Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മാപ്പിനു പിന്നിൽ വൻ കള്ളക്കളികൾ, കൈയ്യോടെ പിടികൂടിയത് തമിഴ്നാട് സ്വദേശി

Kalyanaraman-Shankari

തിരുവനന്തപുരം∙ ഗൂഗിളിന്റെ നിരീക്ഷണവലയത്തെക്കുറിച്ച് ലോകമാകെ ചർച്ച ചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ഈ വിദഗ്ധമായ ചാരപ്പണിയുടെ വിവരങ്ങൾ അന്നു പുറത്തുകൊണ്ടുവന്നതിൽ നിർണായ പങ്കുവഹിച്ചത് തമിഴ്നാട് സ്വദേശിയായ ഗവേഷകയായിരുന്നു. യുഎസിലെ ബെർൿലി സർവകലാശാലയിൽ ഗവേഷകയും വിവിധ കമ്പനികളിൽ സീനിയർ എൻജിനീയറുമായിരുന്ന കല്യാണരാമൻ ശങ്കരിയുടെ ബ്ലോഗ് പോസ്റ്റാണ് രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസും (എപി) പ്രിൻസ്റ്റൺ സർവകലാശാലയും ചേർന്നുള്ള അന്വേഷണത്തിലേക്ക് നയിച്ചത്. ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്താലും ഗൂഗിൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ശങ്കരിയുടെ കണ്ടെത്തൽ. പരിമിതമായ ലൊക്കേഷൻ ഹിസ്റ്ററിയുടെ സഹായത്തോടെ നഗരവികസനം, ഗതാഗത ഏകോപനം മുതലായവ നടത്തുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശങ്കരി മാസങ്ങളോളമാണ് ഗൂഗിളിന്റെ ഉറക്കം കെടുത്തിയത്. തഞ്ചാവൂരിലാണ് ശങ്കരിയുടെ കുടുംബവീട്. ഭർത്താവും കുട്ടികൾക്കുമൊപ്പം യുഎസിലാണ്. വെളിപ്പെടുത്തൽ പുറത്തുവന്ന ശേഷം നേരിട്ടുള്ള ചർച്ചയ്ക്ക് ശങ്കരിയെയും അസോഷ്യേറ്റഡ് പ്രസ് അംഗങ്ങളെയും ഗൂഗിൾ ക്ഷണിച്ചിരിന്നുവെന്ന് ശങ്കരി 'മനോരമ'യോടു പറഞ്ഞു.

∙ എങ്ങനെയാണ് ഗൂഗിളിന്റെ കള്ളക്കളി കണ്ടെത്തിയത്?

കാലിഫോർണിയയിലെ മൗണ്ടൻവ്യൂവിലാണ് ഞാൻ താമസിക്കുന്നത്. മാസങ്ങൾക്കു മുൻപ് സമീപത്തുള്ള റീട്ടെയിൽ സ്റ്റോറിൽ പോയി മടങ്ങിയപ്പോൾ ഫോണിലൊരു നോട്ടിഫിക്കേഷൻ എത്തി, കടയിലെ അനുഭവം എങ്ങനെയുണ്ടെന്ന് വിലയിരുത്താൻ ഗൂഗിൽ മാപ്പിന്റെ സന്ദേശമായിരുന്നു. ലൊക്കേഷൻ ഹിസ്റ്ററിയും മറ്റും ഓഫു ചെയ്തിരുന്ന ഫോൺ ഞാനവിടെയെത്തിയെന്ന് എങ്ങനെ അറിഞ്ഞു എന്ന അന്വേഷണമാണ് സംഭവം ഇവിടെ വരെയെത്തിച്ചത്. പല തവണ പരീക്ഷണ നടത്തിനോക്കി. ബെർ‍ക്ലി സർവകലാശാലയിലെ ബ്ലോഗ് കണ്ടിട്ടാണ് എപി ടീം സമീപിച്ചത്. അവർ ഇതേ പരീക്ഷണം പലയിടത്തും ആവർത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് പ്രിൻസ്റ്റൺ സർവകലാശാലയെ ഏൽപ്പിച്ചു.

∙ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമാകമല്ലേ?

ഒരു റോഡിലൂടെ പോകുന്നവരുടെ തത്സമയ പശ്ചാത്തല ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചാൽ മികച്ച നഗരാസൂത്രണം നടത്താൻ പോലും കഴിയും. എന്റെ പിഎച്ച്ഡി പോലും അതിലായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങൾക്ക് ഉപയോക്താക്കളുടെ അനുമതി തേടുന്നില്ലെന്നതാണ് ഗൂഗിൾ ചെയ്ത കുറ്റം. വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് പറയുന്ന ഗൂഗിൾ രഹസ്യമായി വിവരശേഖരണം നടത്തുന്നതാണ് തെറ്റ്. നിരീക്ഷിക്കപ്പെടാതിരിക്കാനുള്ള അവകാശവും ഉപയോക്താവിനുണ്ട്.

∙ ഉന്നയിച്ച വിഷയങ്ങൾക്കു ഗൂഗിളിന്റെ മറുപടി?

ഔദ്യോഗിക മറുപടികളില്ല. അസോഷ്യേറ്റഡ് പ്രസ് ലേഖകനെയും എന്നെയും നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരുടെ സ്വകാര്യതാനയങ്ങളിൽ മാറ്റം വന്നതിനെകുറിച്ച് സംസാരിക്കാനായിരുന്നു. യൂറോപ്പിലെ സ്വകാര്യതാ നിയമമായ ജിഡിപിആർ വന്ന ശേഷം ഗൂഗിൾ ഇത്തരം കാര്യത്തിൽ വ്യക്തമായ മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്.

∙ വിവാദങ്ങൾക്കു കാരണം

ഗൂഗിൾ മാപ്പിന്റെയും മറ്റ് ഗൂഗിൾ ആപ്പുകളുടെ പ്രവർത്തനങ്ങൾക്കായി വ്യക്തികളുടെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) വഴിയുള്ള വിവരങ്ങൾ ഗൂഗിൾ ഓരോ മിനിറ്റിലും ശേഖരിക്കുന്നുവെന്ന് കണ്ടെത്തൽ. ഈ സേവനം ഓഫ് ചെയ്താൽ പോലും രഹസ്യമായി ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലാണ് വിവാദമായത്.

∙ സ്വകാര്യതാ ലംഘനം

ലൊക്കേഷൻ ഹിസ്റ്ററി എന്ന സേവനം ഓഫുചെയ്താൽ നിങ്ങൾ പോകുന്ന സ്ഥലങ്ങൾ ഗൂഗിൾ ഓർത്തുവയ്ക്കില്ലെന്നായിരുന്നു ഗൂഗിളിന്റെ വാദം. എന്നാൽ ലൊക്കേഷൻ ഹിസ്റ്ററി വഴിയല്ലാതെ എല്ലാ വഴികളും ട്രാക്ക് ചെയ്യപ്പെടുന്നു.സർക്കാർ, പൊലീസ് ഉൾപ്പടെയുള്ള ഏജൻസികൾക്ക് പൗരന്മാരെ നിരീക്ഷിക്കാൻ ഇത് സഹായകരമാകുമെന്നും വിമർശനം ഉയർന്നു. ഉപയോക്താവ് നിൽക്കുന്ന സ്ഥലം അറിഞ്ഞ് അതിനനുസരിച്ച് പ്രതികരിക്കാൻ കഴിയുന്നതിനാണ് ഈ നിരീക്ഷണമെന്ന് എന്ന് ഗൂഗിൾ.

∙ ഗൂഗിൾ നിരീക്ഷണത്തിൽ നിന്നു എങ്ങനെ പുറത്തുകടക്കാം?

– ഗൂഗിൾ അക്കൗണ്ട് തുറക്കുക (https://myactivity.google.com/myactivity)
– വലതുവശത്ത് മുകളിലുള്ള ആക്റ്റിവിറ്റി കണ്ട്രോൾസ് ടാബ് തുറക്കുക.
– വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റിയും ലൊക്കേഷൻ ഹിസ്റ്ററിയും ഓഫുചെയ്യുക.