Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വര്‍ഷം സ്മാർട് ഫോൺ ഉപയോഗിക്കാതിരുന്നാൽ 72 ലക്ഷം രൂപ സമ്മാനം

smartphone

ഒരു വർഷം സ്മാർട് ഫോൺ ഉപയോഗിക്കാതിരുന്നാൽ 100,000 ഡോളർ (ഏകദേശം 72 ലക്ഷം രൂപ) സമ്മാനം. കൊക്കകോളയുടെ സഹോദരസ്ഥാപനമായ വിറ്റാമിൻവാട്ടർ ആണ് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരുതരം മത്സരവുമായി രംഗത്തെത്തിയിട്ടുള്ളത്. സ്കോൾ ഫ്രീ ഫോർ എ ഇയർ എന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അവരുടെ മത്സരത്തിനു നൽകിയിട്ടുള്ള പേര്. സ്മാർട് ഫോൺ ഇല്ലാതെ ഒരു വർഷം ഏതുരീതിയിലാണ് ചിലവിടാൻ പോകുന്നതെന്ന് ക്രിയാത്മകമായി ട്വീറ്റിലൂടെയോ ഇൻസ്റ്റാഗ്രാമിലൂടെയോ അവതരിപ്പിക്കുന്നവരിൽ നിന്നുമാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായവരെ ഷോർട് ലിസ്റ്റ് പോസ്റ്റുകൾക്കൊപ്പം #NoPhoneforaYear, #contest എന്നീ ഹാഷ്‍ടാഗുകളും ചേർക്കണം. 

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗത്തിൽ വിലക്കുണ്ടാകില്ല. 1996കളിലെ ഒരു ഫോൺ ഇവർക്ക് മത്സരകാലയളവിൽ ഉപയോഗിക്കാം. ഇന്‍റർനെറ്റ് കണക്‌ഷനില്ലാത്ത ഒരു ഫീച്ചർ ഫോണാകും മിക്കവാരും നൽകുക. ഒരു ഡെസ്ക്ടോപ്പ് കംപ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കാനുള്ള അനുമതിയുമുണ്ടാകും. ഗൂഗിൾ ഹോം അല്ലെങ്കിൽ ആമസോൺ ഇക്കോ തുടങ്ങിയ ശബ്ദ നിയന്ത്രിതമായ ഉപകരണങ്ങളും ഉപയോഗിക്കാം. എന്നാൽ സ്വന്തമോ മറ്റുള്ളവരുടെയോ സ്മാർട് ഫോണോ ടാബ്ലറ്റോ ഉപയോഗിക്കാൻ പറ്റില്ല. മത്സരത്തിനിറങ്ങി ആറു മാസം മാത്രമെ സ്മാർട് ഫോണിൽ നിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞുള്ളൂവെങ്കിൽ നിരാശപ്പെടേണ്ടി വരില്ല. 10,000 ഡോളർ (ഏതാണ്ട് 7.2 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. 

ലഭിക്കുന്ന എന്‍ട്രികളുടെ ക്രിയാത്മകത, നർമം, മൗലികത എന്നിവയും അവരുടെ ബ്രാൻഡുമായി എത്രത്തോളം ഒത്തുപോകുമെന്നതും പരിശോധിച്ച ശേഷമാകും വിജയികളെ കണ്ടെത്തുകയെന്നു വിറ്റാമിൻവാട്ടർ കമ്പനി വ്യക്തമാക്കി. വ്യവസ്ഥകൾക്കു വിധേയമായി ഒരു വർഷം ജീവിക്കാമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാകും മത്സരത്തിലെ പങ്കാളിത്തം. ഒരു വർഷം പൂർത്തിയാക്കുന്നവർ ഈ കാലയളവിൽ സ്മാർട് ഫോൺ ഉപയോഗിച്ചിട്ടില്ലെന്നു ഉറപ്പുവരുത്താനായി നുണപരിശോധനക്കു വിധേയരാകേണ്ടി വരും.