Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ പണമിടപാടുകൾ ശ്രദ്ധിച്ചുവേണമെന്ന് പൊലീസ് മുന്നറിയിപ്പ് പോസ്റ്റ്

online-baking

എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തണമെങ്കിൽ മൊബൈലിൽ ലഭിക്കുന്ന ഒടിപി കൂടി നൽകണമെന്നറിയാമല്ലോ... എന്നിട്ടും റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിൽ ഒടിപി വരാതെ തന്നെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്ന പല പരാതികളും ഉയരുന്നുണ്ട്.

ഇന്ത്യയിൽ 2000 രൂപയിൽ കൂടുതലുള്ള എല്ലാ ‘കാർഡ് നോട്ട് പ്രെസെന്റ്’ ഇടപാടുകൾക്കും അഡീഷണൽ ഓതന്റിക്കേഷൻ ഫാക്ടർ (AFA) ആയി ഒടിപി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടായിരത്തിനു താഴെയുള്ള ഇടപാടുകളിൽ ഇത് ഒപ്‌ഷനലാണ്. ആർബിഐയുടെ നിബന്ധന ഉള്ളതിനാൽ, രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും ഒടിപി സംവിധാനം ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്.

മറ്റെല്ലാ രാജ്യങ്ങളിലും ഇത്തരത്തിൽ ഒടിപി സംവിധാനം നിർബന്ധമല്ല. കേവലം കാർഡ് നമ്പർ, എക്സ്പയറി തീയതി, CVV നമ്പർ എന്നിവ ഉണ്ടെങ്കിൽ പല വിദേശ പെയ്‌മെന്റ് ഗേറ്റ് വേകളും ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താം. നമ്മുടെ കാർഡ് വിവരങ്ങൾ ഏതെങ്കിലും ഫിഷിങ് സൈറ്റ് വഴിയോ പിഒഎസ് മെഷീനിലെയോ എടിഎം മെഷീനിലെ സ്കിമ്മർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലോ നഷ്ടപ്പെട്ടുപോയാൽ ഈ കാർഡ് വിവരങ്ങൾ വിദേശ പേയ്‌മെന്റ് ഗേറ്റ് വേകൾ വഴി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

കാർഡ് വിവരങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ഉപയോഗിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കുക. വ്യാജസൈറ്റുകൾ തിരിച്ചറിയുക
2. കടകളിലും മറ്റും നമ്മുടെ കൺമുൻപിൽ വെച്ച് മാത്രം കാർഡ് ഉപയോഗിക്കാൻ അനുവദിക്കുക
3. സൈറ്റ് വിവരങ്ങൾ സെർച്ച് എൻജിൻ വഴി ആക്സസ് ചെയ്യാതെ മുഴുവൻ സൈറ്റ് അഡ്രസ്സും നേരിട്ട് ടൈപ്പ് ചെയ്യാൻ ശ്രദ്ധിക്കുക
4. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും മറ്റും കാർഡ് വിവരങ്ങൾ സേവ് ചെയ്തു വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
5. അക്കൗണ്ടുകളിൽ ഈ-കോമേഴ്‌സ് സൗകര്യം ആവശ്യമുണ്ടെങ്കിൽ മാത്രം ബാങ്കുകൾ മുഖേന പ്രവർത്തനക്ഷമമാക്കുക
6. പറ്റുമെങ്കിൽ, ഓൺലൈൻ ഇടപാടുകൾക്ക് മാത്രമായി പ്രത്യേകം അക്കൗണ്ട് ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെയെങ്കിലും തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാം.

OTP ബൈപാസ് ചെയ്യുന്ന തരം തട്ടിപ്പുകൾ അസാധ്യമെന്നല്ല, വിദേശ ഗേറ്റ് വെകൾ വഴിയുള്ള ഇടപാടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. OTP ചോദിച്ചു വിളിക്കുമ്പോൾ അതു നൽകുന്നത് കൊണ്ടാണ് ബഹുഭൂരിഭാഗം പേർക്കും അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്.

(കടപ്പാട്:കെ.എം.അബ്ദുൽ സലാം, സീനിയർ മാനേജർ (ഐ.ടി) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)