Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ കീഴടക്കി പ്രിയാവാര്യർ; സണ്ണി ലിയോൺ ലിസ്റ്റിൽ ഇല്ല, സൽമാൻ ഖാൻ ഏഴാമത്

priya-warrier

2018ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ അന്വേഷിച്ച ഇന്ത്യൻ സെലിബ്രിറ്റി ആരായിരിക്കും? സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഐശ്വര്യ റായ്... ഒന്നുമല്ല. എല്ലാവരെയും കീഴടക്കി മലയാളി താരം പ്രിയാ പ്രകാശ് വാര്യർ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗൂഗിൾ സേർച്ചിങ് ട്രന്റ്, പേഴ്സണാലിറ്റി വിഭാഗത്തിൽ പ്രിയ പ്രകാശ് വാര്യറാണ് മുന്നിൽ. ഇത് ആദ്യമായാണ് ഒരു മലയാളി നടി ഗൂഗിൾ സേർച്ച് ട്രന്റിങ്ങിൽ ഒന്നാമതെത്തുന്നത്.

പട്ടികയിൽ പല ബോളിവുഡ് താരങ്ങളും പ്രിയയ്ക്ക് താഴെയാണ്. പത്ത് പേരുടെ പട്ടികയിൽ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്തും സൽമാൻ ഖാൻ ഏഴാം സ്ഥാനത്തുമാണ്. പ്രിയങ്ക ചോപ്രയുടെ വരൻ നിക് ജൊനാസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്കാർ ഒന്നടങ്കം പ്രിയാവാര്യറെ തിരഞ്ഞുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം, ഗൂഗിൾ സേർച്ച് ട്രന്റിങ്ങിൽ മുന്നിൽ നിന്നിരുന്ന സണ്ണി ലിയോണിനെ പട്ടികയിൽ കാണുന്നില്ല.

ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യർ ഇൻസ്റ്റഗ്രമിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗിനെയും മറികടന്ന നേട്ടം വരെ കൈവരിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രമിൽ സക്കർബർഗിന് 40 ലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രിയയ്ക്ക് 45 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ചകൊണ്ട് ലഭിച്ചത്.

പ്രിയ ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.

പ്രിയയെ തേടി മറ്റൊരു റെക്കോർഡ് കൂടിയെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരാഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടവും പ്രിയ സ്വന്തമാക്കിയിരുന്നു. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഇൗ നേട്ടം കരസ്ഥമാക്കിയത്.

സണ്ണി ലിയോണിനെ പിന്നിലാക്കി ഗൂഗിളിൽ ഒന്നാമതെത്തിയ പ്രിയ, ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും വരെ തോൽപിച്ചിരുന്നു. ബോളിവുഡ് സുന്ദരിമാർക്ക് മാത്രം ലഭിച്ചിട്ടുള്ള പട്ടം ഒറ്റ സിനിമയിൽ പോലും അഭിനയിക്കാതെ പ്രിയ നേടിയെടുത്തു. ഇൻസ്റ്റാഗ്രമിലെ നേട്ടത്തിനു പിന്നാലെയാണ് ഗൂഗിൾ നേട്ടവും.