോണ്‍ വിപണിയെ ബാധിച്ച രണ്ടു പ്രധാന മാറ്റങ്ങളാണ്.

ആപ്പിള്‍ ഐഫോണുകള്‍ക്ക് ഈ വര്‍ഷം വില വര്‍ധിപ്പിച്ചത് ഇത് മുന്നില്‍ കണ്ടാണെന്നാണ് പറയുന്നത്. അതായത്, വില്‍ക്കുന്ന ഐഫോണുകളുടെ എണ്ണത്തിന്റെ കുഴിയെണ്ണാതെ വരുമാനത്തിന്റെ അപ്പം തിന്നാല്‍ മതിയെന്നു തീരുമാനിച്ചിരുന്നെങ്കില്‍ ഭയക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഒരു വാദം. മൂന്നോ, നാലോ തലമുറ കഴിഞ്ഞു മതി പുതിയ ഐഫോണ്‍ വാങ്ങല്‍ എന്ന് ഇനി ഉപയോക്താക്കള്‍ തീരുമാനിച്ചേക്കാമെന്നും പറയുന്നു. അതെ, പ്രതീക്ഷയ്‌ക്കൊത്തുയരാതെ ഐഫോണുകളുടെ വില്‍പ്പന അത്രമാത്രം നിരാശാജനകമാണ്. പക്ഷേ നേരത്തെ ലഭിച്ചിരുന്ന കാശ് ആപ്പിളിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്.

രണ്ടാമതായി‌ ആപ്പിള്‍ ഇപ്പോള്‍ ഒരു ഹാര്‍ഡ്‌വെയര്‍ മാത്രം വില്‍ക്കുന്ന കമ്പനിയല്ല. ആപ്പിള്‍ കെയര്‍ വാറന്റി, ഐക്ലൗഡ് സ്റ്റോറേജ്, ആപ്പിള്‍ മ്യൂസിക്, ആപ് വില്‍പ്പന അങ്ങനെ സോഫ്റ്റ്‌വെയര്‍ വില്‍പ്പന കുതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ആപ്പിളിന് ഇന്ന് ഏറ്റവും വളര്‍ച്ചയുള്ള ബിസിനസ് സോഫ്റ്റ്‌വെയര്‍ ആണ്. 24 ശതമാനം മുന്നേറ്റമുണ്ട് ഈ മേഖലയിൽ. ഐഫോണുകള്‍ വിറ്റു പോകുന്നത് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നാല്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാവു മാത്രമായി തീരും. തങ്ങളുടെ കമ്പനിയുടെ മൊത്തം പ്രകടനം വിലയിരുത്തിയാല്‍ മതി എന്ന തീരുമാനമാകാം വിറ്റു പോയ ഐഫോണുകളുടെ എണ്ണം വെളിപ്പെടുത്താത്തതിനു പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു. സര്‍വീസ് ബിസിനസില്‍ നിന്ന് ആപ്പിള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് 3700 കോടി ഡോളറാണ്. ഇത് 2020ല്‍ 5000 കോടി ഡോളറായി ഉയരുമെന്നാണ് കണക്കു കൂട്ടല്‍.

ഐഫോണ്‍ വില്‍പ്പന കുറഞ്ഞാലും സര്‍വീസുകളില്‍ നിന്നുള്ള വരുമാനം ഓരോ വര്‍ഷവും ഉയരുമെന്നതിനാല്‍ കമ്പനിക്ക് വലിയ കോട്ടമുണ്ടാകാതെ തന്നെ മുന്നോട്ടു നീങ്ങുമെന്നാണ് വാദം.