Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ കാശുള്ളവൻ വാങ്ങിയാല്‍ മതി, ഇന്ത്യയ്ക്കാരെ തള്ളി ആപ്പിൾ

iPhone

ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ എല്ലാക്കാലത്തും വിലക്കൂടുതലുള്ളവയായിരുന്നു. ആ ട്രെന്‍ഡ് ഇനിയും തുടരുകയും ചെയ്യും. ലോക സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ കാര്യമായി ലാഭമുണ്ടാക്കുന്നത് ആപ്പിള്‍ മാത്രമാണ്. 2015ല്‍ ലോക സ്മാര്‍ട്‌ ഫോണ്‍ വിപണിയിലെ ലാഭത്തിന്റെ 92 ശതമാനവും അവരുടെതായിരുന്നു. എന്നു പറഞ്ഞാല്‍ മറ്റു കമ്പനികള്‍ വെറുതെ ഫോണുണ്ടാക്കി വില്‍ക്കുന്നേയുള്ളൂ. ലാഭമൊന്നും അവരുടെ പെട്ടിയില്‍ വീഴുന്നില്ല. വില്‍പ്പനയില്‍ കുതിപ്പു കാണിക്കുന്ന പല നിര്‍മാതാക്കളും മുതല്‍മുടക്കു തിരിച്ചു പിടിക്കാന്‍ സാധിക്കാത്തവരാണ്.

ആപ്പിളിന് അര്‍പ്പണം ചെയ്ത ഒരു സംഘം ആരാധകരുണ്ട്. കമ്പനി ഉൽപ്പന്നങ്ങൾ ഇറക്കിയാല്‍ മതി. അതു വിറ്റു പൊയ്‌ക്കോളും. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളുടെ തുടക്ക കളക്‌ഷന്‍ പോലെയാണിതെന്ന് വേണമെങ്കില്‍ പറയാം. ആദ്യം മുതല്‍ കമ്പനി അനുവര്‍ത്തിച്ചു വന്ന നയങ്ങളിലൊന്ന് ഓരോ ഉൽപ്പന്നത്തിൽ നിന്നും പരമാവധി ലാഭമുണ്ടാക്കുക എന്നതാണ്. ആദ്യ ഐഫോണിന്റെ (തുടക്ക മോഡല്‍) വില 649 ഡോളറായിരുന്നു. എന്നാല്‍ അതിന്റെ ഹാര്‍ഡ്‌വെയര്‍ വില ഏകദേശം 170 ഡോളറായിരുന്നു. ബള്‍ക്ക് പര്‍ച്ചെയ്‌സിങ്ങിലൂടെ ഹാര്‍ഡ്‌വെയറിന്റെ വില വീണ്ടും താഴ്ന്നിട്ടുമുണ്ടാകാം. ഇതോടൊപ്പം മറ്റു ചിലവുകളും കൂടെ കൂട്ടി നോക്കുമ്പോള്‍ മനസ്സിലാകും കമ്പനി ഏകദേശം എന്തുമാത്രം ലാഭമാണ് ഉണ്ടാക്കുന്നതെന്ന്. ഇത് ഐഫോണിന്റെ കാര്യത്തില്‍ മാത്രമല്ല അവരുടെ ഏതു ഉൽപ്പന്നത്തിന്റെ കാര്യത്തിലും ശരിയാണ്. അവര്‍ ലാഭമുണ്ടാക്കാനാണ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. അവര്‍ അടുത്തകാലത്തെങ്ങും വിലയില്‍ കാര്യമായ വിട്ടുവീഴ്ച നടത്തിയിട്ടുമില്ല.

ചില വസ്തുതകള്‍ പരിശോധിക്കാം: കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ Xന്‌ ആപ്പിളിന്റെ നിലവാരം വച്ച് വില്‍പ്പന കുറവായിരുന്നു. ഏകദേശം ആറു കോടി മുപ്പതു ലക്ഷം എണ്ണമേ വിറ്റു പോയിട്ടുള്ളൂ! എന്നാല്‍ അതിനു വില കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുവരവും ലാഭവുമുണ്ടാക്കിയ ഫോണായി തീരുകയായിരുന്നു‍. ഈ ആറു കോടി മുപ്പതു ലക്ഷം പേരും പുതിയ ഐഫോണ്‍ Xs മാക്‌സ് മോഡലില്‍ തന്നെ കൈവയ്ക്കാന്‍ വെമ്പുന്നവരായിരിക്കുമെന്ന് ആപ്പിളിനറിയാം. ഇല്ലാത്തവര്‍ Xs മോഡലെങ്കിലും വാങ്ങും. XR എങ്കിലും വാങ്ങാന്‍ ശേഷിയില്ലാത്തവനെ വിട്ടുകളയാമെന്നാണ് അവരുടെ ചിന്ത.

ഐഫോണുകള്‍ക്ക് ഏറ്റവുമധികം വില ഉയര്‍ന്നിരിക്കുന്നത് ഈ വര്‍ഷമാണെന്നും കാണാം. ഇന്ത്യയിലെ ശരാശരി സ്മാര്‍ട് ഫോണ്‍ ഉപയോക്താവില്‍ നിന്ന് ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ കൈയ്യെത്താ ദൂരത്താണെന്ന് പറയാം. ഐഫോണ്‍ അവതരണം കഴിഞ്ഞപ്പോള്‍ ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ മനു ജെയിന്‍ എയ്ത ഒരു വാചകം അതിലെ പ്രാസം കൊണ്ടും നര്‍മ്മം കൊണ്ടും മികച്ചതായിരുന്നു ‘ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കൂ, എംഐ (ഷവോമി) അല്ലെങ്കില്‍ ഇഎംഐ 'Choose wisely– MI (Xiaomi) or EMI', എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. തന്റെ ട്വിറ്റര്‍ ഫോളവേഴ്സിൽ ഒരാള്‍ ഈ വര്‍ഷത്തെ ഐഫോണ്‍ XS മാകസ് (512GB) വാങ്ങണമെങ്കില്‍ ഒരു മാസം 12,075 രൂപ ഇഎംഐ ആയി അടയ്ക്കണമെന്നു ചൂണ്ടക്കാണിച്ചപ്പോഴാണ് അദ്ദേഹം തന്റെ ക്ലാസിക് മറുപടി എയ്തത്. ഈ മോഡലിന്റെ എംആര്‍പി 144,900 രൂപയാണ്. ഐഫോണ്‍ XSന്റെ 512GB വേര്‍ഷനും നല്‍കണം 134,900 രൂപ. ഏറ്റവും കുറഞ്ഞ മോഡലായ ഐഫോണ്‍ XRന്റെ തുടക്ക വിലയാകട്ടെ 76,900 രൂപയാണെന്നും കാണാം.

ലോകത്തെ ആദ്യത്തെ 1 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായ ആപ്പിളിന്റെ സന്ദേശം സുവ്യക്തമാണ്. പുതിയ ഫോണ്‍ വേണമെങ്കില്‍ കൂടുതല്‍ പൈസ നല്‍കണം. ഇല്ലെങ്കില്‍ പഴയ മോഡലുകള്‍ക്ക് അല്‍പ്പം വില കുറച്ചിട്ടുണ്ട്. അതൊക്കെ വാങ്ങി 'അഡ്ജസ്റ്റ്' ചെയ്യുക.

ഐഫോണ്‍ Xന്റെ വിറ്റുവരവു കണ്ടല്ലോ. ഇതില്‍ എത്ര ശതമാനമാണ് ഇന്ത്യയ്ക്കാരുടെ സംഭാവന എന്നറിയാമോ? ഒരു ശതമാനം! ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയെക്കുറിച്ച് തൽക്കാലം ആപ്പിള്‍ ഗൗനിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു തന്നെ വേണം കരുതാന്‍. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വില കുറച്ചു വില്‍ക്കാനുള്ള ശ്രമങ്ങളും ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നു കാണാം. (ഒരു പക്ഷേ, ഇപ്പോഴത്തെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലായ (ഔദ്യോഗികമായി) ഐഫോണ്‍ 6s ഇവിടെ നിര്‍മിച്ചു വിറ്റേക്കാം.)

തങ്ങളുടെ പ്രധാന വിപണികളായ 10 രാജ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബിസിനസ് ഉണര്‍വ്വോടെ മുന്നോട്ടു പോകുമെന്ന് ആപ്പിളിനറിയാം. ഈ രാജ്യങ്ങളില്‍ കമ്പനിയോടു ഭക്തി പുലര്‍ത്തുന്ന ആരാധകരുണ്ട്. ഇന്ത്യയില്‍ ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ആപ്പിള്‍ ഇറങ്ങുക എന്നു പറയുന്നത് ബ്രസീല്‍ ബംഗ്ലാദേശിനോട് ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങുന്നതു പോലെയായിരിക്കും. ഇന്ത്യയില്‍ ഇപ്പോഴുള്ള ഐഫോണ്‍ ഉപയോക്താക്കളും പുതിയ ഫോണുകള്‍ക്കായി പൈസ ചെലവാക്കിയേക്കാം. കാരണം അതൊരു സ്റ്റാറ്റസ് സിംബലായി തീര്‍ന്നിരിക്കുകയാണല്ലോ. നന്നെ പഴയ മോഡല്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡു ചെയ്യാനായി ഐഫോണ്‍ 6s/6s പ്ലസ്, 7/7 പ്ലസ്, 8/8s പ്ലസ് എന്നീ മോഡലുകള്‍ കൂടുതല്‍ പ്രാപ്യമാക്കിയിട്ടുമുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചിരുന്ന ഏക മോഡല്‍ ഐഫോണായ SEയുടെ അന്ത്യം കുറിക്കുകയും ചെയ്തു.

ഐഫോണ്‍ ഉടമകളെക്കാള്‍, വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതലാണെന്നാണ് മാര്‍ക്കറ്റ് ഗവേഷകര്‍ പറയുന്നത്. ഇവര്‍ക്ക് തൽകാലം വേണമെങ്കില്‍ പഴയ മോഡലുകളെ ആശ്രയിക്കാനെ സാധിക്കൂ. പക്ഷേ, ഇതിലൂടെയും ആപ്പിള്‍ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. ഐഫോണ്‍ 7 ആയിരിക്കാം ഇന്ത്യയില്‍ ഇനി കൂടുതല്‍ ആപ്പിള്‍ പ്രേമികള്‍ വാങ്ങാന്‍ സാധ്യതയുള്ള മോഡലെന്നും ചിലര്‍ പറയുന്നു.

ആപ്പിള്‍ കൂടുതല്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കുമെന്നാണ് പറയുന്നത്. ഇതാകട്ടെ, സാംസങ്ങിന്റെയും മറ്റും മുന്‍നിര ഫോണുകള്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാനായിരിക്കും. 'എക്‌സ്പീരിയന്‍സ് സെന്ററുകള്‍'' വരുന്നതോടെ മറ്റു കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം സെന്ററുകളിലെത്തി ഐഫോണ്‍ ഉപയോഗിച്ചു നോക്കി തനിക്കു വേണ്ടതാണോ അല്ലയോ എന്ന് ബോധ്യപ്പെടാം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആപ്പിള്‍ മേധാവിയായി ചുമതലയേറ്റ മൈക്കിള്‍ (Michel Coulomb)ന്റെ കടുംപിടുത്തവും ആപ്പിള്‍ ആരാധകര്‍ക്കു വിനയാകുകയാണ്. ഓണ്‍ലൈന്‍ സ്റ്റോറുകളിലെ ഐഫോണ്‍ വില്‍പ്പനക്കാര്‍ തങ്ങളുടെ ലാഭം നഷ്ടമാക്കി ഐഫോണുകളുടെ വിലയിടിച്ചു വില്‍ക്കാന്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ക്കും അദ്ദേഹം തടയിട്ടു. അങ്ങനെ വിലയിടിക്കാനുള്ളവയല്ല ഐഫോണ്‍ എന്ന നിലപാടാണ് അദ്ദേഹത്തിന്.

സർക്കാരില്‍ നിന്ന് ആപ്പിള്‍ നികുതിയിളവടക്കം പല ഇന്‍സെന്റീവുകളും ചോദിച്ചിരുന്നു. ഇവയൊന്നും ഇതുവരെ ലഭിച്ചില്ലെന്നതും ആപ്പിള്‍ ഇന്ത്യന്‍ വപിണിയെ അവഗണിക്കാനുള്ള കാരണങ്ങളില്‍ ഒന്നായിരിക്കാം. ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാന്‍ സർക്കാർ ആപ്പിളിന് ചിലപ്പോള്‍ ഇളവു നല്‍കിയേക്കാം. ഇല്ലെങ്കില്‍ രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഐഫോണുകളുടെ വില അകന്നകന്നു പോയിക്കൊണ്ടിരിക്കും. (ഐഫോണ്‍ 6 ആയിരിക്കും ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള മോഡല്‍.) പുതിയ വിലയിടലിലൂടെ ആപ്പിള്‍ മേധാവി ഒരു കാര്യം വ്യക്തമാക്കിയിരുന്നു, ഐഫോണുകള്‍ ഫെറാറി ആണ്. വേണമെങ്കില്‍ കൂടുതല്‍ പൈസ മുടക്കണം.